ഉത്തര കൊറിയയ്‌ക്കെതിരേ അമേരിക്ക സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി

By Karthick

Friday 22 Sep 2017 14:12 PM

ബൈജിങ്: ഉത്തര കൊറിയയുടെ ആണവായുധ പരീക്ഷണങ്ങള്‍ക്ക് തടയിടാന്‍ സാമ്പത്തിക ഉപരോധം ശക്തമാക്കി യു.എസ്. ഉത്തര കൊറിയയുമായി ഇടപാടുകളുള്ള സ്ഥാപനങ്ങളില്‍ നിന്ന് ബന്ധമൊഴിവാക്കാന്‍ യു.എസ് ട്രഷറിയെ അധികാരപ്പെടുത്തുന്ന പുതിയ ഉത്തരവില്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ് ഒപ്പുവച്ചു. ആണവായുധ, മിസൈല്‍ പരീക്ഷണങ്ങള്‍ക്ക് വേണ്ടി ഉത്തരകൊറിയ അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥിതിയെ ദുരുപയോഗപ്പെടുത്തുകയായിരുന്നു. വിനാശകരമായ ആയുധങ്ങള്‍ വികസിപ്പിക്കാനുള്ള സാമ്പത്തിക സ്രോതസുകളെ വിച്ഛേദിക്കാനാണ് നടപടികള്‍ എടുത്തതെന്ന് ട്രംപ് പറഞ്ഞു.

പ്യോഗ്യാംഗുമായുള്ള എല്ലാവിധ സാമ്പത്തിക ഇടപാടുകളും നിര്‍ത്തണമെന്ന് ചൈന സെന്‍ട്രല്‍ ബാങ്ക്, മറ്റു ചൈനീസ് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് മൂണ്‍ ജേ ഇന്നുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്പ് സംസാരിക്കുകയായിരുന്നു ട്രംപ്.

ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിന്‍റെ പേരില്‍ ഉത്തരകൊറിയക്ക് എതിരേ യു.എന്‍ രക്ഷാസമിതി പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ട് രണ്ടാഴ്ച പിന്നിടുമ്പോഴാണ് അമേരിക്കയുടെ നീക്കം. പുതിയ ഉത്തരവ് ഒരേ ഒരു രാജ്യത്തെ മാത്രമാണ് ലക്ഷ്യമിടുന്നത്, അത് ഉത്തരകൊറിയയെ ആണെന്നും യു.എസ് പ്രസിഡന്‍റ് പറഞ്ഞു.