ടാക്‌സി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം: യുവതികള്‍ക്കെതിരേ അന്വേഷണത്തിന് ഉത്തരവ്

By Karthick

Sunday 24 Sep 2017 14:29 PM

കൊച്ചി : ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറെ യുവതികള്‍ ചേര്‍ന്ന് ആക്രമിച്ച സംഭവം അന്വേഷിക്കാന്‍ കമ്മിഷണര്‍ക്ക് ഡിജിപിയുടെ നിര്‍ദേശം. പ്രതികള്‍ക്കെതിരെ ദുര്‍ബല വകുപ്പ് ചുമത്തിയതിനെക്കുറിച്ച് അന്വേഷിക്കും. കേസില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുമെന്നും ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

ടാക്‌സി ഡ്രൈവറെ യുവതികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ ന്യൂസ് ചാനലുകള്‍ പുറത്തു വിട്ടിരുന്നു. നാട്ടുകാരില്‍ ചിലര്‍ ഇടപെട്ടിട്ടു പോലും യുവതികള്‍ ഡ്രൈവറെ മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. യുവതികള്‍ കാറിനു സമീപത്തുവച്ച് ഡൈവറായ ഷഫീക്കിനെ മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

മര്‍ദ്ദനമേറ്റ ഷഫീക്കിനെ നാട്ടുകാരില്‍ ചിലര്‍ പിടിച്ചു മാറ്റിയിട്ടും യുവതികള്‍ ഷഫീക്കിന്റെ മുഖത്തിടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തം. കാര്യമായ പ്രകോപനമൊന്നുമില്ലാതെയാണ് യുവതികള്‍ ഡ്രൈവറെ മര്‍ദ്ദിച്ചതെന്ന് സംഭവത്തിന്റെ പ്രധാന സാക്ഷി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതിനു പിന്നാലെയാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വരുന്നത്.

കരിങ്കല്ലു കൊണ്ട് ഡ്രൈവറുടെ തലയില്‍ അടിച്ചു പരുക്കേല്‍പ്പിച്ചിട്ടും യുവതികള്‍ക്കെതിരെ നിസാര വകുപ്പുകള്‍ മാത്രം ചുമത്തിയ പൊലീസ് നടപടിയെ കുറിച്ചും വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.