കുവൈത്തില്‍ 15 ഇന്ത്യക്കാരുടെ വധശിക്ഷ ജീവപര്യന്തമാക്കി

By Karthick

Saturday 30 Sep 2017 15:16 PM

കുവൈത്ത് സിറ്റി: കുവൈത്തില്‍ 15 ഇന്ത്യക്കാരുടെ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു. കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹാണ് ശിക്ഷ ഇളവ് ചെയ്യാനുള്ള തീരുമാനം കൈക്കൊണ്ടത്. 119 ഇന്ത്യന്‍ തടവുകാരുടെ ശിക്ഷാകാലാവധി കുറക്കുകയും ചെയ്തു. ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കുവൈത്ത് അമീറിന്‍െറ കാരുണ്യത്തിന് സുഷമ സ്വരാജ് നന്ദി അറിയിച്ചു. ജയിലില്‍നിന്ന് വിട്ടയക്കുന്നവര്‍ക്കുള്ള സഹായങ്ങള്‍ കുവൈത്തിലെ എംബസി ചെയ്യുമെന്ന് സുഷമ വ്യക്തമാക്കി. വിഷയത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കുവൈത്തിലെ ഇന്ത്യന്‍ എംബസി അധികൃതരും പറഞ്ഞു. ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍ സെപ്റ്റംബര്‍ 19, 20 തീയതികളില്‍ കുവൈത്ത് സന്ദര്‍ശിക്കുകയും മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി കേരള സന്ദര്‍ശനത്തിനിടെ 149 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ സന്നദ്ധത അറിയിക്കുകയും കഴിഞ്ഞ ദിവസം ഇവരില്‍ പലരെയും ജയിലില്‍നിന്ന് വിട്ടയക്കുകയും ചെയ്തിരുന്നു. വിട്ടയക്കപ്പെട്ടവരുടെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കുന്നതിന് 35 കോടി രൂപയും ഷാര്‍ജ ഭരണാധികാരി അനുവദിച്ചിരുന്നു.