ജര്‍മനിയില്‍ തീവ്രവലതുപക്ഷ പാര്‍ട്ടികളുടെ വിജയത്തില്‍ ആശങ്ക

By Karthick

Wednesday 27 Sep 2017 13:18 PM

ബെര്‍ലിന്‍: ജര്‍മന്‍ പൊതുതെരഞ്ഞെടുപ്പില്‍ നാലാമതും ചാന്‍സലറായി അംഗലാ മെര്‍ക്കല്‍ അധികാരത്തിലെത്തുമെന്ന് ഉറപ്പായതോടെ യുദ്ധാനന്തരം ജര്‍മനിയെ ഏറ്റവും കൂടുതല്‍ കാലം നയിക്കാനുള്ള ചരിത്രനിയോഗമാണ് മെര്‍ക്കലിന് കൈവന്നിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം തീവ്രവലതുപക്ഷ പാര്‍ട്ടി ആയ ആള്‍ട്ടര്‍േനറ്റീവ് ഫോര്‍ ജര്‍മനിക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായി. മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക്.പാര്‍ട്ടി നേരത്തെ പ്രവചിക്കപ്പെട്ടതുപോെല 33 ശതമാനം വോട്ടുകളാണ് നേടിയത്. ഇത് 2013 െന അപേക്ഷിച്ച് ഒമ്പത് ശതമാനം കുറവാണ്. പ്രധാന എതിരാളിയും സഖ്യകക്ഷിയുമായ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ 21 ശതമാനം വോട്ടുകളും.

നവ നാസികളെന്ന് അറിയപ്പെടുന്ന തീവ്രവലതുപക്ഷ കക്ഷിയായ ആള്‍ട്ടര്‍േനറ്റീവ് ഫോര്‍ ജര്‍മനി 13 ശതമാനം വോേട്ടാടെ മൂന്നാം സ്ഥാനത്തെത്തിയത് അന്താരാഷ്ട്ര തലത്തില്‍ ആശങ്ക പരത്തിയിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഒരു തീവ്രവലതുപക്ഷ പാര്‍ട്ടി ജര്‍മന്‍ പാര്‍ലമെന്റില്‍ സാന്നിധ്യമറിയിക്കുന്നത് ആദ്യമായിട്ടാണ്. 2013ലെ തെരെഞ്ഞടുപ്പില്‍ എ.എഫ്.ഡി 4.2 ശതമാനം വോട്ടുകള്‍ മാത്രമാണ് നേടിയിരുന്നത്. എന്നാല്‍ ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റം എ.എഫ്.ഡിയുടെ മുന്നേറ്റമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

എ.എഫ്.ഡിയുടെ മുന്നേറ്റത്തില്‍ ജര്‍മനിയിലെ വിവിധ സിറ്റികളില്‍ പ്രതിക്ഷേധം അരങ്ങേറി. തെരഞ്ഞെടുപ്പ് ഫലം വന്ന ഞായറാഴ്ചയും, തുടര്‍ന്നും ആയിരക്കണക്കിനാളുകള്‍ തലസ്ഥാന നഗരിയായ ബര്‍ലിന്‍, ഫ്രാങ്ക്ഫര്‍ട്ട് എന്നിവിടങ്ങളില്‍ എ.എഫ്.ഡിക്കെതിരെ മുദ്രാവാക്യങ്ങളും, പ്ലാക്കാര്‍ട്ടുകളുമായി പ്രതിക്ഷേധ പ്രകടനം നടത്തി. എ.എഫ്.ഡിയുടെ വിജയത്തെ 'വിപ്ലവം' എന്നാണ് പാര്‍ട്ടിയുടെ മുതിര്‍ന്ന അംഗവും ഹിറ്റ്‌ലറുടെ ധനകാര്യമന്ത്രിയുടെ പേരമകനുമായ ബ്രട്ടിക്‌സ് വിശേഷിപ്പിച്ചത്. ഇപ്പോഴത്തേക്കാള്‍ മികച്ച ഫലമാണ് സി.ഡി.യു. പ്രതിക്ഷിച്ചിരുന്നതെന്ന് ചാന്‍സലര്‍ അംഗലാ മെര്‍ക്കല്‍ പറഞ്ഞു. എ.എഫ്.ഡിക്ക് വോട്ടുചെയ്തവരുടെ ആശങ്കകള്‍ കൂടി പരിഹരിച്ച് അവരെകൂടി കൂടെ ചേര്‍ത്ത് ഭരിക്കാന്‍ ശ്രമിക്കുകയെന്നും അംഗലാ മെര്‍ക്കല്‍ കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍