രാമലീലയ്ക്ക് മികച്ച പ്രതികരണം; ദിലീപ് ജയിലില്‍ പൊട്ടിക്കരഞ്ഞു

By Karthick

Friday 29 Sep 2017 05:04 AM

ദിലീപ് ചിത്രം രാമലീലയ്ക്ക് മികച്ച പ്രതികരണം. സെപ്റ്റംബര്‍ 28ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വരും ദിവസങ്ങളിലേക്കുള്ള ഷോയും ബുക്കിങ് ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു. ചിത്രത്തിന് റെക്കോര്‍ഡ് കലക്ഷന്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും.

സിനിമയുടെ വലിയ വിജയം ആരാധകര്‍ ആഘോഷമാക്കി മാറ്റിയിരുന്നു. സിനിമയുടെ ആദ്യ ഷോയുടെ പ്രതികരണത്തിന് ശേഷം രാമലീലയുടെ സംവിധായകനായ അരുണ്‍ ഗോപിയും നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടവും പ്രൊഡക്ഷന്‍ കണ്ട്രോളര്‍ നോബിള്‍ജേക്കബും ദിലീപിനെ ജയിലിലെത്തി സന്ദര്‍ശിക്കുകയുണ്ടായി.

സിനിമയുടെ വിജയത്തെക്കുറിച്ച്‌ േകട്ടറിഞ്ഞ ദിലീപ് വികാരാധീനനായി. ഒരു പൊട്ടിക്കരച്ചലിലൂടെയാണ് അദ്ദേഹം ആ വാര്‍ത്ത കേട്ടത്. ഓണ്‍ലൈന്‍ മാധ്യമങ്ങളിലും തിയറ്ററുകളിലും ചിത്രത്തിന് മികച്ച റിപ്പോര്‍ട്ട് ഉണ്ടെന്ന് ദിലീപിനോട് ഇവര്‍ പറയുകയുണ്ടായി. എന്നാല്‍ മറ്റൊന്നും പറയാന്‍ അദ്ദേഹം മുതിര്‍ന്നില്ല.

ഒരു നടനും ഇങ്ങനെയൊരു ജീവിത സാഹചര്യത്തില്‍ക്കൂടി കടന്നുപോയിട്ടുണ്ടാകില്ല. സ്വന്തം സിനിമയുടെ റിലീസും അതിനെ പ്രേക്ഷകര്‍ ഏറ്റെടുത്ത വിവരവും ജയിലിനുള്ളില്‍ നിന്ന് അറിയേണ്ടി വരിക. രാമലീല റിലീസിനെത്തുമ്പോള്‍ ദിലീപിന്റെ മനസ്സിലെന്താകുമെന്നാകും പ്രേക്ഷകരും ചിന്തിച്ചിട്ടുണ്ടാകുക.

സിനിമയിലെ കഥാപാത്രം കടന്നുപോയ അതേജീവിതസാഹചര്യം നേരിടുക. ജീവിതത്തിലെ നിര്‍ണായകഘട്ടത്തില്‍ റിലീസിനെത്തിയ സിനിമ. അങ്ങനെ രാമലീല എന്ന സിനിമ ദിലീപിന്റെ ജീവിതത്തോട് ഒരുപാട് ചേര്‍ന്ന് നില്‍ക്കുന്നു.