റബര്‍:- മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ കര്‍ഷകര്‍ സ്വാഗതം ചെയ്യുന്നു: ഇന്‍ഫാം

By Karthick

Thursday 21 Sep 2017 10:14 AM

കോട്ടയം: ഇന്‍ഫാം നിരന്തരം നല്‍കിയ പദ്ധതി നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെയും കര്‍ഷകരുടെയും പങ്കാളിത്തത്തോടെ കൊച്ചിന്‍ എയര്‍പോര്‍ട്ട് കമ്പനി മാതൃകയില്‍ ടയര്‍ ഫാക്ടറിയും, അമൂല്‍ മാതൃകയില്‍ റബറുല്പാദകരുടെ സഹകരണസംഘങ്ങളും, റബറിന്റെ വ്യവസായ സാധ്യതകള്‍ പഠനം നടത്തുവാന്‍ വിദഗ്ദ്ധസമിതിയും രൂപീകരിക്കുവാനുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ കര്‍ഷകസമൂഹം സ്വാഗതം ചെയ്യുന്നുവെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

റബര്‍ വിപണിയിലെ വിലത്തകര്‍ച്ച അതിജീവിക്കുവാന്‍ സര്‍ക്കാരിന്റെ ഈ നിര്‍ദ്ദേശങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കണം. ആഭ്യന്തരവിപണി ശക്തിപ്പെടുത്തുവാനും കര്‍ഷകര്‍ക്ക് പ്രകൃതിദത്ത റബറിന് നല്ല വില ലഭ്യമാക്കുവാനും ഈ ശ്രമം ഉപകരിക്കും. സിയാല്‍ മാതൃകയില്‍ സര്‍ക്കാരും കര്‍ഷകരും 51:49 അനുപാത പങ്കാളിത്തത്തോടെയുള്ള സംരംഭങ്ങള്‍ക്ക് ഇന്‍ഫാം ഉള്‍പ്പെടെയുള്ള കര്‍ഷകപ്രസ്ഥാനങ്ങള്‍ സര്‍ക്കാരിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി