മെര്‍ക്കല്‍ അധികാരം നിലനിര്‍ത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലം

By Eswara

Monday 25 Sep 2017 02:15 AM

ബര്‍ലിന്‍: ജര്‍മനിയില്‍ ഞായറാഴ്ച നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ആംഗേല മെര്‍ക്കല്‍ അധികാരം നിലനിര്‍ത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലം. ബ്രെക്‌സിറ്റും അഭയാര്‍ഥി പ്രവാഹവും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഉറച്ച നിലപാട് സ്വീകരിച്ച മെര്‍ക്കലിനുള്ള അംഗീകാരമായാണ് നാലാം തവണയും വോട്ടര്‍മാര്‍ അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്. യൂറോപ്പിലെ ഏറ്റവും ശക്തമായ സമ്പദ്വ്യവസ്ഥയുടെ സാരഥിയായി 2005ലാണ് മെര്‍ക്കല്‍ ആദ്യം തിരഞ്ഞെടുക്കപ്പെടുന്നത്.

പ്രധാന എതിരാളികളായ മാര്‍ട്ടിന്‍ ഷുള്‍സ് നയിക്കുന്ന മധ്യ ഇടതുകക്ഷി സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെ (എസ്.പി.ഡി.), മെര്‍ക്കലിന്റെ യാഥാസ്ഥിതിക കക്ഷി മുന്നണി (സി.ഡി.യു.സി.എസ്.യു.) വന്‍വ്യത്യാസത്തില്‍ തോല്‍പ്പിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നത്. മെര്‍ക്കലിന്റെ മുന്നണി 3436 ശതമാനം വോട്ടുകളും എസ്.പി.ഡി. 2123 ശതമാനം വോട്ടുകളും നേടുമെന്നാണ് പ്രവചനം.

തീവ്രവലതുകക്ഷി ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എ.എഫ്.ഡി.) ചരിത്രത്തിലാദ്യമായി പാര്‍ലമെന്റ് സീറ്റ് സ്വന്തമാക്കുമെന്നും പ്രതീക്ഷിക്കുന്നു.

തിരഞ്ഞെടുപ്പില്‍ ഏറ്റവും ചര്‍ച്ചയാവുന്നത് എ.എഫ്.ഡി.യുടെ മുന്നേറ്റമാണ്. ഇസ്ലാംവിരുദ്ധ, കുടിയേറ്റവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുന്നോട്ടുവെക്കുന്ന എ.എഫ്.ഡി. 11 മുതല്‍ 13 വരെ ശതമാനം വോട്ടുകള്‍ നേടി മൂന്നാമത്തെ വലിയ കക്ഷിയാവുമെന്നാണ് വിലയിരുത്തല്‍. 'യഥാര്‍ഥ നാസികള്‍' എന്നാണ് ജര്‍മന്‍ വിദേശകാര്യമന്ത്രി സിഗ്മല്‍ ഗബ്രിയേല്‍ എ.എഫ്.ഡി.യെ വിശേഷിപ്പിച്ചത്. പാര്‍ട്ടിയുടെ അറുപതോളം അംഗങ്ങള്‍ പാര്‍ലമെന്റിലുണ്ടാകുമെന്നാണ് സര്‍വേഫലം.