അടുത്ത വര്‍ഷം സൗദിയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കും

By Karthick

Wednesday 27 Sep 2017 03:31 AM

ജിദ്ദ: ചരിത്രപ്രധാനമായ ഒരു നീക്കത്തിലൂടെ സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. ആഭ്യന്തര മന്ത്രാലയത്തിനോടാണ് രാജാവിന്റെ ഉത്തരവ്. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെയായിരിക്കണം െ്രെഡവിങ് ലൈസെന്‍സ് നല്‍കുന്ന കാര്യമെന്ന് ഉത്തരവ് അനുശാസിച്ചു.

ഉത്തരവ് പ്രയോഗവല്‍ക്കരിക്കുന്നത് സംബന്ധിച്ച പഠനം നടത്താന്‍ ആഭ്യന്തര, ധനകാര്യ, തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയങ്ങളുടെ ഒരു ഉന്നത സമിതിയ്ക്ക് രൂപം നല്‍കിയിട്ടുമുണ്ട്. സമിതി മുപ്പതു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ജൂണ്‍ 24 മുതല്‍ ഉത്തരവ് നടപ്പിലാവണമെന്നും സല്‍മാന്‍ രാജാവ് കല്പിച്ചു.

സ്ത്രീകള്‍ക്ക് വാഹനം ഓടിക്കുന്നതിനുള്ള അനുമതിയില്ലാത്തതിനാല്‍ സൗദി സമൂഹത്തിനുണ്ടാകുന്ന ദോഷവശങ്ങളും പ്രയാസങ്ങളും അത് അനുവദിക്കുന്നതിലൂടെ ഉണ്ടാകുന്ന ഗുണപരമായ കാര്യങ്ങളും സൗകര്യങ്ങളും പരിഗണിച്ചു കൊണ്ടാണ് ഇക്കാര്യത്തിലുള്ള പുതിയ തീരുമാനമെന്ന് സല്‍മാന്‍ രാജാവ് ഉത്തരവില്‍ വിവരിച്ചു. അതോടൊപ്പം ഈ വിഷയത്തിലെ ഗുണദോഷങ്ങള്‍ പരിഗണിച്ച സൗദിയിലെ ഉന്നത മതപണ്ഡിത സഭയുടെ ഭൂരിപക്ഷ അംഗങ്ങളുടെ അഭിപ്രായവും ഗൗനിച്ചിട്ടുണ്ട്. കണിശമായ നിയമ ക്രമീകരണങ്ങളിലൂടെ ദൂഷ്യവശങ്ങള്‍ ഒഴിവാക്കാവുന്നതാണെന്നും പണ്ഡിത സഭ അഭിപ്രായപ്പെട്ടിട്ടുണ്ട്. സമൂഹത്തിന്റെ സുരക്ഷിതത്വവും അതിന്റെ പരിരക്ഷയും ഏറ്റവും വലിയ പ്രാമുഖ്യത്തിലെടുത്തു അതിനായുള്ള എല്ലാ നടപടികളും സ്വീകരിക്കണമെന്നും രാജാവ് ഓര്‍മപ്പെടുത്തി.

റിപ്പോര്‍ട്ട്: ജയന്‍ കൊടുങ്ങല്ലൂര്‍