മുന്‍ നിലപാടില്‍ മാറ്റമില്ലെന്നു നാദിര്‍ഷാ, പൊലീസ് ചോദ്യം ചെയ്തുവിട്ടയച്ചു

By Karthick

Sunday 17 Sep 2017 14:07 PM

ആലുവ: യുവനടിയെ ഉപദ്രവിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായെ പൊലീസ് ചോദ്യം ചെയ്തു. പൊലീസ് അറസ്റ്റ് ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയിട്ടില്ലെന്നു ചോദ്യംചെയ്യലിനു ശേഷം പുറത്തെത്തിയ നാദിര്‍ഷാ മാധ്യമങ്ങളോടു പ്രതികരിച്ചു. പള്‍സര്‍ സുനിയെ അറിയില്ലെന്ന നിലപാടും ആവര്‍ത്തിച്ചു. ആലുവ പൊലീസ് ക്ലബില്‍ രാവിലെ 10.15ന് എത്തിയ നാദിര്‍ഷായെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കിയ ശേഷമാണു ചോദ്യം ചെയ്യല്‍ തുടങ്ങിയത്. പ്രത്യേകം തയാറാക്കിയ ചോദ്യാവലി ഉപയോഗിച്ചാണ് അന്വേഷണസംഘം നാദിര്‍ഷായില്‍നിന്ന് വിവരങ്ങള്‍ ആരാഞ്ഞത്.

ഹൈക്കോടതി നിര്‍ദേശിച്ചതനുസരിച്ചു വെള്ളിയാഴ്ച പൊലീസിനു മുന്നില്‍ ഹാജരായ നാദിര്‍ഷായുടെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്നു ചോദ്യം ചെയ്തിരുന്നില്ല. ഈ സാഹചര്യത്തില്‍ ഞായറാഴ്ച രാവിലെ 10ന് ആലുവ പൊലീസ് ക്ലബ്ബില്‍ ഹാജരാവാന്‍ നാദിര്‍ഷായോട് അന്വേഷണസംഘം ആവശ്യപ്പെടുകയായിരുന്നു. കേസിലെ പ്രധാന തൊണ്ടിയായ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നാദിര്‍ഷായ്ക്ക് അറിയാമെന്ന നിഗമനത്തിലാണു പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. "കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍' എന്ന സിനിമയുടെ സെറ്റില്‍വച്ചു തനിക്കു നാദിര്‍ഷാ പണം നല്‍കിയതായി കേസിലെ മുഖ്യപ്രതി എന്‍.എസ്. സുനില്‍കുമാര്‍ (പള്‍സര്‍ സുനി) മൊഴി നല്‍കിയിരുന്നു. നടിയെ ആക്രമിച്ചതിനുള്ള പ്രതിഫലമാണതെന്നായിരുന്നു പറഞ്ഞത്. നാദിര്‍ഷായെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.

അതിനിടെ, നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച പറയും. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ രഹസ്യ വാദം പൂര്‍ത്തിയാക്കിയാണു ദിലീപിന്റെ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച വിധി പറയാന്‍ മാറ്റി വച്ചത്. അടച്ചിട്ട കോടതി മുറിയിലായിരുന്നു നടപടിക്രമങ്ങള്‍. കേസിലെ കോടതി നടപടികള്‍ രഹസ്യമാക്കണമെന്നു പ്രോസിക്യൂഷന്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. നടിയുടെ രഹസ്യമൊഴിയും പ്രോസിക്യൂഷന്റെ പക്കലുള്ള രഹസ്യസ്വഭാവമാര്‍ന്ന രേഖകളും പുറത്തുവരുന്നതു തടയാനാണ് പ്രോസിക്യൂഷന്‍ ഈ ആവശ്യം ഉന്നയിച്ചത്.