നാലു കുട്ടികളെ വീട്ടിലിരുത്തി യൂറോപ്യന്‍ പര്യടനത്തിനുപോയ മാതാവ് അറസ്റ്റില്‍

By Karthick

Saturday 30 Sep 2017 15:14 PM

ജോണ്‍സ്റ്റണ്‍ (അയോവ): 12 വയസ്സുമുതല്‍ 6 വയസ്സുവരെയുള്ള നാലു കുട്ടികളെ വീട്ടില്‍ തനിച്ചാക്കി 12 ദിവസത്തെ യൂറോപ്യന്‍ പര്യടനത്തിനുപോയ മാതാവിനെ തിരിച്ചുവിളിച്ച് പോലീസ് അറസ്റ്റ് ചെയ്തു.

സെപ്റ്റംബര്‍ 20-നാണ് ഇവര്‍ യാത്ര പുറപ്പെട്ടത്. ഒക്‌ടോബര്‍ ഒന്നിനാണ് തിരിച്ചുവരേണ്ടിയിരുന്നത്. എന്നാല്‍ പോലീസ് ഇവരുമായി ബന്ധപ്പെട്ടു. വ്യാഴാഴ്ച തിരിച്ചെത്തിയ ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഐറിന്‍ മാക്കി (30) യെയാണ് അറസ്റ്റ് ചെയ്ത് ജയിലടച്ചതെന്ന് ജോണ്‍സ്റ്റണ്‍ പോലീസ് വക്താവ് അറിയിച്ചു. ഇവരെ വെള്ളിയാഴ്ച (സെപ്റ്റംബര്‍ 29) കോടതിയില്‍ ഹാജരാക്കി. കോടതി 9000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

കുട്ടികളെ തനിച്ചാക്കിയതിനു പുറമെ, വീട്ടില്‍ ഫയര്‍ ആമും (Fire Arm) ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു. സെപ്റ്റംബര്‍ 21-നാണ് കുട്ടികളുടെ പിതാവ് വിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് അയോവ ഹ്യൂമന്‍ സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് കുട്ടികളെ കസ്റ്റഡിയില്‍ എടുത്ത് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

12 വയസ്സുള്ള രണ്ടു കുട്ടികള്‍ വീട്ടിലുണ്ടായിരുന്നതിനാലാണ് ഏഴും, ആറും വയസ്സുള്ള കുട്ടികളെ ഇവരെ ഏല്‍പിച്ച് പര്യടനത്തിനു പോയതെന്നു മാതാവ് പറഞ്ഞു. 12 വയസ്സുള്ള കുട്ടികള്‍ക്ക് ഇവരുടെ ചുമതലയേല്‍ക്കാന്‍ കഴിയുമെന്നാണ് താന്‍ കരുതിയിരുന്നതെന്നും മാതാവ് പറഞ്ഞു.

കുട്ടികളെ തനിച്ചാക്കി രാജ്യം വിട്ടുപോയതാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റം. കുട്ടികളെ കാണുന്നതിന് മാതാവിനെ കോടതി വിലക്കിയിട്ടില്ല.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍