തോക്കുപയോഗിച്ച് ശബ്ദത്തെ നിശബ്ദമാക്കുന്നു: കമല്‍ഹാസന്‍

By Karthick

Monday 11 Sep 2017 20:28 PM

ചെന്നൈ: മാധ്യമപ്രവര്‍ത്തകയും സാമൂഹിക പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിന്റെ വധത്തില്‍ അപലപിച്ച് ദക്ഷിണേന്ത്യന്‍ താരം കമല്‍ഹാസന്‍. വാദപ്രതിവാദത്തില്‍ ജയത്തിനുള്ള ഏറ്റവും ഹീനമായ മാര്‍ഗമാണ് അക്രമം. തോക്കുപയോഗിച്ച് ശബ്ദത്തെ നിശബ്ദമാക്കുകയെന്നത് ഏറ്റവും ഹീനമായ മാര്‍ഗമാണ്. ഗൗരി ലങ്കേഷിന്റെ മരണത്തില്‍ ദുഃഖിക്കുന്ന എല്ലാവരോടും അനുശോചനം അറിയിക്കുന്നുവെന്നും കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു.

തീവ്ര ഹിന്ദുത്വവാദത്തിന്റെ കടുത്ത വിമര്‍ശകയായിരുന്ന ഗൗരി ലങ്കേഷ് സെപ്റ്റംബര്‍ അഞ്ചിനാണ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചത്. ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലുള്ള വസതിയില്‍ വച്ചാണ് കൊലപാതകം നടന്നത്. "ഗൗരി ലങ്കേഷ് പത്രികെ' എഡിറ്ററായ ഗൗരി, കര്‍ണാടകയിലെ വിവിധ മാധ്യമങ്ങളില്‍ കോളമെഴുത്തുകാരിയുമായിരുന്നു. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പി.ലങ്കേഷിന്റെ മകളാണ്. സാമൂഹ്യപ്രവര്‍ത്തക കൂടിയായിരുന്ന ഗൗരി ലങ്കേഷ്, മാവോയിസ്റ്റുകള്‍ക്കിടയിലും പ്രവര്‍ത്തിച്ചിരുന്നു.