സിന്‍സിനാറ്റിയിലെ ഓണാഘോഷം വര്‍ണ്ണാഭമായി

സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും സൌഹൃദപ്പൂക്കള്‍ വിരിയിച്ചുകൊണ്ട് ഇക്കൊല്ലവും സിന്‍സിനാറ്റിയില്‍ ട്രൈ സ്‌റേറ്റ് മലയാളിസമൂഹം ഓണാഘോഷങ്ങള്‍ വര്‍ണ്ണപ്പകിട്ടോടെ പൂര്‍വാധികം ഭംഗിയായി കൊണ്ടാടി. അത്തപ്പൂക്കളവും മുത്തുക്കുടകളും കേരളത്തനിമ വിളിച്ചോതുന്ന ആഘോഷച്ഛമയങ്ങള്‍ക്ക് ചാരുത പകര്‍ന്നു. തൂശനിലയില്‍ വിഭവസമൃദ്ധമായ ഓണസദ്യ വിളമ്പിയതോടെ ഇവിടെ ഒരു കൊച്ചുകേരളത്തിന്റെ ഉത്സവ പ്രതീതി പുനര്‍ജ്ജനിച്ചു.

ഓണസദ്യക്കുശേഷം കൈരളിയുടെ പ്രസിഡന്‍റ് ഗോപകുമാര്‍ നായരും കുടുംബവും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഔപചാരികമായി പരിപാടികള്‍ ഉത്ഘാടനം ചെയ്തു. തന്റെ ഉത്ഘാടന പ്രസംഗത്തില്‍ കഴിഞ്ഞ ഒരു വര്ഷം നടത്തിയ സ്തുത്യര്‍ഹമായ പദ്ധതികളെ ക്കുറിച്ച് അവലോകനം നടത്തുകയും അഭൂതപൂര്‍വമായ ജനപങ്കാളിത്വത്തില്‍ സന്തുഷ്ടി പ്രകടിപ്പിക്കുകയും ചെയ്തു. വാദ്യമേളങ്ങളുടെയും സുന്ദരികളായ മലയാളിമങ്കമാര്‍ അണിയിച്ചൊരുക്കിയ താലപ്പൊലിയുടെയും അകമ്പടിയോടെ മഹാബലിയെ സ്‌റേജിലേക്ക് ആനയിച്ചപ്പോള്‍ ജനം ആര്‍ത്തുവിളിച്ചു. ഡിംമ്പിള്‍ അലക്‌സും ആതിര കൃഷ്ണനും കലാപരിപാടികളുടെ എമ്‌സീ മാരായി ചിട്ടയോടെ പരിപാടികള്‍ അവതരിപ്പിക്കുന്നതിന് സാരഥ്യം വഹിച്ചു. കൊച്ചു മജീഷ്യന്‍ ആയ മാര്‍ട്ടിന്‍ മാളിയെക്കലിന്റെ ചെപ്പടി വിദ്യകളും സാക്‌സന്‍ സീബുവിന്റെയും സൂസന്‍ പാപ്പച്ഛന്റെയും ഓണപ്പാട്ടുകള്‍ കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

തുടര്‍ന്ന് കൈരളി ക്രിക്കറ്റ് ടീമിനെയും അതിന് നേതൃത്വം വഹിച്ച ക്യാപ്ടന്‍ വറുഗീസ് മാത്യുവിനെയും ആദരിച്ചു. ബാലന്‍സ് ബോര്‍ഡില്‍ മലയാള ഗാനത്തിന്‍റെ അകമ്പടിയില്‍ രഞ്ജിത്ത് വറുഗീസ് അവതരിപ്പിച്ച നൃത്തരൂപം പുതുമയുള്ളതായിരുന്നു. രമ്യാ രാജേശ്വരിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ തിരുവാതിരക്കളിയും , ജിജോ പാലയൂര്‍ നയിച്ച പുരുഷന്മാരുടെ കോല്‍ക്കളിയും ഓണാഘോഷത്തിന് മാറ്റു കൂട്ടി. ആന്‍ വെട്ടിക്കല്‍ വീണയില്‍ ഉതിര്‍ത്ത ശാസ്ത്രീയ സംഗീതവും , സുബ്ബു രാമകൃഷ്ണന്റെയും ഐറീന്‍ ജിന്റൊയുടെയും ശരണ്യ നായരുടെയും പ്രവീണ്‍ കൃഷ്ണന്റെയും ഗാനങ്ങള്‍ ഗതകാലസ്മരണകള്‍ തൊട്ടുണര്‍ത്തി.ജോവാന്‍ അമല്‍രാജും ആശ്‌ളിന്‍ തോമസും ചേര്‍ന്നവതരിപ്പിച്ച നൃത്തവും നേഹ മാത്യുവിന്റെ ഭരതനാട്യവും, ഹരി ഐയ്യരുടെ വയലിന്‍ വായനയും ഹൃദ്യമായിരുന്നു.
ഇതോടനുബന്ധിച്ച് ഈശ്വരി നമ്പൂതിരി പ്രസിടെന്റും ജേക്കബ് തോമസ് സെക്രട്ടറിയുമായുള്ള
കൈരളിയുടെ അടുത്ത വര്‍ഷത്തെ ഭാരവാഹികളെ പരിചയപ്പെടുത്തുകയുണ്ടായി.
കുട്ടനാടിന്‍റെ ലഹരിയായ വള്ളവും വഞ്ചിപ്പാട്ടുമായി ജേക്കബ് തോമസ്, ജിജോ ജേക്കബ്, ജേക്കബ് പാപ്പച്ചന്‍, ലാളിച്ചന്‍ ചാക്കോ, സണ്ണി സെബാസ്റ്റ്യന്‍ , അനില്‍ രാജു, ആന്റണി മാളയെക്കല്‍, പീറ്റര്‍ പത്രോസ് , ഡേവിസ് വറീത്, വിജീഷ് കന്നോളി തുടങ്ങിയവര്‍ അരങ്ങു തകര്‍ത്തു.

കേരളത്തറവാടിന്റെ തിരുമുറ്റത്ത് പ്രാണ പ്രിയനേ കാത്തിരിക്കുന്നതിന്റെ നൃത്താഞ്ജലിരൂപം കീര്‍ത്തനയും, അപര്ന്നയും, അഭിരാമിയും, റ്റിയാ റിജുവും ഗംഭീരമായ ലാസ്യഭാവം പകര്‍ന്നു.
കേരളത്തിന്‍റെ തനതായ കലാപാരമ്പര്യങ്ങള്‍ ഉത്‌ഘോഷിക്കുന്ന നിരവധി നൃത്തരൂപങ്ങളും പഴയ ഗാനങ്ങളും ഗൃഹാതുരത്വം ഉണര്‍ത്തുന്നവയായിരുന്നു. ഹൃദ്യാ വാര്ര്യര്‍ ചിട്ടപ്പെടുത്തിയ ഹാസ്യ നാടകത്തില്‍ മിനി പത്രോസ്, പീറ്റര്‍ പത്രോസ്, ഭാവ്യാ മോഹന്‍, ശങ്കര്‍ വിക്രം, അനില്‍ രാജു, വിനോദ് മാര്‍ട്ടിന്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. ആലീസ് മാത്യുവും ജോയിസും ചേര്‍ന്ന് അവതരിപ്പിച്ച സ്കിറ്റ് കാണികളില്‍ തമാശ വാരിവിതറി.

ഐറീന്‍ കന്നത്തിന്റെയും നന്ദനാ നായരുടെയും ഫോക്ക് ഡാന്‍സ് വൈക്കം വിജയലക്ഷ്മിയുടെ 'കാറ്റേ കാറ്റേ' എന്നാ സുപ്രസിദ്ധ ഗാനത്തിന്‍റെ നൃത്താവിഷ്ക്കാരമായിരുന്നു. ആഷാ ആന്റണി , വിദ്യാ മേനോന്‍ , ശുഭാ ഗോപകുമാര്‍, മേരി ലീന, ദാലിസ് മാത്യു, പോണ്‍ സി സീബു എന്നിവര്‍ ചേര്‍ന്നവതരിപ്പിച്ച സംഘനൃത്തവും ആസ്വാദ്യകരമായിരുന്നു. ജേക്കബ് തോമസ്, ലൈല ജോസഫ്, വാസുദേവന്‍ നമ്പൂതിരി, ജോര്‍ജ് മാത്യു , ഡോളി ജേക്കബ് തുടങ്ങിയവര്‍ അവതരിപ്പിച്ച ഫോറസ്റ്റ് ഗാര്‍ഡും യക്ഷിയും എന്ന സ്കിറ്റും കാണികളെ ഹര്‌ഷോന്മത്തരാക്കി. തുടര്‍ന്ന് കുട്ടികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. സെക്രട്ടറി ഹേമ ചന്ദ്രന്‍ നായരുടെ നന്ദി പ്രകടനത്തോടെ ഐശ്വര്യപൂര്‍ണ്ണമായ ഈക്കൊല്ലത്തെ ഓണാഘോഷങ്ങള്‍ക്ക് തിരശ്ശീല വീണു.

റിപ്പോര്‍ട്ട്: മാത്യൂ ജോയിസ്