ബസ് മറിഞ്ഞ് അമല്‍ ജ്യോതി എന്‍ജിനിയറിംഗ് കോളജിലെ രണ്ടു വിദ്യാര്‍ഥിനികള്‍ മരിച്ചു

By Karthick

Saturday 09 Sep 2017 20:07 PM

കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനിയറിംഗ് കോളജില്‍ നിന്നു പഠനയാത്രയ്ക്കു പോയ വിദ്യാര്‍ഥികളുടെ സംഘം സഞ്ചരിച്ച ബസ് കര്‍ണാടകത്തിലെ ചിക്മംഗളൂരില്‍ അപകടത്തില്‍പ്പെട്ട് രണ്ടു വിദ്യാര്‍ഥിനികള്‍ മരിച്ചു.

ഐറിന്‍ മരിയ ജോര്‍ജ്, മെറിന്‍ സെബാസ്റ്റ്യന്‍ എന്നീ വിദ്യാര്‍ഥികളാണ് മരിച്ചതെന്ന് കോളജ് വൃത്തങ്ങള്‍ അറിയിച്ചു. സുല്‍ത്താന്‍ ബത്തേരി കൊടുവട്ടി പുത്തന്‍കുന്ന് പാലിയത്ത്‌മോളേല്‍ പി.ടി. ജോര്‍ജിന്‍റെയും എലിസബത്തിന്‍റെയും മകളാണ് ഐറിന്‍. മുണ്ടക്കയം വരിക്കാനിവളയത്തില്‍ ദേവസ്യ കുരുവിളയുടെയും റീനാമ്മയുടെയും മകളാണ് മെറിന്‍.

ഗുരുതരമായി പരിക്കേറ്റ ഒരു വിദ്യാര്‍ഥിയെ മംഗലാപുരം കസ്തൂര്‍ബാ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. 12 വിദ്യാര്‍ഥികള്‍ക്കു പരിക്കേറ്റു. ഇന്നലെ രാത്രി എട്ടുമണിയോടെ ചിക്മംഗളൂരില്‍ മാഗഡി അണക്കെട്ടിനു സമീപമാണ് അപകടം.

ഇലക്‌ട്രോണിക് ആന്‍ഡ് കമ്യൂണിക്കേഷന്‍ മൂന്നാം വര്‍ഷ ബാച്ചിലെ 74 വിദ്യാര്‍ഥികള്‍ രണ്ടു ബസുകളിലായി അധ്യാപകര്‍ക്കും രക്ഷിതാക്കളുടെ പ്രതിനിധികള്‍ക്കുമൊപ്പം കഴിഞ്ഞ ചൊവ്വാഴ്ചയാണ് യാത്ര പുറപ്പെട്ടത്. ബംഗളൂരു, മൈസൂരു, കൂര്‍ഗ് എന്നിവിടങ്ങളിലെ വിവിധ സ്ഥാപനങ്ങളും മറ്റും സന്ദര്‍ശിച്ചശേഷം ഇന്നലെ രാത്രി ചിക്മംഗളൂരില്‍ മാഗഡി അണക്കെട്ടിനടുത്ത് എത്തിയപ്പോഴാണ് അപകടം. സംഘം ഞായറാഴ്ച മടങ്ങിയെത്തേണ്ടതായിരുന്നു. കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് ബസ് കുഴിയിലേക്ക് മറിയുകയായിരുന്നെന്നാണ് അറിയാന്‍ കഴിഞ്ഞത്. സംഭവമറിഞ്ഞ് അന്‍പതോളം മലയാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന് സ്ഥലത്തെത്തിയിട്ടുണ്ട്.