മരിയ ചുഴലിക്കാറ്റ്: അണക്കെട്ട് തകര്‍ന്നു, പോര്‍ട്ടറീക്കോയില്‍ വെള്ളപ്പൊക്കം

സാന്‍ ജുവാന്‍ : പോര്‍ട്ടറീക്കോയില്‍ വീശിയടിച്ച മരിയ ചുഴലിക്കാറ്റില്‍ അണക്കെട്ട് തകര്‍ന്ന് ഗൗജത്താക്ക നദിയില്‍ മിന്നല്‍ പ്രളയം. വടക്കുപടിഞ്ഞാറന്‍ തടാകത്തിലെ അണക്കെട്ട് തകര്‍ന്നതോടെ ഇസബെല്ല, ക്വാബ്രഡിലാസ് നഗരങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലായി.

യുഎസിന്റെ നിയന്ത്രണത്തിലുള്ള കരീബിയന്‍ ദ്വീപായ പോര്‍ട്ടറീക്കോയില്‍ മരിയ ചുഴലിക്കാറ്റില്‍ 13 പേരാണു മരിച്ചത്. ഇതോടെ കരീബിയന്‍ മേഖലയില്‍ മരിച്ചവരുടെ എണ്ണം 33 ആയി.

അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ പടിഞ്ഞാറ് രൂപം കൊണ്ട മരിയ ചുഴലിക്കാറ്റ് ഇതിനോടകം വേഗം കുറഞ്ഞ് കാറ്റഗറി മൂന്നിലേക്കു മാറിയിട്ടുണ്ട്. ബഹാമസിലേക്കാണ് ഇനി മരിയയുടെ ദിശ.


മന്ത്രി തോമസ് ചാണ്ടിക്കെതിരേ കളക്ടറുടെ റിപ്പോര്‍ട്ട്; കയല്‍ കയ്യേറിയെന്ന്

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ട് നിര്‍മാണത്തില്‍ കായല്‍ കയ്യേറ്റവും ചട്ടലംഘനവും ഉണ്ടായെന്ന് ആലപ്പുഴ കലക്ടര്‍ ടി.വി. അനുപമയുടെ റിപ്പോര്‍ട്ട്. 2013 മുതലുള്ള ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെയാണു കയ്യേറ്റം സ്ഥിരീകരിച്ചത്. കായല്‍പ്രദേശത്തിന്റെ ഘടന തന്നെ മാറിപ്പോയതായി പരിശോധനയില്‍ കാണാം. വിശദ അന്വേഷണം ആവശ്യമാണ്– റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ലേക്ക് പാലസ് റിസോര്‍ട്ടിനടത്തു പാര്‍ക്കിങ് സ്ഥലം നിര്‍മിച്ചതു കായല്‍ നികത്തിയാണ്. ഇതു ഭൂനിയമ ലംഘനമാണ്. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ‘വാട്ടര്‍ വേള്‍ഡ് ’കമ്പനിയാണു റിസോര്‍ട്ട് നിര്‍മിച്ചത്. ഇവരോട് 26നു വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്–പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.

റവന്യു മന്ത്രി ഇ.ചന്ദ്രശേഖരനെ നേരില്‍ കണ്ടാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ചീഫ് സെക്രട്ടറി, റവന്യു സെക്രട്ടറി, മുഖ്യമന്ത്രിയുടെ ഓഫിസ് എന്നിവിടങ്ങളിലും പകര്‍പ്പു കൈമാറി. കുട്ടനാട്ടില്‍ മാര്‍ത്താണ്ഡം കായലിലെ കയ്യേറ്റം സംബന്ധിച്ചും ആരോപണമുണ്ട്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കൂടി ഉള്‍പ്പെടുത്തിയാവും അന്തിമ റിപ്പോര്‍ട്ട്.

അതിനിടെ ലേക്ക് പാലസ് റിസോര്‍ട്ടിനുള്ള നികുതിയിളവു റദ്ദാക്കാന്‍ നഗരസഭ പ്രത്യേക കൗണ്‍സില്‍ തീരുമാനം. റിസോര്‍ട്ട് കെട്ടിടനിര്‍മാണ രേഖകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ നാലു ജീവനക്കാരെ നഗരസഭ സസ്‌പെന്‍ഡ് ചെയ്തു. നിര്‍മാണരേഖകള്‍ 15 ദിവസത്തിനുള്ളില്‍ ഹാജരാക്കാന്‍ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിക്ക് നോട്ടിസ് നല്‍കും.

റിസോര്‍ട്ടിന്റെ നികുതി നഗരസഭ 91,700 രൂപയില്‍നിന്ന് 32,500 ആയി കുറച്ചിരുന്നു. തദ്ദേശ വകുപ്പിന്റെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണു കുറച്ചത്. ഇതു റവന്യു ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി പുനഃസ്ഥാപിക്കും. നഗരസഭയ്ക്ക് നഷ്ടമായ തുക തിരികെ ഈടാക്കും.