നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാന്‍ ശ്രമം: ദേശീയ വനിതാ കമ്മീഷന്‍

By Eswara

Sunday 17 Sep 2017 02:30 AM

ന്യൂഡല്‍ഹി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ടത്ര താത്പര്യം പ്രകടിപ്പിക്കുന്നില്ലെന്നു ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലം.

കേസിന്‍റെ അന്വേഷണം ശരിയായ ദിശയിലല്ല നീങ്ങുന്നത്. അന്വേഷണം വൈകിക്കാനുള്ള ശ്രമം പോലീസിന്‍റെ ഭാഗത്തുനിന്നുണ്ടായതായാണു കാണുന്നതെന്നും അവര്‍ വ്യക്തമാക്കി. അന്വേഷണം അനിശ്ചിതമായി നീണ്ടുപോകുന്നതില്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനോടു വിശദാംശങ്ങള്‍ ആരായാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, അദ്ദേഹം മറുപടി നല്‍കാന്‍ തയാറായില്ല.


സര്‍ക്കാരിന് ഈ കേസില്‍ വേണ്ടത്ര താത്പര്യമില്ലെന്നാണു മനസിലാക്കുന്നത്. അന്വേഷണം വൈകിപ്പിക്കുന്നതിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണു മനസിലാകുന്നതെന്നും ലളിത കുമാരമംഗലം പറഞ്ഞു.

കേസിന് ആസ്പദമായ സംഭവം കഴിഞ്ഞ ഫെബ്രുവരില്‍ നടന്നതാണ്. എന്നിട്ടും ഇതുവരെ കുറ്റപത്രം പോലും സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ഡല്‍ഹിയില്‍ ഒരു വാര്‍ത്താചാനലിനോടു പറഞ്ഞു.