ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ ടിയര്‍ ഗ്യാസ് പ്രയോഗം; ആറുപേര്‍ക്ക് പരിക്ക്

By Karthick

Tuesday 12 Sep 2017 14:27 PM

ബെര്‍ലിന്‍: ഫ്രാങ്ക്ഫര്‍ട്ട് അന്താരാഷ്ട്ര എയര്‍പോര്‍ട്ടിന്‍റെ ടെര്‍മിനല്‍ ഒന്നിലെ ചെക്ക് ഇന്‍ കൗണ്ടറില്‍ ടിയര്‍ ഗ്യാസ് പ്രയോഗത്തെ തുടര്‍ന്ന് ആറു യാത്രക്കാര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് ഏതാനും മണിക്കൂര്‍ നേരത്തേയ്ക്ക് ടെര്‍മിനല്‍ അടച്ചുവെങ്കിലും പിന്നീട് പ്രവര്‍ത്തനം സാധാരണ നിലയിലായി.

തിങ്കളാഴ്ച രാവിലെയാണ് സംഭവം. യാത്രക്കാര്‍ക്ക് ശ്വാസതടസം ഉണ്ടായതായിട്ടാണ് റിപ്പോര്‍ട്ട്. അഗ്‌നിശമനസേന ഉടന്‍തന്നെ എത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാല്‍ കൂടുതല്‍ പേരെ പരിക്കില്‍ നിന്നും രക്ഷിച്ചു. സംഭവത്തിന്‍റെ ഉറവിടം വ്യക്തമല്ല. അന്വേഷണം തുടരുകയാണ്. അജ്ഞാതന്‍ ഗ്യാസ് പ്രയോഗം നടത്തിയെന്നാണ് ജര്‍മന്‍ പത്രം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.

എന്നാല്‍ വാരാന്ത്യത്തിലെ ശനിയാഴ്ച വൈകുന്നേരം ബോംബ് ഭീഷണിയെ തുടര്‍ന്ന് ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടിന്‍റെ ടെര്‍മിനല്‍ ഒന്ന് ഭാഗികമായി ഒഴിപ്പിച്ചിരുന്നു. 37 കാരനായ ഒരാളുടെ ഭാഗിനുള്ളില്‍ ബോംബുണ്ടെന്ന കാര്യം എയര്‍പോര്‍ട്ടിലെ ടാക്‌സി ഡ്രൈവറാണ് പോലീസിനെ അറിയിച്ചത്. ഇതിനെ തുടര്‍ന്നാണ് ഒഴിപ്പിക്കല്‍ നടപടിയുണ്ടായത്. ടെര്‍മിനല്‍ ഒന്നും അടിയിലേയ്ക്കുള്ള ദീര്‍ഘദൂര റെയില്‍വേ സ്റ്റേഷനും കവാടങ്ങളും പൂര്‍ണമായും അടച്ചിരുന്നു. ബോംബു വിദഗ്ധര്‍ നടത്തിയ അന്വേഷണത്തില്‍ ഒരാളുടെ ബാഗില്‍ നിന്ന് കുറെ കംപ്യൂട്ടര്‍ പാര്‍ട്‌സുകളും പൊട്ടിത്തെറിക്കുന്ന ലായനിയടങ്ങിയ കുപ്പിയും കണ്ടടുത്തിരുന്നു. ഇയാളെ ഉടന്‍തന്നെ അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ മാനസിക വിഭാന്ത്രിയുള്ള ആളാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.ജര്‍മനിയിലെ ഏറ്റവും തിരക്കേറിയ എയര്‍ ഹബ്ബാണ് ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍