വ്യത്യസ്തമായൊരു ഓണാഘോഷവുമായി കെ.സി.എസ്. ചിക്കാഗോ മാതൃകയായി


ചിക്കാഗോ: ഉണരണം കെ.സി.എസ്. നിറയണം മനസുകളില്‍ എന്ന ആപ്തവാക്യവുമായി പ്രവര്‍ത്തനം ആരംഭിച്ച ചിക്കാഗോ ക്‌നാനായ കാത്തലിക്ക സൊസൈറ്റി(കെ.സി.എസ്.) വ്യത്യസ്തമായ ഒരു ഓണാഘോഷവുമായി ഏവര്‍ക്കും മാതൃകയായിരിക്കുകയാണ്. ലോകം മുഴുവനുമുള്ള മലയാളികല്‍ ആഘോഷകരമായ ഓണാഘോഷങ്ങളും ഓണസദ്യയുമായി ഓണം ആഘോഷിക്കുമ്പോള്‍ അശരണരായ ആളുകള്‍ക്ക് കൂടി ഓണസദ്യ ഒരുക്കി ചിക്കാഗോ കെ.സി.എസ്. മാതൃക കാട്ടിയത്. ചിക്കാഗോയില്‍ 500 ഓളം ആളുകളെ സംഘടിപ്പിച്ചു വലിയ ഒരു ഓണാഘോഷം നടത്തിയപ്പോള്‍, പടമുഖത്തുള്ള സ്‌നേഹമന്ദിരത്തിലെ അശരണരും ആലംബഹീനരുമായ 200 ഓളം പാവപ്പെട്ടവര്‍ക്ക് തിരുവോണ സദ്യ ഒരുക്കിയാണ് കെ.സി.എസ്.ഈ. വര്‍ഷത്തെ ഓണാഘോഷം പൂര്‍ത്തിയാക്കിയത്. ചിക്കാഗോ കെ.സി.എസിന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായ ഡോളര്‍ ഫോര്‍ ക്‌നാനായ പദ്ധതിയുടെ നേതൃത്വത്തില്‍ നാട്ടിലെ പാവങ്ങള്‍ക്ക് ഓണസദ്യ നല്‍കിയതിലൂടെ ആര്‍ഭാടങ്ങള്‍ നിറഞ്ഞ ഈ കാലഘട്ടത്തിലെ ഓണത്തിന്, യഥാര്‍ത്ഥ ഓണത്തിന്റെ അര്‍ത്ഥം കൈവന്നത് എന്ന് പദ്ധതിയുടെ കോര്‍ഡിനേറ്റര്‍ ജോസ് കണിയാലി അഭിപ്രായപ്പെട്ടു. ചിക്കാഗോ കെ.സി.എസ്. ഭാരവാഹികളായ ബിന്ദു പൂത്തുറയില്‍, സാജു കണ്ണമ്പള്ളി, ജോണിക്കുട്ടി പിള്ളവീട്ടില്‍, ഷിബു മുളയാനിക്കുന്നേല്‍, ഡിബിന്‍ വിലങ്ങുകല്ലേല്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോണിക്കുട്ടി പിള്ളവീട്ടില്‍