കരമടയ്ക്കല്‍ നിഷേധിച്ച് കര്‍ഷകരെ കുടിയിറക്കാനുള്ള നീക്കം അനുവദിക്കില്ല: വി.സി.സെബാസ്റ്റ്യന്‍

By Karthick

Tuesday 26 Sep 2017 15:01 PM

കൊച്ചി: പതിറ്റാണ്ടുകള്‍ക്ക്മുമ്പ് പണം മുടക്കി, ആധാരമെഴുതി, പോക്കുവരവ് നടത്തി, കരമടച്ച്, കൈവശംവച്ചനുഭവിച്ച് കൃഷിചെയ്ത് സംരക്ഷിക്കുന്ന ഭൂമിയുടെ നികുതി അടയ്ക്കുന്നത് ഇപ്പോള്‍ നിഷേധിക്കുന്നതും പോക്ക്‌വരവ് നടത്തുവാന്‍ വിസമ്മതിക്കുന്നതും കൃഷിഭൂമി വനഭൂമിയായി മാറ്റാന്‍ ശ്രമിക്കുന്നതുമായ റവന്യൂ-വനം അധികൃതരുടെ ധാര്‍ഷ്ഠ്യത്തിനെതിരെ വിവിധ കര്‍ഷകസംഘടനകളുമായി ചേര്‍ന്ന് നിയമനടപടികളും കര്‍ഷകപ്രക്ഷോഭവുമാരംഭിക്കുമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

കാര്‍ഷികോല്പന്നങ്ങളുടെ വിലത്തകര്‍ച്ചമൂലം സാമ്പത്തിക പ്രതിസന്ധിയില്‍ കര്‍ഷകര്‍ രാജ്യത്തുടനീളം ആത്മഹത്യ ചെയ്യുമ്പോള്‍ ഭൂനികുതി സ്വീകരിക്കാതെ സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരെ വെട്ടിലാക്കിയിരിക്കുന്നത് ക്രൂരതയാണ്. കര്‍ഷകര്‍ക്ക് കൃഷിഭൂമിപോലും നഷ്ടപ്പെടുന്ന ഭീതിയാണ് റവന്യൂ-വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നിരന്തരം സൃഷ്ടിക്കുന്നത്. കരമടയ്ക്കാന്‍ സാധിക്കാത്തതുകൊണ്ട് ഭൂമി ബാങ്കുകളില്‍ പണയംവയ്ക്കാനോ, വില്‍ക്കുവാനോ തുടര്‍കൃഷിക്കായി പണം സമാഹരിക്കുവാനോ സാധിക്കുന്നില്ല.

വനം വിസ്തൃതി ഉയര്‍ത്തിക്കാട്ടാന്‍ കൃഷിചെയ്യുന്ന കര്‍ഷകരുടെ ഭൂമി വനഭൂമിയാക്കി മാറ്റാനുള്ള വനംവകുപ്പ് ശ്രമങ്ങളെയും സര്‍വ്വെ നടപടികളെയും കര്‍ഷകര്‍ എതിര്‍ക്കും. ഭൂമാഫിയകളെ സംരക്ഷിക്കുവാന്‍ ചെറുകിട കര്‍ഷകരെ പീഡിപ്പിക്കുന്ന വനം-റവന്യൂ വകുപ്പുകളുടെ ധിക്കാരനടപടികള്‍ക്കെതിരെ കര്‍ഷകര്‍ സംഘടിച്ചുപ്രവര്‍ത്തിക്കണം. കേരളത്തില്‍ 9107 ചതുരശ്ര സ്ക്വയര്‍ കിലോമീറ്റര്‍ സംരക്ഷിത വനഭൂമിയുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ രേഖകളിലുണ്ട്. എന്നാല്‍ ഇതിനോടകം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തില്‍നിന്നും വിദേശ പരിസ്ഥിതി എജന്‍സികളില്‍ നിന്നും സ്വീകരിച്ചിരിക്കുന്ന സാമ്പത്തിക സഹായംവഴി കേരളത്തിലെ വനത്തിന്റെ വിസ്തീര്‍ണ്ണം കൂടിയെന്ന് സ്ഥാപിക്കാന്‍ കര്‍ഷകരെ കുടിയിറക്കുവാനുള്ള ഗൂഢശ്രമമാണ് വനംവകുപ്പ് നടത്തുന്നത്. ചെറുകിട കര്‍ഷകര്‍ വനം കൈയ്യേറ്റക്കാരല്ല. വനം സംരക്ഷിക്കുവാന്‍ ഉത്തരവാദിത്വപ്പെട്ട വനപാലകരും റവന്യൂ ഇതര ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വങ്ങളും ഭൂമാഫിയാസംഘങ്ങളും ചേര്‍ന്നു നടത്തുന്ന വനം വില്പനയുടെയും വനംകൈയ്യേറ്റത്തിന്റെയും മറവില്‍ കര്‍ഷകരെ ബലിയാടാക്കാന്‍ അനുവദിക്കില്ല. 1947 ഓഗസ്റ്റ് 15നു ശേഷവും യാതൊരു രേഖകളുമില്ലാതെ കേരളത്തിലെ വന്‍കിട തോട്ടങ്ങള്‍ കൈവശംവച്ചിരിക്കുന്ന വിദേശകമ്പനികളുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന രാജമാണിക്യം റിപ്പോര്‍ട്ട് നടപ്പിലാക്കുവാന്‍ സാധിക്കാത്തവര്‍ ചെറുകിട കര്‍ഷകന്റെമേല്‍ കുതിരകയറുവാന്‍ ശ്രമിക്കരുതെന്ന് വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.

ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി