മുംബൈയില്‍ റെയില്‍വേ ഓവര്‍ബ്രിഡ്ജിലുണ്ടായ തിക്കിലും തിരക്കിലും 22 മരണം

By Karthick

Friday 29 Sep 2017 18:04 PM

മുംബൈ: മുംബൈയിലെ എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വെ സ്‌റ്റേഷനിലെ ഓവര്‍ബ്രിഡ്ജിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 22 പേര്‍ മരിച്ചു. നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ നാലു സ്ത്രീകളും ഉള്‍പ്പെടുന്നു.

രാവിലെ 9.30നാണ് സംഭവം. ഒരേ സമയം മൂന്ന് ട്രെയിന്‍ വരികയും മഴ പെയ്തപ്പോള്‍ യാത്രക്കാര്‍ ഓടിക്കയറിയതാണ് അപകട കാരണമെന്ന് കരുതുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ 20 പേരുടെ നില ഗുരുതരമാണ്. സംഭവത്തെ കുറിച്ചു കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ഉന്നതാന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

22 പേരുടെ ജീവനെടുത്ത ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. മുംബൈയിലെ അവസ്ഥ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ മുംബൈയിലെത്തി എല്ലാ സഹായ സഹകരണവും ഉറപ്പുവരുത്തുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് താത്കാലികാശ്വാസമായി അഞ്ചു ലക്ഷം രൂപ നല്‍കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി വിനോദ് താവ്‌ദെ അറിയിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും ദുരന്തത്തില്‍ നടുക്കം രേഖപ്പെടുത്തി.