ഐ.എന്‍.ഒ.സി യു.എസ്.എ കേരളാ ചാപ്റ്റര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ ചിക്കാഗോയില്‍

By Karthick

Monday 18 Sep 2017 01:57 AM

ചിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പോഷകസംഘടനയായി കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു.എസ്.എ, കേരളാ ചാപ്റ്റര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ ചിക്കാഗോയുടെ സബര്‍ബന്‍ സിറ്റിയായ പ്രോസ്‌പെക്ട്‌സ് ഹൈറ്റ്‌സിലുള്ള കണ്‍ട്രി ഇന്‍ ആന്‍ഡ് സ്യൂട്ട്‌സിന്റെ ബാങ്ക്വറ്റ് ഹാളില്‍ വച്ചു നവംബര്‍ 3,4 തീയതികളില്‍ ആഘോഷമായി നടത്തുവാന്‍ കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് ജയചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു.

കണ്‍വന്‍ഷനില്‍ പങ്കെടുത്തുകൊണ്ട് എ.ഐ.സി.സി നേതാക്കള്‍, കെ.പി.സി.സി ഭാരവാഹികള്‍, എം.പിമാര്‍, എം.എല്‍.എമാര്‍, ഐ.എന്‍.ഒ.സി നാഷണല്‍ ഭാരവാഹികള്‍ തുടങ്ങി നിരവധി നേതാക്കള്‍ പങ്കെടുത്ത് സംസാരിക്കും.

ഭാരതത്തിന്റെ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിച്ചുകൊണ്ട് ജനാധിപത്യം, മതേതരത്വം, സോഷ്യലിസം തുടങ്ങിയ മഹത്തായ ആശയങ്ങള്‍ക്കായി നിലകൊള്ളുന്ന, വൈവിധ്യങ്ങളായ സാംസ്കാരികങ്ങളേയും, ഭാഷകളേയും, മതവിഭാഗങ്ങളേയും, സാമൂഹ്യ സാമ്പത്തിക അസന്തുലിതാവസ്ഥകളേയും തുല്യനീതിയോടെ കോര്‍ത്തിണക്കി ഇന്ത്യന്‍ സമ്പദ് ഘടനയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുവാനും പാരതന്ത്ര്യത്തിന്റെ പാതാളത്തില്‍ നിന്നും ലോക വന്‍ ശക്തികളെക്കാളും ഉയരത്തിലേക്ക് നയിക്കുവാനും കഴിഞ്ഞ, ഇന്ത്യാ മഹാരാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ പ്രവര്‍ത്തക ശൃംഖലയുള്ള ഏക രാഷ്ട്രീയ പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പ്രവാസിലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന 150-ഓളം രാജ്യങ്ങളില്‍ വേരുകളുള്ള ഓവര്‍സീസ് കോണ്‍ഗ്രസിന്റെ അമേരിക്കന്‍ മുഖമായ ഐ.എന്‍.ഒ.സി നടത്തുന്ന ശ്രമങ്ങള്‍ ഇന്ത്യയിലേയും അമേരിക്കയിലേയും ഓരോ ഭാരതീയനും പ്രചോദനമാകട്ടെ എന്നു ഈ കണ്‍വന്‍ഷന്‍ ലക്ഷ്യമിടുന്നു.

ഇന്നു ഭാരതം അനുഭവിക്കുന്ന ഭരണവൈകല്യങ്ങളെ തുറന്നു കാണിക്കാനും, ഇന്ത്യയെ പുറകോട്ട് നയിക്കുന്ന സാമ്പത്തിക നയങ്ങള്‍ക്കെതിരേയുള്ള തിരുത്തല്‍ ശക്തിയായും, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മൂല്യങ്ങളെ വീണ്ടെടുക്കാനും, പൗരാണിക മത വിദ്വേഷത്തിന്റെ തീനാളങ്ങള്‍ പുനര്‍ജീവിപ്പിച്ച് മതസ്പര്‍ദ ജനിപ്പിച്ച്, ജനങ്ങളെ വിഘടിപ്പിച്ച് പൗരജീവിതം ദുസ്സഹമാക്കുന്ന പ്രവണതകളെ തുടച്ചുനീക്കുന്നതിനും, അധികാര ദുര്‍വിനിയോഗം, ഏകാധിപത്യ പ്രവണത, ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങളിലേക്കുള്ള കടന്നുകയറ്റം തുടങ്ങിയ ഗുരുതരമായ ഭവിഷ്യത്തുകള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുമ്പോള്‍ നാം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

ഇക്കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളിലൂടെ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ ഓരോ ഭാരതീയനും അഭിമാനം പകര്‍ന്നിരുന്ന നാളുകളായിരുന്നു. നാം കൈവരിച്ച ലോകോത്തരമായ വളര്‍ച്ച ശാസ്ത്ര സാങ്കേതിക രംഗത്തും, കാര്‍ഷിക രംഗത്തും, സാമ്പത്തിക രംഗത്തും, വൈദ്യശാസ്ത്ര രംഗത്തും, സൈനീക രംഗത്തും, ബഹിരാകാശ രംഗത്തും, അന്താരാഷ്ട്ര വ്യവസായ രംഗത്തും ഒരു തുള്ളി രക്തം പോലും ചിന്താത്തതും ലോകത്താകമാനം അത്ഭുതം ജനിപ്പിക്കുന്നതുമായിരുന്നതില്‍ ഓരോ ഭാരതീയനും നെഞ്ചത്ത് കൈവെച്ച് ഇന്ത്യ എന്റെ അഭിമാനമാണെന്ന് ഉറക്കെ പ്രഖ്യാപിക്കുവാനുമുതകുമായിരുന്നു എന്നതില്‍ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും അഭിമാനിക്കാം.

ഇന്ന് ഭാരതത്തിന് നഷ്ടപ്പെട്ടതും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതുമായ ബുദ്ധി ചോര്‍ച്ച തടയുവാനും, പ്രവാസി ജീവിതത്തില്‍ ഓരോ ഭാരതീയനും കൈവരിച്ച ബൗദ്ധിക നേട്ടങ്ങള്‍ ഭാരതത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ഉപയോഗപ്രദമാക്കാന്‍ ഓരോ പ്രവാസിയും ആത്മാര്‍ത്ഥമായി ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരു ശക്തമായ നേതൃത്വം നല്‍കുവാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനൊപ്പം അണിനിരക്കുകയും, നഷ്ടപ്പെട്ട നല്ല നാളുകളുടെ പുനരാവിഷ്കാരത്തിന് ഓരോ ഭാരതീയ പ്രവാസിയും അതിരുകളില്ലാത്ത ശക്തികേന്ദ്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ സ്വരൂപിക്കുവാന്‍ ഞങ്ങള്‍ ഒരുക്കുന്ന ഈ ചെറിയ കണ്‍വന്‍ഷന്‍ തുടക്കമാകുമെന്നു പ്രതീക്ഷിച്ചുകൊണ്ട് പ്രവാസികളായ എല്ലാ ഭാരതീയരേയും ഹാര്‍ദ്ദമായി ക്ഷണിക്കുന്നു.

തോമസ് മാത്യു പടന്നമാക്കല്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം