എം.ബി.എന്‍ ഫൗണ്ടേഷന്റെ "പൂമരം" ഷോ ടിക്കറ്റ് കിക്കോഫ് ന്യൂജേഴ്‌സിയില്‍ നടത്തി

ന്യൂജേഴ്‌സി: എം ബി എന്‍ ഫൗണ്ടേഷന്‍ ന്യൂജേഴ്‌സി മലയാളികള്‍ക്കായി അവതരിപ്പിക്കുന്ന "പൂമരം" ഷോയുടെ ടിക്കറ്റ് കിക്കോഫ് നടന്നു. എന്‍ എസ് എസ് ന്യൂ ജേഴ്‌സിയുടെ ഓണാഘോഷങ്ങളോടനു ബന്ധിച്ചാണ് കിക്കോഫ് നടത്തിയത്. ഒക്ടോബര്‍ 15നു ന്യൂജേഴ്‌സി വൂഡ്ബ്രിഡ്ജ് മിഡില്‍ സ്കൂള്‍ (525 Barron Ave, Woodbridge, NJ 07095) ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഷോ ആയിരിക്കും ഗായിക വൈക്കം വിജയലക്ഷ്മിയുടെ നേതൃത്വത്തില്‍ നടക്കുവാന്‍ പോകുന്നതെന്ന് ടിക്കറ്റ് കിക്കോഫ് ഉത്ഘാടനം നിര്‍വഹിച്ചുകൊണ്ട് എം ബി എന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ പറഞ്ഞു .

"പൂമരം" ഷോയുടെ ടിക്കറ്റുകള്‍ ന്യൂജേഴ്‌സിയിലെ സാംസ്കാരിക പ്രവര്‍ത്തകരായ രാജന്‍ ചീരന്‍,
ഡോ ഷിറാസ് യൂസഫ് , ഡോ ഗോപിനാഥന്‍ നായര്‍, അഞ്ജലി ഹരിഹരന്‍, സുധ കര്‍ത്ത എന്നിവര്‍ മാധവന്‍ ബി നായരുടെ കയ്യില്‍ നിന്ന് സ്വീകരിച്ചു. മുതിര്‍ന്ന പ്രവാസി സംഘടന നേതാവായ ടി. എസ് ചാക്കോയെ ഈ കലാപരിപാടിയുടെ മുഖ്യ അംബാസഡറായി പ്രഖ്യാപിക്കുകയുംഅദ്ദേഹത്തെ ആദരിക്കുകയും ചെയ്തു .

എം ബി എന്‍ ഫൗണ്ടേഷന്റെ ഉത്ഘാടനം പൂമരം ഷോയ്ക്കു മുന്നോടിയായി നടക്കും. ന്യൂജേഴ്‌സിയിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായ മാധവന്‍ ബി നായര്‍ ആരംഭിച്ച പ്രസ്ഥാനമാണ് എം ബി എന്‍ ഫൗണ്ടേഷന്‍. 'പ്രോമോട്ടിങ് സ്കില്‍സ്,സപ്പോര്‍ട്ടിങ് ഹെല്‍ത്ത് "എന്ന ആശയത്തോടെയാണ് എം ബി എന്‍ ഫൗണ്ടേഷന്‍ രൂപീകരിച്ചിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളിലെ കഴിവുകള്‍ വികസിപ്പിക്കുക, നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സയ്ക്കുള്ള സഹായം നല്‍കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങള്‍ ഫൗണ്ടേഷനുണ്ട് .

അമേരിക്കയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന പരിപാടികളില്‍ നിന്നും വളരെ വ്യത്യസ്തത നിറഞ്ഞതാകും വൈക്കം വിജയലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന "പൂമരം" ഷോ. ന്യൂജേഴ്സിയിലെ മലയാളി സംഘടനകളായ മലയാളി അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്‌സി (MANJ), കേരളാ കള്‍ച്ചറല്‍ ഫോറം (KCF), നോര്‍ത്ത് അമേരിക്കന്‍ മലയാളിസ് ആന്‍ഡ് അസോസിയേറ്റഡ് മെംബേര്‍സ് (NAMAM) എന്നിവയുടെ പിന്തുണയോടുകൂടിയാണ് ഈ ഷോ ന്യൂ ജേഴ്‌സിയില്‍ അവതരിപ്പിക്കുന്നത്.

മലയാളികളുടെ കുടുംബങ്ങളിലെ സ്വന്തം അംഗത്തെപ്പോലെ നാം കാണുന്ന കലാകാരിയായ വൈക്കം വിജയലക്ഷ്മിയുടെ ആദ്യത്തെ അമേരിക്കന്‍ ഷോ കൂടിയാണ് പൂമരം. ആദ്യം പാടിയ സിനിമാപാട്ടുകൊണ്ട് തന്നെ സംഗീതാസ്വാദകരുടെ ഹൃദയം കവര്‍ന്ന ഗായികയാണ് വിജയലക്ഷ്മി. എം ജയചന്ദ്രന്റെ സംഗീത സംവിധാനത്തില്‍ ""സെല്ലുലോയിഡി"ലെ കാറ്റേ കാറ്റേ എന്നു തുടങ്ങുന്ന ഗാനം മലയാളക്കരയാകെ അലയടിച്ചു. ആ പാട്ട് ഒരിക്കലെങ്കിലും മൂളാത്തവര്‍ കുറവായിരിക്കും. ആദ്യ പാട്ടിനു തന്നെ സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണ്ണയ സമിതിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹയായി. മാത്രമല്ല, വിജയലക്ഷ്മിയുടെ വേറിട്ട ആലാപന ശൈലി പരക്കെ അംഗീകരിക്കപ്പെട്ടു. അതോടെ കൂടുതല്‍ അവസരങ്ങളും കൈവന്നു. കാഴ്ച നല്‍കുന്ന ഞരമ്പുകള്‍ ചുരുങ്ങിയതാണ് വിജയലക്ഷമിയ്ക്ക് കാഴ്ചയില്ലാതിരിക്കാന്‍ കാരണം. ഒപ്റ്റിക് അട്രോഫി എന്നാണ് ആ അവസ്ഥയുടെ പേര്. ഇത് മാറ്റാനുള്ള സംവിധാനം അമേരിക്കയില്‍ തുടങ്ങിക്കഴിഞ്ഞു. "ബയോണിക് ഐ' എന്ന ഈ സംവിധാനം വിജയലക്ഷ്മിക്കു ഗുണപ്രദമാകുമോ എന്നും പൂമരം സംഘം അന്വേഷിക്കുന്നുണ്ട്.അതുകൊണ്ടു തന്നെ ഈ ഷോയുടെ വിജയം അമേരിക്കന്‍ മലയാളികളുടെ സുമനസിന്റെ വിജയം കൂടിയാണ്.

പുല്ലാംകുഴലില്‍ നാദവിസ്മയം തീര്‍ക്കുന്ന ചേര്‍ത്തല രാജേഷും, ബിനോയിയും അടങ്ങുന്ന സംഘം ഒരുക്കുന്ന സംഗീതവിരുന്നും ഇതോടൊപ്പം അവതരിപ്പിക്കും.

ഡയമണ്ട് നെക്ക്‌ലേസിലൂടെ മലയാള സിനിമയിലെത്തി ഒപ്പത്തിലെ പോലീസ് ഓഫിസര്‍ വരെയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച ചലച്ചിത്ര നടി അനുശ്രീയും , രൂപശ്രീ, സജ്ന നജാം, ശ്രുതി തമ്പി, ഷാജു തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന നൃത്ത നൃത്ത്യങ്ങള്‍ കാണികള്‍ക്കു ആവേശമാകും.സ്റ്റേറ്റ് ഫിലിം അവാര്‍ഡ് ജേതാവ് സജ്ന നജാം ആണ് നൃത്ത സംവിധാനം നിര്‍വഹിക്കുന്നത്. "മുത്തേ പൊന്നേ പിണങ്ങല്ലേ' എന്ന ഹിറ്റ് പാട്ട് എഴുതി ഈണം പകര്‍ന്ന അരിസ്റ്റോ സുരേഷ്, അനുകരണ കലയുടെ മുടിചൂടാ മന്നന്‍ ആയ അബിയുടെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന കോമഡി ഷോയും, നടന്‍ അനൂപ് ചന്ദ്രനും, ആക്ഷന്‍ ഹീറോ സുരേഷും ഒരുക്കുന്ന കോമഡി സ്കിറ്റുകളും പുതിയ അനുഭവമാകും നമുക്ക് സമ്മാനിക്കുക. മിന്നലേ ജീനു, വിനീത്, അഭിഷ് എന്ന പുതു തലമുറയിലെ കലാകാരന്‍മാര്‍ പൂമരത്തിനൊപ്പം ന്യൂജേഴ്‌സിയിലെ കാണികളെ വിസ്മയിപ്പിക്കുവാന്‍ എത്തും.

"പൂമരം " ഷോയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്:
മാധവന്‍ ബി നായര്‍, ചെയര്‍മാന്‍, 732 718 7355
വിനീത നായര്‍, പി ര്‍ ഒ, 732 874 3168

For tickets
https://eventzter.com/mytickets/

റിപ്പോര്‍ട്ട്: വിനീത നായര്‍