കാര്‍ഷികമേഖലയുടെ നിലനില്‍പിനായി കര്‍ഷകര്‍ സംഘടിച്ചു മുന്നേറണം: മാര്‍ മാത്യു അറയ്ക്കല്‍

By Karthick

Friday 22 Sep 2017 02:04 AM

കാഞ്ഞിരപ്പള്ളി: വന്‍ പ്രതിസന്ധിയിലായിരിക്കുന്ന കാര്‍ഷികമേഖലയുടെ നിലനില്‍പിനും സംരക്ഷണത്തിനും കര്‍ഷകര്‍ ഒറ്റക്കെട്ടായി സംഘടിച്ചു നീങ്ങണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ ആഹ്വാനം ചെയ്തു.

കേരള ഫാര്‍മേഴ്‌സ് ഫെഡറേഷന്‍(കെയ്ഫ്)ന്റെ സംസ്ഥാന കര്‍ഷക നേതൃസമ്മേളനം കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാര്‍ അറയ്ക്കല്‍.

സംഘടിതശക്തികളുടെ ഹിതത്തിനനുസരിച്ചാണ് ഇന്ന് അധികാരകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അസംഘടിതരായി വിഘടിച്ചുനില്‍ക്കുന്നതാണ് കര്‍ഷകരുടെ പരാജയം. കാര്‍ഷികപ്രശ്‌നങ്ങളെ സര്‍ക്കാരുകള്‍ നിസ്സാരവല്‍ക്കരിച്ചു കാണുന്നത് ഉത്തരവാദിത്വങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. ഇതിനു മാറ്റമുണ്ടാകണമെങ്കില്‍ കര്‍ഷകര്‍ക്ക് രാഷ്ട്രീയ നിലപാടുകളുണ്ടാകണം. ആഗോളവല്‍ക്കരണത്തിന്റെ ആഘാതങ്ങള്‍ ഇന്ത്യയിലെ കാര്‍ഷികമേഖലയില്‍ വന്‍ വെല്ലുവിളികളുയര്‍ത്തുന്നു. ഉല്പാദന, വിപണന, സംഭരണ മേഖലകളില്‍ മാറ്റങ്ങള്‍ വരുത്തുകയും കര്‍ഷകന് ഉല്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കുന്നുമില്ലെങ്കില്‍ ഇന്ത്യന്‍ കാര്‍ഷിക മേഖല വരുംനാളുകളില്‍ കൂടുതല്‍ പ്രതിസന്ധിയിലാകുമെന്നും മാര്‍ അറയ്ക്കല്‍ ഓര്‍മ്മിപ്പിച്ചു.

കേരള ഫാര്‍മേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ചെയര്‍മാന്‍ ജോര്‍ജ് ജെ.മാത്യു പൊട്ടംകുളം എക്‌സ് എംപി അധ്യക്ഷത വഹിച്ചു. ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. കട്ടപ്പന ഇമാം മൗലവി മുഹമ്മദ് റഫീഖ് അല്‍ കൗസരി, ഹൈറേഞ്ച് സംരക്ഷണ സമിതി രക്ഷാധികാരികളായ ആര്‍.മണിക്കുട്ടന്‍, സി.കെ.മോഹനന്‍, കേരള ഫാര്‍മേഴ്‌സ് ഫെഡറേഷന്‍ വൈസ് ചെയര്‍മാന്‍ വി.വി.അഗസ്റ്റിന്‍, ഇന്‍ഫാം കോട്ടയം ജില്ലാ പ്രസിഡന്റ് മാത്യു മാമ്പറമ്പില്‍, കെഇഎഫ്എഫ് സെക്രട്ടറി ജനറല്‍ ജോണി മാത്യു, , ജോഷി മണ്ണിപ്പറമ്പില്‍, ജോസഫ് മൈക്കിള്‍ കള്ളിവയലില്‍, ടോണി കുരുവിള ആനത്താനം, ജേക്കബ് സെബാസ്റ്റ്യന്‍ വെള്ളുക്കുന്നേല്‍, അനീഷ് കെ.എബ്രാഹം എന്നിവര്‍ സംസാരിച്ചു.

കേരളത്തിലെ 14 ജില്ലകളിലും ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ കേരള കര്‍ഷക ഫെഡറേഷന്‍ വിവിധ കര്‍ഷക പ്രസ്ഥാനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് കര്‍ഷക നേതൃസമ്മേളനങ്ങള്‍ വിളിച്ചുചേര്‍ക്കും. ഡിസംബര്‍ 1നും 2നും കോഴിക്കോട്ടും 15നും 16നും കോട്ടയത്തും ദ്വിദിന നേതൃക്യാമ്പും സമഗ്ര കാര്‍ഷിക രേഖാരൂപീകരണവും സംഘടിപ്പിക്കും. ജനുവരി മൂന്നാംവാരം കോട്ടയത്ത് സമ്പൂര്‍ണ്ണ കര്‍ഷക സംസ്ഥാന സമ്മേളനം ചേരും.

പ്രമേയത്തിലെ പ്രസക്ത ഭാഗങ്ങള്‍

സ്വന്തം ഭൂമിയില്‍ എന്തു കൃഷി ചെയ്യണമെന്നത് കര്‍ഷകന്റെ അവകാശമാണ്. ഇതിനെ നിയമനിര്‍മ്മാണങ്ങളിലൂടെ കൂച്ചുവിലങ്ങിടുന്നത് അംഗീകരിക്കില്ല. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്കും കര്‍ഷകനിലനില്‍പ്പിനും കൃഷികളിലും കൃഷിരീതികളിലും മാറ്റങ്ങള്‍ അനിവാര്യമാണ്. എങ്കില്‍ മാത്രമേ കാര്‍ഷികമേഖലയ്ക്ക് വരുംനാളുകളില്‍ നിലനില്‍ക്കാനാവൂ. ഇതിന് പ്രോത്സാഹനവും പിന്തുണയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

വന്‍കിട വ്യവസായികളുടെ ആദായനികുതി 30 ശതമാനമായിരിക്കുമ്പോള്‍ തോട്ടം മേഖലയുടെ ആദായനികുതി 50 ശതമാനമായിരിക്കുന്നത് കടുത്ത ദ്രോഹമാണ്. ഈ നടപടി സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി പുനഃപരിശോധിക്കണം.

ഭൂമിയിടപാടുകളില്‍ വിലയുടെ കാര്യത്തില്‍ സുതാര്യതയും കൃത്യതയും കൈവരിക്കുവാന്‍ രജിസ്‌ട്രേഷന്‍ ഫീസ് ഒരു ശതമാനമാക്കുകയും കുടുംബങ്ങളിലെ ഭാഗഉടമ്പടി, ധനനിശ്ചയാധാരം, ഇഷ്ടദാനം എന്നിവയില്‍ നാണയവിനിമയമില്ലാത്തതുകൊണ്ട് 1000 രൂപയായി പുനഃസ്ഥാപിക്കുകയും ചെയ്യണം.

ഭരണഘടനയേയും നിയമങ്ങളേയും ദുര്‍വ്യാഖ്യാനംചെയ്ത് കൃഷിക്കാരെ കോടതി വ്യവഹാരങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥ അജണ്ടകള്‍ കര്‍ഷകര്‍ തിരിച്ചറിയണം.

പതിറ്റാണ്ടുകള്‍ക്ക്മുമ്പ് പണം മുടക്കി ആധാരമെഴുതി പോക്കുവരവ് നടത്തി കരമടച്ച് കൈവശംവച്ചനുഭവിച്ച് സംരക്ഷിക്കുന്ന കൃഷിഭൂമിയുടെ നികുതി അടയ്ക്കുന്നത് നിഷേധിക്കുന്നതും പോക്ക്‌വരവ് നടത്തുവാന്‍ വിസമ്മതിക്കുന്നതുമായ റവന്യൂ അധികൃതരുടെ ധാര്‍ഷ്ഠ്യത്തിനെതിരെ നിയമനടപടികളും കര്‍ഷകപ്രക്ഷോഭവുമാരംഭിക്കുവാന്‍ ഈ സമ്മേളനം കര്‍ഷകരെ ആഹ്വാനം ചെയ്യുന്നു.

ജോഷി മണ്ണിപ്പറമ്പില്‍
ജനറല്‍ സെക്രട്ടറി
9745891131

വി.വി.അഗസ്റ്റിന്‍
വൈസ് ചെയര്‍മാന്‍
9447034114