വെളിയനാട് സംസ്കൃതി 2017 സംഗമം വന്‍ വിജയമായി

By Eswara

Monday 11 Sep 2017 07:40 AM

വെളിയനാട് എന്‍.എസ്.എസ്. ഹൈസ്കൂളില്‍ നിന്നും 1975 വരെ പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളുടെ സംഗമം വെളിയനാട് എല്‍.പി.ജി. സ്കൂള്‍ അങ്കണത്തില്‍ 2017 സെപ്റ്റംബര്‍ 9 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ നടന്നു. ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങില്‍ ഈ ലോകത്തുനിന്ന് എന്നെന്നേക്കുമായി വേര്‍പിരിഞ്ഞ സഹപാഠികളെയും അദ്ധ്യാപകരെയും അനുസ്മരിച്ചു. വെളിയനാട് സംസ്കൃതി 2017ന്റെ സെക്രട്ടറി എന്‍.കെ. സദാനന്ദന്‍ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് എന്‍. ശശിധരന്‍, തന്റെ അധ്യക്ഷപ്രസംഗത്തില്‍, വളരെക്കാലമായി ഇങ്ങനെയൊരു സംഗമത്തെക്കുറിച്ചു സ്വപ്നം കണ്ടിരുന്നുവെന്നും അത് സാധിക്കുന്നതിന് തന്നോടൊപ്പം പ്രവര്‍ത്തിച്ച എല്ലാ ഭാരവാഹികളെയും അഭിനന്ദിക്കുകയും ചെയ്തു.

ഓള്‍ കേരള ഡ്രഗ്‌സ് ആന്‍ഡ് കെമിസ്റ്റിന്റെ സംസ്ഥാന പ്രസിഡന്റുകൂടിയായ എ.എന്‍. മോഹനക്കുറുപ്പ് വെളിയനാട് സംസ്കൃതിയുടെ പ്രവര്‍ത്തനത്തെപ്പറ്റി വിശദീകരിച്ചു. മുഖ്യാതിഥിയായി സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥികൂടിയായ ജി. മോഹനകുമാര്‍, ഐ.പി.എസ്. പങ്കെടുത്തു സംസാരിക്കുകയും ഇത്തരം ഒരു സംഗമം സംഘടിപ്പിച്ചതില്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.

പൂജനീയ സര്‍വ്വശ്രീ പി. ചന്ദ്രികാമ്മ, വിജയമ്മ, പി.എന്‍. ദിനേശന്‍, സുഭദ്രക്കുട്ടിയമ്മ, ശാന്തമ്മ, രത്‌നമ്മ, തങ്കമണിയമ്മ, എന്നീ പൂര്‍വ അധ്യാപകര്‍ പങ്കെടുക്കുകയും അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു. ചടങ്ങില്‍ അവരെ പൊന്നാട അണിയിച്ച് ആദരിച്ചു.

പൂര്‍വ വിദ്യാര്‍ത്ഥികളുടെ സ്‌നേഹസംവാദത്തില്‍ ഓര്‍മ്മ പുതുക്കുകയും കുടുംബാംഗങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തു.

വെളിയനാട് എല്‍.പി.ജി. സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി ഷാഹിദാ ബീവി, അദ്ധ്യാപകരക്ഷാകര്‍ത്തൃ സമിതി പ്രസിഡന്റ് ശ്രീജിത്ത് സോമനാഥന്‍, എസ്.എം.സി. ചെയര്‍പേഴ്‌സണ്‍ ശ്രീമതി ഷീബ, എസ്. എം. സി. വൈസ് ചെയര്‍മാന്‍ ഉല്ലാസ്, അജയഘോഷ് എന്നിവര്‍ ആശംസാ പ്രസംഗം ചെയ്തു. ട്രഷറര്‍ സൈമണ്‍ പി. സര്‍പ്പത്തില്‍ കൃതജ്ഞത രേഖപ്പെടുത്തി. എം.ഡി. ഓമനക്കുട്ടന്‍ അവതാരകനായി പ്രവര്‍ത്തിച്ചു.

വിഭവസമൃദ്ധമായ ഓണസദ്യയോടെയും പങ്കെടുത്തവരിലെ അംഗങ്ങളുടെ കലാപരിപാടികളോടെയും പരിപാടി പര്യവസാനിച്ചു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍