കുടിയേറ്റ പ്രശ്‌നം: പുതിയ പദ്ധതിയുമായി യൂറോപ്യന്‍ യൂണിയന്‍

By Karthick

Sunday 01 Oct 2017 14:37 PM

ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്‍ അഭിമുഖീകരിക്കുന്ന കുടിയേറ്റ പ്രശ്‌നം പരിഹരിക്കുന്നതിന് യൂറോപ്യന്‍ യൂണിയന്‍ പുതിയ പദ്ധതി അവതരിപ്പിച്ചു. രണ്ടു വര്‍ഷത്തിനുള്ളില്‍ അര ലക്ഷം അഭയാര്‍ഥികളെ യൂറോപ്പില്‍ പുനരധിവസിപ്പിക്കാനാണ് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ അവതരിപ്പിച്ച പദ്ധതി ലക്ഷ്യമിടുന്നത്.

ഈ കാലഘട്ടത്തിലെ ഏറ്റവും വലുതും സങ്കീര്‍ണവും ഘടനാപരവുമായ പ്രതിസന്ധിയാണ് നേരിടാനുള്ളതെന്നും താത്കാലിക പരിഹാരങ്ങള്‍ മതിയാകില്ലെന്നും കമ്മീഷന്‍ വിലയിരുത്തുന്നു.

യൂറോപ്യന്‍ യൂണിയന്‍റെ ഐക്യത്തിനു ഭീഷണിയാകുന്ന രീതിയിലാണ് വിഷയം വളര്‍ന്നു വരുന്നത്. അഭയാര്‍ഥികള്‍ക്ക് ക്വോട്ട നിശ്ചയിച്ച് യൂണിയന്‍ അംഗരാജ്യങ്ങള്‍ സ്വീകരിക്കണമെന്ന നിര്‍ദേശം കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ അംഗീകരിച്ചിരുന്നില്ല. എന്നാല്‍, ഹംഗറിയും പോളണ്ടും ഇതിനെതിരേ സ്വീകരിച്ച നിയമ നടപടികള്‍ യൂറോപ്യന്‍ യൂണിയന്‍ കോടതി തള്ളുകയും ചെയ്തിരുന്നു.

അതേസമയം, ഈ പദ്ധതി ഫലം ചെയ്തു തുടങ്ങിയെന്നാണ് യൂറോപ്യന്‍ കമ്മീഷന്‍റെ വിലയിരുത്തല്‍. ഫലപ്രാപ്തിക്ക് ആക്കം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍