നാദിര്‍ഷായെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു, അറസ്റ്റ് ചെയ്‌തെന്ന് സൂചന

By Karthick

Monday 11 Sep 2017 07:47 AM

കൊച്ചി: യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ നിരീക്ഷണത്തിലായിരുന്ന, സംവിധായകനും നടനുമായ നാദിര്‍ഷായെ സ്വകാര്യആശുപത്രിയില്‍നിന്നു പൊലീസ് ഇടപെട്ട് രാത്രി വൈകി ഡിസ്ചാര്‍ജ് ചെയ്യിച്ചെന്നു സൂചന. എന്നാല്‍ നാദിര്‍ഷായെ കസ്റ്റഡിയില്‍ എടുത്തതായി സ്ഥിരീകരിക്കാന്‍ പ്രത്യേക അന്വേഷണസംഘം തയാറായില്ല.

കേസില്‍ അറസ്റ്റിലായ പ്രതി ദിലീപിനെയും നാദിര്‍ഷായെയും അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരായ തെളിവെടുപ്പ് പൂര്‍ത്തിയാകുന്നതോടെ നാദിര്‍ഷായെയും അറസ്റ്റുചെയ്യുമെന്ന് സൂചനയുണ്ടായതിനെത്തുടര്‍ന്ന് നാദിര്‍ഷാ സമര്‍പ്പിച്ച മൂന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസില്‍ അറസ്റ്റ് തടയണമെന്ന നാദിര്‍ഷായുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. നാദിര്‍ഷായെ കസ്റ്റഡിയില്‍ എടുത്താല്‍ത്തന്നെ വിശദമായ ചോദ്യം ചെയ്യലിനുശേഷമേ അറസ്റ്റിനു സാധ്യതയുള്ളൂ. നാദിര്‍ഷാ ഒരു വാഹനത്തില്‍ പുറത്തേക്കുപോയതായാണു ദൃക്‌സാക്ഷികള്‍ നല്‍കുന്ന സൂചന. നാദിര്‍ഷായുടെ കാര്‍ ആശുപത്രിവളപ്പില്‍ത്തന്നെയുണ്ട്.