എം.എ ബേബിക്ക് സംസ്കൃതി സ്വീകരണം നല്‍കി

By Eswara

Sunday 01 Oct 2017 14:34 PM

ദോഹ: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദോഹയില്‍ എത്തിയ സിപിഎം പോളിറ്റ് ബ്യുറോ അംഗവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായിര്‍ന്ന എം.എ ബേബിക്ക് സംസ്കൃതി ഖത്തര്‍ സ്വീകരണം നല്‍കി. സ്കില്‍സ് ഡെവലപ്‌മെന്റ് സെന്ററില്‍ നടന്ന പരിപാടിയില്‍ സംസ്കൃതി പ്രസിഡന്റ് എ.കെ ജലീല്‍ അധ്യക്ഷത വഹിച്ചു.

കാണുന്നതാണ് സത്യം എന്ന് സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ പറയാന്‍ സാധിക്കില്ലെന്ന് നിരവധി ഫോട്ടോഷോപ്പ് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി എം.എ ബേബി അഭിപ്രായപ്പെട്ടു.സംഘര്‍ഷവും അനീതിയും നിറഞ്ഞ ഒരു ലോകത്താണ് നാം ജീവിക്കുന്നത് എന്നും ഇത്തിരി വട്ടം മാത്രം കാണാതിരിക്കാനും ഇത്തിരി മാത്രം ചിന്തിക്കാതിരിക്കാനും നമുക്ക് കഴിയണമെന്നും തിങ്ങിനിറഞ്ഞ സദസിനെ അദ്ദേഹം ഓര്‍മിപ്പിച്ചു.

പ്രവാസികളോട് ഏറ്റവും ക്രിയാത്മകമായ സമീപനമുള്ള സര്‍ക്കാരാണ് കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരെന്ന് വിവിധ പ്രവാസി ക്ഷേമപദ്ധതികളെ ഉദാഹരിച്ചു അദ്ദേഹം പറഞ്ഞു. രണ്ടു മണിക്കൂറോളം നീണ്ട പരിപാടിയില്‍ സദസുമായി സംവദിക്കാനും അവരുടെ ചോദ്യങ്ങള്‍ക്ക് വിശദമായിതന്നെ മറുപടി പറയാനും അദ്ദേഹം സമയം കണ്ടെത്തി. ചടങ്ങില്‍ സംസ്കൃതി ജനറല്‍ സെക്രട്ടറി കെ കെ ശങ്കരന്‍ സ്വാഗതവും സുഹാസ് പാറക്കണ്ടി നന്ദിയും പറഞ്ഞു.