രാഹുല്‍ ഗാന്ധി ഐ.എന്‍.ഒ.സി കേരളാ ചാപ്റ്റര്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി

ന്യൂയോര്‍ക്ക്: രാഹുല്‍ ഗാന്ധിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ന്യൂയോര്‍ക്കിലെ ടൈം സ്ക്വയറില്‍ സെപ്റ്റംബര്‍ 20-നു ബുധനാഴ്ച നടന്ന ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു.എസ്.എയുടെ സമ്മേളനത്തില്‍ വച്ച് കേരളാ ചാപ്റ്റര്‍ പ്രതിനിധികളുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി.

ഐ.എന്‍.ഒ.സി കേരളയുടെ വിവിധ ചാപ്റ്ററുകളില്‍ നിന്നുള്ള പ്രതിനിധികള്‍ പ്രസ്തുത സമ്മേളനത്തില്‍ പങ്കെടുത്തു. ഐ.എന്‍.ഒ.സി കേരളാ ചാപ്റ്റര്‍ ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്, പ്രസിഡന്റ് ജോബി ജോര്‍ജ്, ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ചാക്കോട്ട് രാധാകൃഷ്ണന്‍, ട്രഷറര്‍ സജി ഏബ്രഹാം, ആര്‍.വി.പി ലൂയി ചിക്കാഗോ, നാഷണല്‍ യൂത്ത് കോര്‍ഡിനേറ്റര്‍ വിശാഖ് ചെറിയാന്‍, ഐ.എന്‍.ഒ.സി ചിക്കാഗോ യൂത്ത് പ്രതിനിധി ഗ്രിഗറി ജോസഫ് ജോര്‍ജ് തുടങ്ങിയവര്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ചകള്‍ നടത്തി.

ഇന്ത്യന്‍ ഓവര്‍ഗീസ് കോണ്‍ഗ്രസ് (ഐ.ഒ.സി) ചെയര്‍മാന്‍ സാം പിട്രോഡ, ഐ.എന്‍.ഒ.സി യു.എസ്.എ പ്രസിഡന്റ് ശുദ്ധ പ്രകാശ് സിംഗ് തുടങ്ങിയവര്‍ പങ്കെടുത്ത മീറ്റിംഗില്‍ ഐ.എന്‍.ഒ.സി. കേരളാ ചാപ്റ്റര്‍ യു.എസ്.എയുടെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുകയുണ്ടായി.

രാഹുല്‍ ഗാന്ധി ഐ.എന്‍.ഒ.സി കേരളാ ചാപ്റ്ററിന്റെ മുന്നോട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആശംസകള്‍ നേരുകയും, ഇന്ത്യയുടെ അഭിവൃദ്ധിക്കും വളര്‍ച്ചയ്ക്കും പ്രവാസികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സജീവമായ പ്രവര്‍ത്തനങ്ങള്‍ക്ക് ആഹ്വാനം ചെയ്യുകയുമുണ്ടായി.

പിന്നീട് ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു.എസ്.എയുടെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്ക് മാരിയറ്റ് ഹോട്ടലില്‍ വച്ചു നടന്ന സമ്മേളനത്തില്‍ അമേരിക്കയുടെ നാനാ ഭാഗങ്ങളില്‍ നിന്നുവന്ന രണ്ടായിരത്തില്‍പ്പരം പ്രതിനിധികള്‍ പങ്കെടുക്കുകയുമുണ്ടായി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം