റോഹിങ്ക്യക്കാര്‍ക്ക് സൗദി രാജാവിന്‍െറ വക 15 ദശലക്ഷം ഡോളര്‍ സഹായം

By Karthick

Wednesday 20 Sep 2017 16:43 PM

ജിദ്ദ: മ്യാന്‍മറില്‍ നിന്ന് പലായനം ചെയ്ത റോഹിങ്ക്യക്കാര്‍ക്ക് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്‍െറ വക 15 ദശലക്ഷം ഡോളര്‍ സഹായം. റോയല്‍കോര്‍ട്ട് ഉപദേഷ്ടാവും കിങ് സല്‍മാന്‍ റീലീഫ് സന്‍െറര്‍ ജനറല്‍ സൂപര്‍വൈസറുമായ ഡോ. അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് അല്‍റബീഅ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. വാഷിങ്ടണിലെ അമേരിക്കന്‍ പ്രതിനിധിസഭാ ആസ്ഥാനത്ത് അറബ് അമേരിക്കന്‍ റിലേഷന്‍ ദേശീയ സമിതി അംഗങ്ങളുമായും യു.എസ്, ജി.സി.സി രാജ്യങ്ങളുടെ കോഫഓപറേഷന്‍ കമ്മിറ്റിയുമായും കൂടിക്കാഴ്ച നടത്തിയ ശേഷം സൗദി പ്രസ് ഏജന്‍സിക്ക് നല്‍കിയ പ്രസ്താവനയിലാണ് 15 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ റോഹിങ്ക്യക്കാര്‍ക്ക് വകയിരുത്താന്‍ സല്‍മാന്‍ രാജാവ് കല്‍പന പുറപ്പെടുവിച്ച കാര്യം ഡോ. അല്‍റബീഹ് അറിയിച്ചത്.

ഗവണ്‍മന്‍െറിന്‍െറ കടുത്ത നടപടികളെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന റോഹിങ്ക്യന്‍ ജനതക്ക് ആശ്വാസമേകാന്‍ മുമ്പ് നല്‍കിയ സഹായ ഹസ്തത്തിന്‍െറ തുടര്‍ച്ചയാണിതെന്നും അദ്ദേഹം പറഞ്ഞു. സഹായം സംബന്ധിച്ച നിര്‍ദേശം വന്നതുമുതല്‍ റിലീഫ് കേന്ദ്രത്തില്‍ നിന്ന് ബംഗ്‌ളാദേശിലേക്ക് പോകാനും അവിടെയെത്തിയ റോഹിങ്ക്യക്കാരുടെ അവസ്ഥകളും അടിയന്തിര ആവശ്യങ്ങളും മനസ്സിലാക്കി സഹായങ്ങള്‍ നല്‍കാനും സംഘങ്ങളെ ഒരുക്കിയതായും അദ്ദേഹം പറഞ്ഞു.
സല്‍മാന്‍ രാജാവിന്‍െറ നിര്‍ദേശത്തെ തുടര്‍ന്ന് റിലീഫ് കേന്ദ്രത്തിനു കീഴില്‍ പല സഹായ പദ്ധതികളും ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്. വിവിധ തരത്തിലുള്ള സഹായങ്ങള്‍ ഇതിലുണ്ട്. മ്യാന്‍മറിലെ റാഖീന്‍ സ്‌റ്റേറ്റില്‍ കഴിഞ്ഞ റമദാനില്‍ 19,40400 ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ഇത് 11,6424 പേര്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ദുരിതബാധിതരായ കുടുംബങ്ങള്‍ക്കാവശ്യമായ സാധനങ്ങള്‍ കിറ്റിലുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.