ആപ്പിള്‍ ഐഫോണ്‍ 6 എസ് പൊട്ടിത്തെറിച്ച് കോഴിക്കോട് യുവാവിനു പരിക്കേറ്റു

By Karthick

Wednesday 27 Sep 2017 13:19 PM

കോഴിക്കോട്: ആപ്പിള്‍ ഐഫോണ്‍ 6 എസ് പൊട്ടിത്തെറിച്ച് കോഴിക്കോട് യുവാവിനു പരിക്കേറ്റു. ജീന്‍സിന്റെ പോക്കറ്റില്‍ ഫോണ്‍ സൂക്ഷിച്ച നന്മണ്ട കുറൂളിത്താഴം കുറൂളിപ്പറമ്പത്ത് ഇസ്മായിലിന്റെ മകന്‍ പി.കെ. ജാഷിദിനാണ് (27) തുടയില്‍ ആഴത്തില്‍ പൊള്ളലേറ്റത്.

ചൊവ്വാഴ്ച രാവിലെ കാറിലേക്കു കയറാന്‍ തുടങ്ങുമ്പോഴാണ് പോക്കറ്റില്‍വച്ച് ഫോണ്‍ പൊട്ടിത്തെറിച്ചതെന്ന് ജാഷിദ് പറഞ്ഞു. കഴിഞ്ഞദിവസം വാങ്ങിയ ഐഫോണ്‍ 6 എസ് ആണ് കത്തിയത്. ഫോണ്‍ ഏതാണ്ടു പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ജീന്‍സിന്റെ പോക്കറ്റും കരിഞ്ഞു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയ യുവാവ് പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. ആപ്പിള്‍ കമ്പനിക്കും പരാതി നല്‍കുമെന്ന് അറിയിച്ചു.