ടി. എസ്. ചാക്കോയെ എന്‍.എസ്.എസ് ന്യൂജേഴ്‌സി ആദരിച്ചു

By Karthick

Sunday 17 Sep 2017 02:31 AM

ന്യൂജേഴ്‌സി: മുതിര്‍ന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ ടി. എസ്. ചാക്കോയെ എന്‍.എസ്.എസ് ന്യൂജേഴ്‌സി ആദരിച്ചു. സെപ്റ്റംബര്‍ പത്തിന് എഡിസണ്‍ ഹോട്ടലില്‍ നടന്ന
ഓണാഘോഷ പരിപാടികള്‍ക്കിടയില്‍ അദ്ദേഹത്തെ എന്‍. എസ്. എസ് ന്യൂജേഴ്‌സി ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ പൊന്നാടയണയിച്ചു. നാല്‍പ്പതു വര്‍ഷത്തിലേറെയായി അമേരിക്കയിലെ മലയാളികളുടെ, പ്രതേകിച്ചു ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി എന്നിവിടങ്ങളില്‍ ഉള്ളവരുടെ സാമൂഹിക ക്ഷേമത്തിനും സാംസ്കാരികമായ ഉയര്‍ച്ചയ്ക്കും ടി. എസ്. ചാക്കോ നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാകാത്തതാണെന്ന് മാധവന്‍ ബി നായര്‍ പറഞ്ഞു.

കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ സ്ഥാപക പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന ടി. എസ്. ചാക്കോ ഇപ്പോള്‍ കേരള കള്‍ച്ചറല്‍ ഫോറം ആയുഷ്കാല രക്ഷാധികാരിയായി പ്രവര്‍ത്തിച്ചു വരുന്നു. ഫൊക്കാനയുടെ സജീവ പ്രവര്‍ത്തകനായ അദ്ദ്‌ദേഹം അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍, നാഷണല്‍ വൈസ് പ്രസിഡന്റ്, റീജിയണല്‍ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

ടി.എസ്. ചാക്കോ കേരളത്തിലെ രാഷ്ട്രീയ, സാമൂഹ്യ, തൊഴില്‍ മേഖലകളില്‍ നേതൃനിരയില്‍ പ്രവര്‍ത്തിച്ചതിനുശേഷമാണ് അമേരിക്കയില്‍ എത്തിയത്. ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ തുടക്കം മുതല്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ന്യൂജേഴ്‌സി ചാപ്റ്റര്‍ പ്രസിഡന്റ്, മാര്‍ത്തോമാ സഭാ മണ്ഡലം മെമ്പര്‍, സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമാ ഇടവക വൈസ് പ്രസിഡന്റ്, ട്രസ്റ്റി തുടങ്ങിയ സ്ഥാനങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ന്യൂജേഴ്‌സിയില്‍ നടന്ന നിരവധി കായിക മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി. പ്രവാസി പ്രതിഭ ഉള്‍പ്പടെ അദ്ദ്‌ദേഹത്തെത്തേടി നിരവധി പുരസ്കാരങ്ങളെത്തിയിട്ടുണ്ട്. ഏഷ്യന്‍ അമേരിക്കന്‍ പസിഫിക് ഐലന്‍ഡേര്‍സ് അവാര്‍ഡ് 2016ല്‍ ടി എസ് ചാക്കോയ്ക്ക് ലഭിച്ചിരുന്നു.

എന്‍.എസ്.എസ് ന്യൂജേഴ്‌സിയുടെ സ്‌നേഹത്തിനും ആദരവിനും ടി. എസ്. ചാക്കോ നന്ദി പറഞ്ഞു. എം ബി എന്‍ ഫൗണ്ടേഷന്‍ ഒക്ടോബര്‍ 15ന് ന്യൂജേഴ്‌സിയില്‍ അവതരിപ്പിക്കുന്ന പൂമരം ഷോയുടെ പ്രിന്‍സിപ്പല്‍ അംബാസ്സഡര്‍ താനായിരിക്കുമെന്നും, വൈക്കം വിജയലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന കലാമൂല്യമുള്ള ഈ പരിപാടി ന്യൂജേഴ്‌സിയിലെ മലയാളികള്‍ക്കു വളരെയേറെ ആസ്വാദ്യകരമായിരിക്കുമെന്നും അദ്ദ്‌ദേഹം പറഞ്ഞു.

ചടങ്ങില്‍ പോള്‍ കറുകപ്പിള്ളില്‍, ദേവസ്സി പാലാട്ടി, ഡോ. നിഷ പിള്ള, മാലിനി നായര്‍, ഗീതേഷ് തമ്പി, സുനില്‍ നമ്പ്യാര്‍, സുധീര്‍ നമ്പ്യാര്‍, ഡോ. ഗോപിനാഥന്‍ നായര്‍ തുടങ്ങയിവര്‍ പങ്കെടുത്തു

-വിനീത നായര്‍