മലങ്കര പുനരൈക്യവാര്‍ഷിക സഭാസംഗമത്തിനു തുടക്കമായി

By Karthick

Wednesday 20 Sep 2017 02:25 AM

അടൂര്‍: മലങ്കര കത്തോലിക്കാ സഭയുടെ 87ാമത് പുനരൈക്യ വാര്‍ഷികാഘോഷങ്ങള്‍ക്ക് അടൂരില്‍ തുടക്കമായി. ദൈവദാസന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ ആഗോള കത്തോലിക്കാ സഭയിലേക്ക് മലങ്കര സഭ പുനരൈക്യപ്പെട്ടതിന്‍റെ സ്മരണയിലാണു സഭാവിശ്വാസികള്‍ അടൂരില്‍ സംഗമിക്കുന്നത്.

സംഗമത്തില്‍ മുഖ്യാതിഥിയായെത്തിയ അന്ത്യോക്യ സുറിയാനി കത്തോലിക്കാ പാത്രിയര്‍ക്കീസ് മാര്‍ ഇഗ്‌നാത്തിയോസ് യൂസഫ് യൗനാന്‍ ബാവയെ ഇന്നലെ ഉച്ചകഴിഞ്ഞ് അടൂര്‍ പൗരാവലിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചുകൊണ്ടാണു പരിപാടികള്‍ക്കു തുടക്കം കുറിച്ചത്. മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും അന്ത്യോക്യന്‍ പ്രതിനിധി സംഘവും മെത്രാപ്പോലീത്തമാരും സ്വീകരണ പരിപാടികളില്‍ പങ്കെടുത്തു. അടൂരില്‍ പുനര്‍നിര്‍മിച്ച തിരുഹൃദയ മലങ്കര കത്തോലിക്കാ ദേവാലയത്തിന്‍റെ മൂറോന്‍ കൂദാശ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ പ്രധാന കാര്‍മികത്വത്തില്‍ നടന്നു.

മലങ്കര കത്തോലിക്കാ സഭയുടെ വിവിധ രൂപതകളിലെ എംസിവൈഎം പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള ദീപശിഖ, ഛായാചിത്രം, ലോഗോ പ്രയാണങ്ങള്‍ വൈകുന്നേരം അടൂരില്‍ സംഗമിച്ചു. തുടര്‍ന്ന് സമ്മേളനവേദിയായ അടൂര്‍ ഗ്രീന്‍വാലി കണ്‍വന്‍ഷന്‍ സെന്‍ററിലെ മാര്‍ ഈവാനിയോസ് നഗറില്‍ പ്രയാണങ്ങള്‍ ആഘോഷപൂര്‍വം എത്തിയതോടെയാണു സമ്മേളന നഗറില്‍ പതാക ഉയര്‍ന്നത്.

പേപ്പല്‍ പതാക കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും കാതോലിക്ക പതാക ബിഷപ് തോമസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്തയും എംസിവൈഎം പതാക ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് മെത്രാപ്പോലീത്തയും ഉയര്‍ത്തി. ജോസഫ് മാര്‍ തോമസ്, ജേക്കബ് മാര്‍ ബര്‍ണബാസ്, ഫിലിപ്പോസ് മാര്‍ സ്‌തേഫാനോസ്, വിന്‍സന്‍റ് മാര്‍ പൗലോസ്, സാമുവേല്‍ മാര്‍ ഐറേനിയോസ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.

തിരുവനന്തപുരം മേജര്‍ അതിരൂപതയിലെ പട്ടം സെന്‍റ് മേരീസ് കത്തീഡ്രലിലെ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ കബറിങ്കല്‍നിന്നുള്ള ദീപശിഖ, മാര്‍ത്താണ്ഡം രൂപതയില്‍നിന്ന് ബൈബിള്‍, മാവേലിക്കര രൂപതയില്‍നിന്ന് ദൈവദാസന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ ഛായാചിത്രം, തിരുവല്ല അതിരൂപതയില്‍നിന്ന് യാക്കോബ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ ഛായാചിത്രം, പത്തനംതിട്ട രൂപതയില്‍നിന്നു വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ഛായാചിത്രം എന്നിവയും സമ്മേളന നഗറിലെത്തിച്ചു.


പേപ്പല്‍ പതാക പുത്തൂര്‍ രൂപതയില്‍നിന്നും കാതോലിക്കാ പതാക ബത്തേരി രൂപതയില്‍നിന്നും എംസിവൈഎം പതാക മൂവാറ്റുപുഴ രൂപതയില്‍നിന്നുമാണ് കൊണ്ടുവന്നത്. പുനരൈക്യ ലോഗോ പൂന കട്കി എക്‌സാര്‍ക്കേറ്റില്‍ നിന്നും എംസിവൈഎം ലോഗോ ഡല്‍ഹി ഗുഡ്ഗാവ് രൂപതയില്‍നിന്നുമാണ് കൊണ്ടുവന്നത്.

ഇന്നു രാവിലെ 6.30ന് അടൂര്‍ തിരുഹൃദയ ദേവാലയത്തില്‍ പ്രഭാത പ്രാര്‍ഥനയും തുടര്‍ന്ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ സമൂഹബലിയും നടക്കും. ആര്‍ച്ച്ബിഷപ് ഡോ.തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത വചനസന്ദേശം നല്‍കും.

പത്തുമുതല്‍ സഭയിലെ ബാല, യുവജന, അല്മായ സംഗമങ്ങള്‍ വിവിധ വേദികളില്‍ നടക്കും. വൈകുന്നേരം നാലിന് മാര്‍ ഇഗ്‌നാത്തിയേസ് യൂസഫ് യൗനാന്‍ പാത്രിയര്‍ക്കീസ് ബാവയോടൊത്ത് പ്രത്യേക പരിപാടി നടക്കും. തീച്ചൂളയിലെ സഭ സംസാരിക്കുന്നുവെന്ന പ്രത്യേക പരിപാടിയില്‍ സിറിയയില്‍ െ്രെകസ്തവ സഭ നേരിടുന്ന പ്രശ്‌നങ്ങളും പീഡനങ്ങളും പാത്രിയര്‍ക്കീസ് ബാവ പങ്കുവയ്ക്കും. വൈകുന്നേരം സുവിശേഷ സന്ധ്യ. നാളെ രാവിലെ ആഘോഷമായ പൊന്തിഫിക്കല്‍ കുര്‍ബാന മധ്യേ മെത്രാഭിഷേക ശുശ്രൂഷകളും നടക്കും. പുനരൈക്യ വാര്‍ഷികത്തോടനുബന്ധിച്ച സഭാതല അല്മായ, യുവജന, മാതൃ, ബാലസംഗമങ്ങള്‍ ഇന്ന് അടൂരിലെ വിവിധ വേദികളിലായി നടക്കും.