ബ്രോങ്ക്സ് ഫൊറോന ദേവാലയത്തില്‍ ഓണം ആഘോഷിച്ചു

ന്യൂയോര്‍ക്ക്: സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റേയും, മതസൗഹാര്‍ദ്ദത്തിന്റേയും മധുരസ്മരണകള്‍ അയവിറക്കിക്കൊണ്ട്, പൂക്കളം ഒരുക്കിയും, താലപ്പൊലിയുടെ അകമ്പടിയോടുകൂടി മാവേലി മന്നനെ എതിരേറ്റും, ഇലയില്‍ വിളമ്പിയ വിഭവസമൃദ്ധമായ ഓണസദ്യയോടു കൂടിയും, ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിലെ ഇക്കൊല്ലത്തെ ഓണാഘോഷങ്ങള്‍ വര്‍ണ്ണാഭമായി!

സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ്(എസ്.എം.സി.സി.) ആണ് ഓണഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. സെപ്റ്റംബര്‍ 17-ാം തീയതി ഞായറാഴ്ച വി.കുര്‍ബ്ബാനക്കു ശേഷം പാരീഷ് ഹാളില്‍ കൂടിയ ഓണാഘോഷം വികാരി ഫാ.ജോസ് കണ്ടത്തിക്കുടി ഉദ്ഘാടനം ചെയ്തു. അസി.വികാരി.ഫാ.റോയിസന്‍ മേനോലിക്കല്‍ ഓണസന്ദേശം നല്‍കി. എസ്.എം.സി.സി. പ്രസിഡന്റ് ജോസ് മലയില്‍ ചടങ്ങില്‍ സ്വാഗതം ആശംസിച്ചു.

തുടര്‍ന്ന്, താലപ്പൊലിയുടേയും, ചെണ്ടമേളത്തിന്റേയും അകമ്പടിയോടുകൂടി മാവേലിയെ എതിരേറ്റു. കാത്തലിക് വിമെന്‍സ് അസോസിയേഷന്‍ അവതരിപ്പിച്ച തിരുവാതിര ശ്രദ്ധേയമായി. സിബിച്ചന്‍ മാമ്പിള്ളി ഒരുക്കിയ, ക്രിസ്തീയ പശ്ചാത്തലത്തിലുള്ള പൂക്കളം ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി. ഇലയിട്ട് ചിട്ടയോടെ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യ ഗൃഹാതുരത്വം ഉണര്‍ത്തുന്നതായിരുന്നു.

ഓണാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എസ്.എം.സി.സി.യെ വികാരി ഫാ.ജോസ് കണ്ടത്തിക്കുടി അനുമോദിച്ചു. കേരളത്തിന്റെ സമൃദ്ധമായ സംസ്കാരവും, പാരമ്പര്യവും, മത സൗഹാര്‍ദ്ദവുമൊക്കെ, അമേരിക്കയില്‍ വളരുന്ന നമ്മുടെ മക്കള്‍ക്ക് അനുഭവവേദ്യമാക്കുവാന്‍ ഇത്തരം ആഘോഷങ്ങള്‍കൊണ്ട് സാധിക്കുമാറാകട്ടെ എന്ന് അച്ചന്‍ ആശംസിച്ചു.

ജോസഫ് കാഞ്ഞമല; ഷാജി സഖറിയാ, ജോജോ ഒഴുകയില്‍, മാര്‍ട്ടിന്‍ പെരുംമ്പായില്‍, ബിജു പൈറ്റുതറ, സണ്ണി ഇലവുങ്കല്‍, റോയി മേത്താനത്ത് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി