നികുതിയടയ്ക്കല്‍ നിഷേധിച്ച് കര്‍ഷകരെ കുടിയിറക്കാനുള്ള സര്‍ക്കാര്‍ നീക്കം എതിര്‍ക്കും: വി.സി.സെബാസ്റ്

By Karthick

Monday 02 Oct 2017 12:12 PM

തൊടുപുഴ: പതിറ്റാണ്ടുകള്‍ക്ക്മുമ്പ് പണം മുടക്കി, ആധാരമെഴുതി, പോക്കുവരവ് നടത്തി, കരമടച്ച്, കൈവശംവച്ചനുഭവിച്ച് കൃഷിചെയ്ത് സംരക്ഷിക്കുന്ന ഭൂമിയുടെ നികുതി അടയ്ക്കുന്നത് നിഷേധിക്കുന്നതും നല്‍കിയ പട്ടയങ്ങള്‍ റദ്ദ്‌ചെയ്ത് കൃഷിഭൂമി വനഭൂമിയാക്കി മാറ്റാന്‍ ശ്രമിക്കുന്നതുമായ റവന്യൂ-വനം അധികൃതരുടെ ധാര്‍ഷ്ഠ്യത്തിനെതിരെ വിവിധ കര്‍ഷകസംഘടനകളുമായി ചേര്‍ന്ന് നിയമനടപടികളും കര്‍ഷകപ്രക്ഷോഭവുമാരംഭിക്കുമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ വിലത്തകര്‍ച്ചയും കൃഷിനാശവും കടക്കെണിയുംമൂലം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ സാക്ഷര കേരളത്തില്‍ റവന്യൂ-വനം കൃഷി വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ നിരന്തരപീഡനത്താലുള്ള കര്‍ഷക ആത്മഹത്യകളുടെ എണ്ണം പെരുകുകയാണ്. വയനാട് ചക്കിട്ടപാറയില്‍ ജോയി എന്ന കര്‍ഷകര്‍ റവന്യൂ അധികൃതരുടെ പീഡനമേറ്റ് മാനസികാഘാതത്താല്‍ വില്ലേജ് ഓഫീസില്‍ ആത്മഹത്യചെയ്തിട്ട് അധികനാളായിട്ടില്ല. വെള്ളരിക്കുണ്ട് മാലോം വില്ലേജിലെ അത്തിയടുക്കംമലയിലെ എന്‍.ജെ.അലക്‌സാണ്ടര്‍ ഉദ്യോഗസ്ഥ നീതിനിഷേധത്താല്‍ മനംനൊന്ത് ഒലവക്കോട് വനംവകുപ്പ് ഓഫീസിനുസമീപം ലോഡ്ജില്‍ ആത്മഹത്യ ചെയ്തു. എന്നിട്ടും ഭൂനികുതി സ്വീകരിക്കാതെയും, ഭക്ഷ്യോത്പാദനമുള്ള കര്‍ഷകഭൂമി കൈയ്യേറിയും, നല്‍കിയ പട്ടയങ്ങള്‍ റദ്ദുചെയ്തും സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരെ ആത്മഹത്യയിലേയ്ക്ക് തള്ളിവിടുകയാണ്. കര്‍ഷകര്‍ക്ക് കൃഷിഭൂമി നഷ്ടപ്പെടുന്ന ഭീതിയാണ് റവന്യൂ-വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നിരന്തരം സൃഷ്ടിക്കുന്നത്.

സംസ്ഥാനത്തുടനീളം റവന്യൂ-വനം വകുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന കര്‍ഷകവിരുദ്ധ അജണ്ടയുടെ ആവര്‍ത്തനമാണ് പത്തനംതിട്ട ജില്ലയില്‍ നല്‍കിയ പട്ടയങ്ങള്‍ റദ്ദാക്കി അരങ്ങേറിയിരിക്കുന്നത്. വിവിധ മലയോരജില്ലകളില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന പട്ടയനടപടികള്‍ വനവിസ്തൃതി വ്യാപിപ്പിക്കാനായി അട്ടിമറിക്കാനുള്ള ഗൂഢശ്രമം നടക്കുന്നതായി സംശയിക്കപ്പെടുന്നു.

കൃഷിചെയ്യുന്ന കര്‍ഷകരുടെ ഭൂമി വനഭൂമിയാക്കി മാറ്റാനുള്ള വനംവകുപ്പ് ശ്രമങ്ങളെയും സര്‍വ്വെ നടപടികളെയും കര്‍ഷകര്‍ ശക്തമായി എതിര്‍ക്കും. ഭൂമാഫിയകളെ സംരക്ഷിക്കുവാന്‍ ചെറുകിട കര്‍ഷകരെ പീഡിപ്പിക്കുന്ന വനം-റവന്യൂ വകുപ്പുകളുടെ ധിക്കാരനടപടികള്‍ക്കെതിരെ കര്‍ഷകരും കര്‍ഷകപ്രസ്ഥാനങ്ങളും സംഘടിച്ചു മുന്നോട്ടുവരണം. 1947 ഓഗസ്റ്റ് 15നു ശേഷവും യാതൊരു രേഖകളുമില്ലാതെ കേരളത്തിലെ വന്‍കിട തോട്ടങ്ങള്‍ കൈവശംവച്ചിരിക്കുന്ന വിദേശകമ്പനികളുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന രാജമാണിക്യം റിപ്പോര്‍ട്ട് നടപ്പിലാക്കുവാന്‍ സാധിക്കാത്തവര്‍ ചെറുകിട കര്‍ഷകന്റെമേല്‍ കുതിരകയറുവാന്‍ ശ്രമിക്കരുതെന്ന് വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി