റവ. ഡോ. ഉമ്മന്‍ ജോര്‍ജ് കൊല്ലം -കൊട്ടാരക്കര മഹായിടവക ബിഷപ്

By Karthick

Saturday 09 Sep 2017 20:07 PM

കോട്ടയം: സിഎസ്‌ഐ സഭ പുതുതായി രൂപീകരിച്ച കൊല്ലം- കൊട്ടാരക്കര മഹായിടവകയുടെ പ്രഥമ ബിഷപ്പായി സിഎസ്‌ഐ മധ്യകേരള മഹായിടവക വൈദിക സെക്രട്ടറിയും കഞ്ഞിക്കുഴി അസന്‍ഷന്‍ ചര്‍ച്ച് വികാരിയുമായ റവ. ഡോ.ഉമ്മന്‍ ജോര്‍ജ് (61) തിരഞ്ഞെടുക്കപ്പെട്ടു. ചെന്നൈയില്‍ സിഎസ്‌ഐ സിനഡ് ആസ്ഥാനത്തു മോഡറേറ്റര്‍ ബിഷപ് തോമസ് കെ.ഉമ്മന്റെ അധ്യക്ഷതയില്‍ കൂടിയ സമിതിയാണു റവ. ഡോ. ഉമ്മന്‍ ജോര്‍ജിനെ തിരഞ്ഞെടുത്തത്.

സ്ഥാനാഭിഷേകം നാളെ 3.30നു കൊല്ലം സിഎസ്‌ഐ കത്തീഡ്രലില്‍ മോഡറേറ്ററുടെ മുഖ്യകാര്‍മികത്വത്തില്‍. കേരള റീജനല്‍ സിനഡ് സെക്രട്ടറിയായിരുന്ന റവ. ഡോ. ഉമ്മന്‍ ജോര്‍ജ് സിഎസ്‌ഐ സഭയിലെ സുവിശേഷകനായിരുന്ന കോഴഞ്ചേരി പുന്നയ്ക്കാട്ട് മലയില്‍ പരേതനായ കെ.സി.ജോര്‍ജിന്റെയും മല്ലപ്പള്ളി പനവേലില്‍ പരേതയായ റേച്ചലിന്റെയും മകനാണ്. കോട്ടയം സിഎംഎസ് കോളജ്, ചെന്നൈ ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി എന്നിവിടങ്ങളിലെ പഠനത്തിനുശേഷം കണ്ണമ്മൂല വൈദിക സെമിനാരിയില്‍ വേദശാസ്ത്രത്തില്‍ ബിരുദം.

തുടര്‍ന്ന് അമേരിക്കയിലെ ഷിക്കാഗോയില്‍ നിന്നു ഡോക്ടറേറ്റ്. മുണ്ടത്താനം, ഞാലിയാകുഴി, മാവേലിക്കര, ഷിക്കാഗോ, മാമ്മൂട്, നെടുങ്ങാടപ്പള്ളി, മൂലേടം, കഞ്ഞിക്കുഴി എന്നീ ഇടവകകളില്‍ വികാരിയായി. ഭാര്യ ഏലിയാമ്മ ഉമ്മന്‍, മക്കള്‍: ഡയാന, ലീസ, ലീന. മരുമകന്‍: സിബിച്ചന്‍.