രണ്ടാം ക്ലാസുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി

By Karthick

Saturday 16 Sep 2017 08:11 AM

ബാര്‍മര്‍: രാജസ്ഥാനില്‍ ആറു വയസുകാരിയെ സ്കൂളിനുള്ളില്‍ കൂട്ടമാനഭംഗത്തിനിരയാക്കി. സ്കൂളിലെ ശൗചാലയത്തിനു സമീപമുള്ള മുറിയില്‍ മേശയില്‍ കെട്ടിയിട്ടായിരുന്നു പീഡനം. രാജസ്ഥാനിലെ ബാര്‍മറില്‍ സര്‍ക്കാര്‍ സ്കൂളിലായിരുന്നു മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.

രണ്ടാം ക്ലാസുകാരിയെ സ്കൂളിലെ രണ്ട് തൂപ്പുകാര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. വയറുവേദന അനുഭവപ്പെട്ട കുട്ടി വിവരം വീട്ടുകാരെ അറിയിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പരിശോധനയില്‍ ലൈഗീക പീഡനം നടന്നതായി സംശയം തോന്നിയ ഡോക്ടര്‍മാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് സംസാരിക്കാന്‍ പോലും സാധിക്കാത്ത വിധം അവശയാണ് കുട്ടിയെന്ന് പോലീസ് പറയുന്നു. കുട്ടിയുടെ പിതാവിന്‍റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.