വിമാനയാത്രക്കാര്‍ക്ക് പെരുമാറ്റച്ചട്ടം: മോശം പെരുമാറ്റത്തിന് 2 വര്‍ഷം വിലക്ക്

By Karthick

Friday 08 Sep 2017 20:19 PM

ന്യൂഡല്‍ഹി: വിമാനങ്ങളില്‍ മോശമായി പെരുമാറുന്നവര്‍ക്കെതിരെ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. മോശമായി പെരുമാറുന്നവരെ മൂന്ന് മാസം മുതല്‍ രണ്ട് വര്‍ഷം വരെ വിലക്കുന്നതാണ് പുതിയ ചട്ടങ്ങള്‍. വ്യോമയാന മന്ത്രി അശോക് ഗണപതി രാജുവാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

മൂന്ന് തരത്തിലുള്ള വിലക്കുകളാണ് ഉണ്ടാവുക. ആംഗ്യങ്ങള്‍ കൊണ്ടും വാക്കുകള്‍ കൊണ്ടും മറ്റുള്ളവരെ ശല്യപ്പെടുത്തിയാല്‍ പരമാവധി മൂന്ന് മാസം വരെ വിലക്കാനാണ് തീരുമാനം. അനാവശ്യമായി ആരെയെങ്കിലും മര്‍ദിക്കുകയോ സ്പര്‍ശിക്കുകയോ ചെയ്യുന്നതെല്ലാം രണ്ടാം വിഭാഗത്തില്‍ വരും ഇതിന് ആറ് മാസം വരെ വിലക്ക് ലഭിക്കും. ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍, വിമാനത്തിന് കേടുപാടുണ്ടാക്കുക എന്നിങ്ങനെയുള്ള ഗൗരവകരമായ കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ വിലക്ക് ഏര്‍പ്പെടുത്താനാണ് തീരുമാനം.

വിരമിച്ച ജഡ്ജിയുള്‍പ്പെടുന്ന കമ്മിറ്റിയായിരിക്കും യാത്രക്കാരുടെ വിലക്ക് സംബന്ധിച്ച് അന്തിമ തീരുമാനം ഏടുക്കുക. കുറ്റം നടന്ന് ഒരു മാസത്തിനകം ഇതുസംബന്ധിച്ച് കേസില്‍ തീരുമാനമാകും. ശിവസേന എം.പി രവീന്ദ്ര ഗെയ്ക്‌വാദ് വിമാനത്തില്‍ ജീവനക്കാരനോട് മോശമായി പെരുമാറിയ സംഭവമുണ്ടായതോടെയാണ് ഇതിനെതിരെ സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കിയത്.