നോര്‍ത്ത് കൊറിയയുമായി യുദ്ധസാധ്യതയെന്നു നിക്കി ഹേലി

By Eswara

Monday 18 Sep 2017 14:42 PM

വാഷിങ്ടണ്‍ : നോര്‍ത്ത് കൊറിയയുമായി യുദ്ധത്തിന് സാധ്യതയെന്ന് അമേരിക്കയുടെ യുഎന്‍ അംബാസിഡര്‍ നിക്കി ഹേലി വെളിപ്പെടുത്തി. മുന്നോട്ടുള്ള നടപടിക്രമങ്ങള്‍ക്ക് പെന്റഗണ് ഗ്രീന്‍ സിഗ്‌നല്‍ കൊടുത്തതായിട്ടാണ് അറിയുന്നത്. ഇതിനിടയില്‍ അടുത്ത ദിവസങ്ങളില്‍ ചൈനയോ, റഷ്യയോ ഇടപെട്ട് നോര്‍ത്ത് കൊറിയന്‍ ന്യുക്ലിയര്‍ ടെസ്റ്റുകള്‍ നിര്‍ത്തിച്ചില്ലെങ്കില്‍ അമേരിക്കയുടെ അക്രമണം ഉണ്ടാകുമെന്ന് ഏകദേശം ഉറപ്പായിരിക്കുന്നു.

അമേരിക്കയുടെ താക്കീത് വിലയ്‌ക്കെടുക്കാതെ നോര്‍ത്ത് കൊറിയ വീണ്ടും ജപ്പാനു മുകളിലൂടെ ബാലിസ്റ്റിക്ക് മിസൈല്‍ വിക്ഷേപണം നടത്തി. നോര്‍ത്ത് കൊറിയന്‍ തലസ്ഥാനമായ പ്യുയോംഗ് യാംഗില്‍ നിന്നും തൊടുത്തുവിട്ട മിസൈല്‍ ജപ്പാനുമുകളിലൂടെ 2300 മൈല്‍ കടന്ന് പസഫിക്ക് സമുദ്രത്തില്‍ പതിച്ചു. അമേരിക്കയുടെയും സഖ്യരാജ്യങ്ങളുടെയും നയതന്ത്രശ്രമങ്ങളൊന്നും തന്നെ ഡെമോക്രാറ്റിക്ക് പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് കൊറിയ വിലയ്‌ക്കെടുക്കുന്നില്ല. ഓഗസ്റ്റ് അവസാനവാരത്തില്‍ ജപ്പാനുമുകളിലൂടെ ബാലിസ്റ്റിക്ക് മിസൈല്‍ വിക്ഷേപിച്ചപ്പോള്‍ അമേരിയ്ക്കന്‍ പ്രസിഡന്റ് ഏറെക്കടുത്ത ഭാഷയില്‍ താക്കീത് നല്‍കിയിരുന്നു. ഫയര്‍ ആന്റ് ഫ്യൂരി എന്ന ട്രംപിന്റെ അന്നത്തെ പ്രയോഗം നോര്‍ത്ത് കൊറിയയെ ആക്രമിച്ചു കീഴ്‌പ്പെടുത്തുന്നതിനുള്ള യുദ്ധത്തിന്റെ മുന്നറിയിപ്പായി പല സഖ്യരാജ്യങ്ങളും കരുതിയിരുന്നു. എന്നാല്‍ യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് റെക്‌സ് ടില്ലേഴ്‌സന്‍, അമേരിയ്ക്കയുടെയും യുഎന്‍ അംബാസിഡര്‍ നിക്കി ഹേലി തുടങ്ങിയ നിരവധി പേരും ഡെമോക്രാറ്റിക്ക് പാര്‍ട്ടി നേതാക്കളും അനുരജ്ഞന ചര്‍ച്ചകളിലൂടെ യുദ്ധം ഒഴിവാക്കാന്‍ ശ്രമിച്ചുവരികയായിരുന്നു. അതോടൊപ്പം നോര്‍ത്ത് കൊറിയയെ മറ്റു രാജ്യങ്ങളില്‍ നിന്നും ഒറ്റപ്പെടുത്തി ഓയില്‍ ഇറക്കുമതി വരെ നിരോധിച്ച് 90 ശതമാനം രാജ്യങ്ങളേയും സഹകരിപ്പിച്ച് നടത്തിയ നിരോധനങ്ങളും ഒരു കീഴടങ്ങലിനു കാരണമായി. നോര്‍ത്ത് കൊറിയന്‍ തലവന്‍ കിംമ് ജോംഗ് ഉന്‍ പരിഗണിക്കാത്ത സാഹചര്യത്തില്‍ യുദ്ധമല്ലാത്തെ മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ലാത്ത അവസ്ഥയിലെത്തിയിരിക്കുന്നതായിട്ടാണ് അമേരിക്കയുടെ യുഎന്‍ അംബാസിഡര്‍ നിക്കി ഹേലി കാണുന്നത്.

അമേരിക്കയുടെ ആക്രമണം ഉണ്ടായാല്‍ നോര്‍ത്ത് കൊറിയ അമേരിക്കയുടെ ഗ്വാമിലുള്ള മിലിറ്ററി കേന്ദ്രം തകര്‍ക്കുമെന്ന് ഭീഷണിയുമുണ്ട്. 1945 ല്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ ജപ്പാനിലെ ഹിരോഷിമയിലും നാഗര്‍സാക്കിയിലുമിട്ട ആറ്റംബോംബ് ഒരു ലക്ഷത്തിലേറെ പേരുടെ മരണത്തിനിടയാക്കുകയും ഏറെപ്പേര്‍ക്ക് പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. അന്നത്തെ ബോംബിനെക്കാള്‍ പതിന്മടങ്ങ് ശക്തിയുള്ളവയാണ് ഇന്നത്തെ ബോംബുകള്‍. നോര്‍ത്ത് കൊറിയയില്‍ 250 ലക്ഷത്തോളം ജനസംഖ്യയുണ്ട് ഇവരുടെ ജീവന് പുല്ലുവില പോലും കല്‍പിക്കാതെയാണ് കിംമ് ജോംഗ് ഇന്‍ മറ്റു രാജ്യങ്ങളെ യെല്ലാം ശത്രുപക്ഷത്താക്കി ന്യൂക്ലിയര്‍ ടെസ്റ്റുമായി മുന്നോട്ടു പോകുന്നത്.