ഊഞ്ഞാലും ഓണക്കളികളും ഓണപ്പാട്ടുകളും പൂവട്ടികളും പൂക്കളങ്ങളുമായി ഓണാഘോഷം.


ഷിക്കാഗോ: ഊഞ്ഞാലും ഓണക്കളികളും ഓണപ്പാട്ടുകളും പൂവട്ടികളും പൂവിളിയാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പൂക്കളങ്ങളാല്‍ അലംകൃതമായ തറവാട്ട് മുറ്റത്ത്, കുളിച്ച് കുറിയിട്ട് കണ്ണെഴുതി കോടിയുടുത്തൊരുങ്ങിയ കുടുംബാംഗങ്ങള്‍, സദ്യയില്‍, വസ്ത്രധാരണരീതീയില്‍, ആത്മീയ പരിവേഷത്തില്‍, പരിശുദ്ധിയില് ഇങ്ങനെ എല്ലാത്തിലും കേരളത്തനിമ നിലനിര്ത്തിയ അന്തരീക്ഷത്തില്‍ എഴാം കടലിനിക്കരെ ഗീതാമണ്ഡലം തറവാട്ട് മുറ്റത്ത് നൂറുകണക്കിന് കുടുംബാംഗങ്ങള്‍ ഒരുമിച്ച് തിരുവോണം ആഘോഷിച്ചു.

അമേരിക്കയില്‍ ആദ്യമായി ആരംഭിച്ച അത്തച്ചമയ ഘോഷയാത്രയോടെ തുടങ്ങിയ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ ഇക്കഴിഞ്ഞ ശനിയാഴ്ച്ചയോടെ അവസാനിച്ചു. ഈ വര്‍ഷത്തെ തിരുവോണദിനം ആരംഭിച്ചത് അഷ്ടമിരോഹിണി പൂജയോടെയാണ്. പ്രസന്നന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അഷ്ടോത്തര അര്‍ച്ചനയും നൈവേദ്യ സമര്‍പ്പണത്തിനും ശേഷം നാരായണീയ പാരായണവും നടത്തി. തുടര്‍ന്ന് ഗീതാമണ്ഡലം ചെണ്ടമേളം ഗ്രൂപ്പിന്റെ വാദ്യ ഘോഷത്തോടെ ഉണ്ണിക്കണ്ണനേയുംകൊണ്ട് ഭക്തിസാന്ദ്രമായ ഘോഷയാത്രയും നടത്തി. തിരിച്ച് ക്ഷേത്രാങ്കണത്തില്‍ ഭഗവാന്‍ എത്തിയശേഷം കുട്ടികള്‍ള്‍ക്ക് ആഹ്‌ളാദത്തിന്റെ പരമകാഷ്ഠ നല്കികൊണ്ട് അതിവിപുലമായ രീതിയില്‍ ഭഗവാന്റെ ഇഷ്ട വിനോദമായ ഉറിയടി നടത്തി. ഈ വര്‍ഷത്തെ ഉറിയാടിയില്‍ പങ്കെടുക്കുവാന്‍ വളരെ അധികം കുട്ടികള്‍ ചിക്കാഗോയില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്നിരുന്നു.

രാവിലെ കൃത്യം പത്തരയ്ക്ക് ആര്‍പ്പ് വിളികളോടെയും വാദ്യഘോഷങ്ങളോടെയും, പുഷ്പാഭിഷേകത്തോടെയും തൃക്കാക്കരയപ്പനെ ഗീതാമണ്ഡലം തറവാട്ടിലേക്ക് ആനയിച്ചു കൊണ്ടു വന്ന ശേഷം, തറവാട്ട് ക്ഷേത്രാങ്കണത്തില്‍ ഭഗവാന് വിശേഷാല്‍ പൂജയും വാമനാവതാര പാരായണവും അഷ്ടോത്തര അര്‍ച്ചനയും, നൈവേദ്യ സമര്‍പ്പണവും പുഷ്പാഭിഷേകവും നടത്തി. തുടര്‍ന്ന് 2017 ലെ ഓണാഘോഷ പരിപാടികള്‍ ആരംഭിച്ചു.

ഇന്നോളം അമേരിക്കയില്‍ ഒരുക്കിയിട്ടുള്ള ഓണ പൂക്കളങ്ങളില്‍ വെച്ച് ഏറ്റവും വലിയതും അതിമനോഹരമായ പൂക്കളം ആണ് ഗീതാമണ്ഡലം ഈ വര്‍ഷംഗീതാമണ്ഡലം അങ്കണത്തില്‍ ഒരുക്കിയിരുന്നത്. രേവതി രവീന്ദ്രന്‍, രശ്മി മേനോന്‍, അനിത പിള്ള, വിജയരവീന്ദ്രന്‍, ജയശ്രീ പിള്ള, മഞ്ജു പിള്ള, ശ്രുതി ഉണ്ണികൃഷ്ണന്‍, രമ്യ വിനീത്, രമ നായര്‍, എന്നിവരുടെ നേതൃത്വത്തില്‍ ഗീതാമണ്ഡലത്തിലെ സ്ത്രീകളും കുട്ടികളും ചേര്ന്നാ ണ് അതിമനോഹരമായ ഓണപ്പൂക്കളം തയ്യാറാക്കിയത്. അതുപോലെ ഡോക്ടര്‍ നിഷാ ചന്ദ്രന്റെയും ലക്ഷ്മി വാര്യരുടെയും നേതൃത്വത്തില്‍ 75 മലയാളി മങ്കമാര്‍, പ്രത്യകമായി നാട്ടില്‍ തയിച്ച് എടുത്ത ഓണപുടവയുടുത്താണ് ചിക്കാഗോയില്‍ ഇന്നോളം ആരും അനുഭവിച്ചിട്ടില്ലാത്ത അതി മനോഹരമായ കൈകൊട്ടിക്കളിയും തിരുവാതിര കളിയും സംഘടിപ്പിച്ചു. തുടര്‍ന്ന് ദേവി ശങ്കറിന്റെ നേതൃത്വത്തില്‍ ഗീതാമണ്ഡലത്തിലെ യുവാക്കളും യുവതികളും ചേര്ന്ന് അവതരിപ്പിച്ച അതിമനോഹരമായ നൃത്തവും ലക്ഷ്മി, പാര്‍വതി, സരസ്വതിമാരും അനുശ്രീയും അവതരിപ്പിച്ച മനോഹരമായ ഗാനങ്ങളും മറ്റു കലാപരിപാടികളും ഹൃദ്യമായ അനുഭവം ആണ് കുടുംബാംഗങ്ങള്‍ക്ക് പകര്‍ന്നു നല്കിയത്. ഗീതമണ്ഡലം കുടുംബാംഗവും മികച്ച കവിയത്രിയുമായ ലക്ഷ്മി നായരുടെ ഏറ്റവും പുതിയ കവിതയായ “എന്റെ ഓണം” എന്ന കവിത, ശ്രീമതി അനുശ്രീ ചൊല്ലിയപ്പോള്‍ കുടുംബാംഗങ്ങളെ ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മ്മകളിലേക്ക് കൂട്ടികൊണ്ടു പോയി. ഗീതാ മണ്ഡലത്തിലെ ഗീതാ ക്ലാസില്‍ പിഠിക്കുന്ന കുട്ടികള്‍ ഗുുരു ആനന്ദ് പ്രഭാകറിന്റെ നേതൃത്വത്തില്‍ ഗീതാ ശ്ലോകങ്ങള്‍ ഉുരുവിട്ടത് വളരെ ഹൃദ്യമായിരുന്നു.

കുബേര കുചേല വ്യത്യസമില്ലാതെ ജാതിമതഭേദമെന്യേ ആബാലവൃദ്ധം ജനങ്ങള്‍ക്കും ഓണസദ്യ പ്രിയങ്കരമാണ്. കുടുംബബന്ധങ്ങള്‍ തേച്ചുമിനുക്കി തിളക്കമാര്‍താക്കുന്നതിനുള്ള അവസരം കൂടിയാണ് ഓണവും ഓണസദ്യയും. ഒന്നിച്ചുകൂടി ഒരുമിച്ചു ഭക്ഷണം തയാറാക്കി കഴിക്കുമ്പോള്‍ മാത്രമാണ് ഓണം കൂട്ടായ്മയുടെ കൂടി ഉത്സവമാകുന്നത്. അജി പിള്ള, ശിവപ്രസാദ് പിള്ള, റോയ് അപ്പുകുട്ടന്‍, വിഘ്‌നേശ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആണ് ഈ വര്‍ഷത്തെ തിരുവോണസദ്യ ഒരുക്കിയത്. ഷഡ് രസ പ്രധാനമാവാണം ഓണസദ്യ. മധുരം, എരിവ്, ഉപ്പ്, കയ്പ്, ചവര്പ്പ് , പുളി..എന്നീ ആറു രസങ്ങളും ചേര്‍ന്ന് നാട്ടില്‍ നിന്നും വരുത്തിയ വാഴയുടെ തൂശനിലയില്‍ ആണ് ഈ വര്‍ഷം ഗീതാമണ്ഡലം ഓണസദ്യ ഒരുക്കിയിരുന്നത്. ഏറെ കുറെ എല്ലാവര്‍ക്കും തന്നെ നാട്ടില്‍ നിന്നും വന്ന ശേഷം വാഴ ഇലയിലെ ഓണസദ്യ പഴമയിലേക്കുള്ള തിരിച്ചു പോക്കായിരുന്നു.

ഈ വര്‍ഷത്തെ ഓണം, ജീവിതത്തില്‍ തന്നെ ഒരിക്കലും മറക്കുവാന്‍ കഴിയാത്ത ഒത്തിരി സുന്ദരമായ ഓര്‍മ്മകള്‍ ആണ് എല്ലാ കുടുംബാംഗങ്ങള്‍ക്കും പകര്ന്നുനല്കിയത്. അതി സുന്ദരമായ ഈ ഓണം ഒരുക്കുവാന്‍ ചുക്കാന്‍ പിടിച്ച ജയ് ചന്ദ്രനും ബൈജു മേനോനും കുടുംബാംഗങ്ങള്‍ ഹൃദയം നിറഞ്ഞ നന്ദി പ്രകാശിപ്പിച്ചു.

ഓണമെന്നാല്‍ കേവലം ചില ആഹ്ലാദദിനങ്ങളല്ല മറിച്ച് അതൊരു സംസ്കാരത്തിന്റെ ജീവപ്രവാഹിനി ആണ് എന്ന് നാം മനസിലാക്കുകയും ഇത് പോലുള്ള ഒത്തു ചേരലുകളിലൂടെ, അടുത്ത തലമുറക്ക് മനസിലാക്കികൊടുക്കുമ്പോള്‍ മാത്രമേ മലയാളികളെന്ന നിലയില്‍ പൂര്‍വിക പുണ്യം നമ്മില്‍ വര്‍ഷിക്കപ്പെടൂ എന്ന് തദവസരത്തില്‍ ഗീതാമണ്ഡലത്തിന്റെ അത്മീയ ആചാര്യന്‍ ആനന്ദ്പ്രഭാകര്‍ അഭിപ്രായപ്പെട്ടു. ഈ വര്‍ഷത്തെ ഓണാഘോഷം ഇത്രയും മനോഹരവും ഹൃദ്യവുമാക്കുവാന്‍ കഴിഞ്ഞത്, കുടുബാംഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം ഒന്നുകൊണ്ട് മാത്രമാണ് എന്നും ഓണാഘോഷ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാ പ്രവര്‍ത്തകര്‍ക്കും ഗീതാമണ്ഡലം ഓണാഘോഷത്തില്‍ പങ്കെടുത്ത എല്ലാ കുടുബാംഗങ്ങള്ക്കും , ഏഷ്യാനെറ്റിനും ഈ അവസരത്തില്‍ സെ!ക്രട്ടറി ബൈജു മേനോന്‍ നന്ദി പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം