മാര്‍ത്തോമ സീനിയര്‍ ഫെലോഷിപ് നാഷ്ണല്‍ കോണ്‍ഫ്രറന്‍സിന് ഡാലസില്‍ തിരിതെളിഞ്ഞു

ഡാലസ്: മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന നാലാമത് നാഷ്ണല്‍ സീനിയര്‍ ഫെലോഷിപ് കോണ്‍ഫ്രറന്‍സ് ഡാലസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ ഇടവക ഓഡിറ്റോറിയത്തില്‍ നടന്ന പ്രൗഢഗംഭീര ചടങ്ങില്‍ ഭദ്രാസനാധിപന്‍ ബിഷപ് ഡോ.ഐസക് മാര്‍ ഫിലക്സിനോസ് ഉത്ഘാടനം ചെയ്തു.

സെപ്റ്റംബര്‍ 20 ബുധനാഴ്ച മുതല്‍ 23 ശനിയാഴ്ച വരെ നടത്തപ്പെടുന്ന കോണ്‍ഫ്രറന്‍സില്‍ ഭദ്രാസനത്തിന്റെ വിവിധ ഇടവകകളില്‍ നിന്നായി 450 ല്‍ പരം സീനിയര്‍ സിറ്റിസണ്‍സ് ആയ പ്രതിനിധികളും, അനേക വൈദീകരും പങ്കെടുക്കുന്നുണ്ട്.

എന്റെ സംവത്സരങ്ങളോട് ജീവിതത്തെ ചേര്‍ക്കുവാന്‍ ഈ മലയും ഞാന്‍ ഏറ്റെടുക്കുന്നു.(Claiming the Mountain Adding Life to Years) എന്ന ബൈബിളിലെ കാലെബിന്റെ വാക്കുകളാണ് കോണ്‍ഫ്രറന്‍സിന്റെ മുഖ്യചിന്താവിഷയം.

പ്രമുഖ ധ്യാനഗുരുവും, ഫാമിലി കൗണ്‍സിലിംഗിലെ ആചാര്യനുമായ ഫാ.ജോസഫ് പുത്തന്‍പുരക്കല്‍, റവ.എബ്രഹാം സ്കറിയ, റവ.പി.സി.സജി, റവ.മാത്യു ശാമുവേല്‍, റിന്‍സി മാത്യു, പ്രീന മാത്യു എന്നിവരാണ് വിവിധ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ജനറല്‍ കണ്‍വീനര്‍ തോമസ് മാത്യുവിന്റെ നേതൃത്വത്തില്‍ ഈശോ മാളിയേക്കല്‍, തോമസ് സ്ക്കറിയ, എബ്രഹാം മാത്യു, അലക്സ് ചാക്കോ, ചാക്കോ ജോണ്‍സണ്‍, വിജയ രാജു, ലീല അലക്സാണ്ടര്‍, ബാബു സി മാത്യു, അബ്രഹാം മാത്യു, ജോജി ജോര്‍ജ്, മറിയാമ്മ ഡാനിയേല്‍, സി.എം. മാത്യു എന്നിവരാണ് കോണ്‍ഫ്രറന്‍സിന്റെ വിവിധ കമ്മറ്റികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

റിപ്പോര്‍ട്ട്: ഷാജി രാമപുരം