കനേഡിയന്‍ നഴ്‌സസ് അസോസിയേഷന്‍ ഓണാഘോഷം ദുരിതബാധിതര്‍ക്ക് സഹായ ഹസ്തമായി

ടൊറന്റോ: കാനഡയിലെ നഴ്‌സുമാരുടേയും കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും കൂട്ടായ്മയായ കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്‍ (സി.എം.എന്‍.എ) പാര്‍ശ്വവത്കരിക്കപ്പെട്ടവരും, ദുരിതമനുഭവിക്കുന്നവര്‍ക്കും സഹായകമാകാന്‍ നടത്തിയ ഓണാഘോഷം ഏവര്‍ക്കും സന്തോഷത്തിന്റെ അലയടിയായി. മാവേലി മന്നന്റെ ഓര്‍മ്മ പുതുക്കുമ്പോള്‍ സമത്വത്തിന്റെ സാരോപദേശം ശിരാസവഹിച്ച് ഓണം ആഘോഷിച്ച കാനഡയിലെ ഏറ്റവും വലിയ പ്രൊഫഷണല്‍ ഓര്‍ഗനൈസേഷന്‍ ജനശ്രദ്ധ നേടി.

കാനഡയിലെ ആരോഗ്യ-സാമൂഹിക- സാംസ്കാരിക-സാമ്പത്തിക മേഖലകളില്‍ പൊതുജനങ്ങള്‍ക്കും നഴ്‌സുമാര്‍ക്കും, പുതുതായി എത്തിച്ചേരുന്നവര്‍ക്കും വേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ സി.എം.എന്‍.എ നടത്തിവരുന്നു. ബ്ലഡ് ഡോണര്‍ ക്ലിനിക്കുകള്‍, ഓര്‍ഗന്‍ ഡോണര്‍ ഇന്‍ഫര്‍മേഷന്‍ സെഷന്‍സ്, ഹെല്‍ത്ത് അവയര്‍നെസ് സെഷന്‍സ് എന്നിവ ഇതില്‍ ചിലതുമാത്രം. ഉദ്യോഗാര്‍ത്ഥികള്‍ക്കായി "ടിപ്‌സ് ഫോര്‍ സക്‌സസ് ഇന്‍ ഇന്റര്‍വ്യൂസ്' എന്ന പരിപാടിയും വിജയകരമായി നടത്തിവരുകയും നിരവധി പേര്‍ക്ക് ഇതിലൂടെ ജോലി ലഭിക്കുകയും ചെയ്യുന്നു.

കാനഡയില്‍ ദീര്‍ഘകാലം സേവനം ചെയ്ത നഴ്‌സുമാര്‍ക്ക് ലോംഗ് സര്‍വീസ് അവാര്‍ഡുകള്‍ നല്‍കി ആദരിക്കുകയും ചെയ്യുന്നു.

ഈവര്‍ഷം ഓണാഘോഷം വഴി സ്വരൂപിച്ച തുക ബ്രിട്ടീഷ് കൊളംബിയയില്‍ കാട്ടുതീ മൂലം ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി സി.എം.എന്‍.എ വൈസ് പ്രസിഡന്റ് ഷീലാ ജോണില്‍ നിന്നും സി.എം.എന്‍.എ സെക്രട്ടറി സൂസന്‍ ഡീന്‍ കണ്ണമ്പുഴ ഏറ്റുവാങ്ങി കനേഡിയന്‍ റെഡ്‌ക്രോസിനു കൈമാറി.

സി.എം.എന്‍.എ ജോയിന്റ് സെക്രട്ടറി ഫിബി ജേക്കബ് ചടങ്ങില്‍ വിശിഷ്ടാതിഥികള്‍ക്ക് സ്വാഗതം അരുളി. നിരവധി വിശിഷ്ട വ്യക്തികള്‍ ഓണാഘോഷത്തില്‍ സി.എം.എന്‍.എയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. സുജാത ഗണേഷിന്റെ നേതൃത്വത്തിലുള്ള എസ്.ജി എക്‌സ്പ്രഷന്‍സ് കലാ അക്കാഡമി അവതരിപ്പിച്ച തിരുവാതിര ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. ഡോ. ജോബിന്‍ വര്‍ഗീസ് നടത്തിയ "ഏര്‍ളി ഡിറ്റക്ഷന്‍ ആന്‍ഡ് ട്രീറ്റ്‌മെന്റ് ഓഫ് സ്‌ട്രോക്ക്' എന്ന ഇന്‍ഫര്‍മേഷന്‍ സെഷന്‍ ശ്രദ്ധേയമായി. സി.എം.എന്‍.എ വൈസ് പ്രസിഡന്റ് ഷീലാ ജോണിന്റെ നന്ദി പ്രകാശനത്തിനുശേഷം നടന്ന ഓണസദ്യയോടെ ആഘോഷങ്ങള്‍ക്ക് തിരശീല വീണു. കുട്ടികള്‍ക്കായി സി.എം.എന്‍.എ ഒരുക്കിയ 'ക്ലൗണ്‍ വിത്ത് ബലൂണ്‍സ്' മാതാപിതാക്കള്‍ക്ക് വലിയ ആശ്വാസമായി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം