യുഎസ് - ജര്‍മനി ബന്ധം നിര്‍ണായക വഴിത്തിരിവില്‍

By Eswara

Friday 22 Sep 2017 14:00 PM

ബര്‍ലിന്‍: യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയില്‍ ഹസ്തദാനം മുതലൊന്നും ശരിയായ രീതിയിലായിരുന്നില്ല. ട്രംപ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടും മുന്‍പേ ആരംഭിച്ച വൈരം പരിഹരിക്കാന്‍ അതിനു ശേഷവും കാര്യമായ ശ്രമമൊന്നും ഇരു ഭാഗത്തുനിന്നും ഉണ്ടായതുമില്ല.

എന്നാല്‍, ഇപ്പോള്‍ സാഹചര്യങ്ങള്‍ വ്യത്യസ്തമാകുന്നു. മെര്‍ക്കല്‍ നാലാം വട്ടവും ജര്‍മന്‍ ചാന്‍സലറായി തെരഞ്ഞെടുക്കപ്പെടുമെന്നാണ് വ്യാപകമായി വിശ്വസിക്കപ്പെടുന്നത്. ട്രംപിന്‍റെ കടുത്ത വിമര്‍ശകനായ എസ്പിഡി നേതാവ് സിഗ്മര്‍ ഗബ്രിയേല്‍ അടുത്ത മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയുടെ കസേരയില്‍ ഉണ്ടാകാനും സാധ്യതയില്ല.

ട്രംപിന്‍റെ നയങ്ങളിലുള്ള ശക്തമായ എതിര്‍പ്പു പരസ്യമായി പ്രകടിപ്പിക്കാന്‍ മടി കാണിച്ചിട്ടില്ലാത്ത നേതാവാണ് മെര്‍ക്കല്‍. യൂറോപ്യന്‍ വിരുദ്ധ നിലപാടുകള്‍ ട്രംപും മറച്ചു വയ്ക്കുന്ന പതിവില്ല.

നാറ്റോയില്‍ അടക്കം ജര്‍മനിയും യുഎസും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പ്രതിഫലിക്കും. വ്യാവസായിക കയറ്റുമതിയെ ആശ്രയിക്കുന്ന രാജ്യം എന്ന നിലയില്‍ ജര്‍മനിക്കും, അതിനെ നിരുത്സാഹപ്പെടുത്തുന്ന അമേരിക്കന്‍ സര്‍ക്കാരിനും ഇനി എങ്ങനെ ഒത്തുപോകാന്‍ സാധിക്കും എന്നത് ലോകത്തെ കൂടി ബാധിക്കുന്ന വിഷയമായാണ് മാറുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍