മലങ്കര കത്തോലിക്കാ സഭയിലെ രണ്ട് മെത്രാന്‍മാരുടെ അഭിഷേകത്തിന് അടൂര്‍ ഒരുങ്ങുന്നു

By Karthick

Monday 18 Sep 2017 14:42 PM

അടൂര്‍: മലങ്കര കത്തോലിക്കാ സഭയില്‍ പുതുതായി വാഴിക്കപ്പെടുന്ന രണ്ടു മെത്രാന്‍മാരുടെ അഭിഷേക ശുശ്രൂഷയ്ക്ക് അടൂര്‍ ഒരുങ്ങുന്നു. 87-ാമത് പുനരൈക്യവാര്‍ഷിക സഭാസംഗമത്തിനു വേദിയൊരുങ്ങുന്ന അടൂര്‍ മാര്‍ ഈവാനിയോസ് നഗറിലെ (ഗ്രീന്‍വാലി കണ്‍വന്‍ഷന്‍ സെന്‍റര്‍) താത്കാലിക മദ്ബഹയില്‍ 21നാണ് മെത്രാഭിഷേകം .പുത്തൂര്‍ രൂപതയുടെ അധ്യക്ഷനായി നിയമിതനായ മോണ്‍.ഡോ.ഗീവര്‍ഗീസ് കാലായില്‍ റന്പാനും കൂരിയ ബിഷപ്പും യൂറോപ്പ്, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലെ അപ്പസ്‌തോലിക വിസിറ്ററുമായി നിയമിതനായ മോണ്‍.ഡോ.യൂഹാനോന്‍ കൊച്ചുതുണ്ടില്‍ റന്പാനുമാണു മെത്രാന്‍മാരായി വാഴിക്കപ്പെടുന്നത്.

21നു രാവിലെ എട്ടിന് അന്ത്യോക്യാ സുറിയാനി കത്തോലിക്കാ പാത്രിയര്‍ക്കീസ് ഇഗ്നാത്തിയോസ് യൂസഫ് യൗനാന്‍ ബാവ, കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, വത്തിക്കാന്‍ സ്ഥാനപതി ജാംബത്തിസ്ത ദിക്വാത്രോ, സഭയിലെ മറ്റു മെത്രാപ്പോലീത്തമാര്‍ എന്നിവരോടൊപ്പം നിയുക്ത ബിഷപ്പുമാരെയും സ്വീകരിക്കും.

തുടര്‍ന്ന് സഭാധ്യക്ഷന്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ജാംബത്തിസ്ത ദിക്വാത്രോ വചനസന്ദേശം നല്‍കും. സമൂഹബലി മധ്യേ മെത്രാഭിഷേക ശുശ്രൂഷകള്‍ നടക്കും. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാര്‍മികനാകും. അന്ത്യോക്യയിലെ സുറിയാനി കത്തോലിക്കാ പാത്രിയര്‍ക്കീസ് ഇഗ്നാത്തിയോസ് യൂസഫ് യൗനാന്‍ ബാവയും മെത്രാപ്പോലീത്തമാരും സഹകാര്‍മികരാകും.കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണു പുതിയ മെത്രാന്‍മാരുടെ പ്രഖ്യാപനം ഉണ്ടായത്. പിന്നീട് ഇരുവര്‍ക്കും റമ്പാന്‍പട്ടം നല്‍കി.

കര്‍ണാടകയിലെ സൗത്ത് കാനറ കേന്ദ്രമായിട്ടുള്ള പുത്തൂര്‍ രൂപതയുടെ രണ്ടാമത്തെ ഇടയനായാണ് മോണ്‍. ഡോ. ഗീവര്‍ഗീസ് കാലായില്‍ അഭിഷിക്തനാകുന്നത്. പ്രഥമ ബിഷപ് ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്ത സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്ന് രൂപതയുടെ അഡ്മിനിസ്ട്രേറ്ററായി അദ്ദേഹം പ്രവര്‍ത്തിച്ചുവരികയായിരുന്നു. പത്തനംതിട്ട - റാന്നിയാണ് ജന്മദേശമെങ്കിലും മാതാപിതാക്കള്‍ സൗത്ത് കാനറ ന്യൂജിബാല്‍ത്തിലയില്‍ താമസമാക്കുകയായിരുന്നു. സഭയില്‍ വിവിധ പദവികള്‍ വഹിച്ചിട്ടുള്ള അദ്ദേഹം പുത്തൂര്‍ രൂപതയുടെ പ്രഥമ വികാരി ജനറാളുമായിരുന്നു.

ബിഷപ് തോമസ് മാര്‍ അന്തോണിയോസ് പൂനെ എക്‌സാര്‍ക്കേറ്റിന്‍റെ അധ്യക്ഷനായി നിയമിതനായതിനേ തുടര്‍ന്നുള്ള ഒഴിവിലാണ് മോണ്‍. യൂഹാനോന്‍ കൊച്ചുതുണ്ടില്‍ കൂരിയ ബിഷപ്പാകുന്നത്. പത്തനംതിട്ട അടൂര്‍ - പുതുശേരിഭാഗം സ്വദേശിയാണ്. സഭയില്‍ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള അദ്ദേഹം ആര്‍ച്ച്ബഷപ് ബനഡിക്ട് മാര്‍ ഗ്രീഗോറിയോസിന്‍റെ സെക്രട്ടറിയായിരുന്നു. മേജര്‍ അതിരൂപതാ കോടതികളുടെ വിവിധ ചുമതലകള്‍, ചാന്‍സലര്‍, വികാരി ജനറാള്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി തുടങ്ങിയ പദവികളും ഗുഡ്ഗാവ് രൂപതയില്‍ ചാന്‍സലര്‍, വികാരി ജനറാള്‍ ചുമതലകളും വഹിച്ചിട്ടുണ്ട്.