നായര്‍ സൊസൈറ്റി ഓഫ് ഡെലവെയര്‍വാലി ഓണാഘോഷവും കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫും

നായര്‍ സൊസൈറ്റി ഓഫ് ഡെലവെയര്‍വാലിയുടെ ഓണാഘോഷവും എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2018 കണ്‍വന്‍ഷന്‍ രജിസ്ട്രേഷന്‍ കിക്കോഫും സെപ്റ്റംബര്‍ 9-ന് പെന്‍സില്‍വേനിയയിലെ ഡ്രെക്‌സല്‍ ഹില്ലില്‍ വെച്ച് നടന്നു. ജനറല്‍ സെക്രട്ടറി അനില്‍ കുമാര്‍ കുറുപ്പിന്റെ ആമുഖപ്രസംഗത്തിനുശേഷം പ്രസിഡന്റ് ശ്രീമതി സുജാപിള്ള സ്വാഗതമാശംസിക്കുകയും ഓണാശംസകള്‍ നേരുകയും ചെയ്തു.

തികഞ്ഞ സമുദായ സ്‌നേഹിയും സീനിയര്‍ മെമ്പറുമായ പി.കെ. തങ്കപ്പന്‍ നായര്‍ ഓണസന്ദേശം നല്‍കി. സനാതന ധര്‍മ്മവും ആര്‍ഷഭാരത സംസ്കാരവും കണ്ടു മനസിലാക്കാനും അത് ഉള്‍ക്കൊള്ളുവാനും പുതിയ തലമുറക്ക് ഇതുപോലെയുള്ള ആഘോഷങ്ങള്‍ ഉപകരിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കപ്രസിഡന്റ് എം.എന്‍.സി. നായര്‍ പത്‌നി ശ്രീമതി രാജി നായരോടൊപ്പം ഓണാഘോഷത്തില്‍ പങ്കെടുത്ത് ആശംസകള്‍ നേര്‍ന്നു. 2018 ആഗസ്റ്റ് 10, 11, 12 തീയതികളില്‍ ചിക്കാഗോയില്‍ വെച്ച് നടക്കുന്ന നായര്‍ സംഗമത്തിന്റെ ശുഭാരംഭം കുറിച്ചുകൊണ്ട് ആദ്യത്തെ രജിസ്ട്രേഷന്‍ പി.കെ. തങ്കപ്പന്‍ നായരില്‍ നിന്ന് എം.എന്‍.സി. നായര്‍ ഏറ്റുവാങ്ങി. വളരെയധികം കുടുംബങ്ങള്‍ സംഗമത്തിലേക്ക് രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. നായര്‍ സൊസൈറ്റി ഓഫ് ഡെലവെയര്‍ ട്രഷറര്‍ അജിത് നായര്‍ തന്റെ പ്രസംഗത്തില്‍ നായര്‍ സംഗമം 2018 വിജയിപ്പിക്കുവാന്‍ നാമോരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്ന് ഊന്നിപ്പറയുകയുണ്ടായി.

വിവിധ കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഓണാഘോഷത്തിന് മാറ്റുകൂട്ടി.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍