ടര്‍ബന്‍ ധരിച്ച വിദ്യാര്‍ത്ഥി സോക്കര്‍ ടീമില്‍ നിന്നും പുറത്ത്

By Karthick

Friday 06 Oct 2017 11:12 AM

പെന്‍സില്‍വാനിയ: പെന്‍സില്‍വാനിയ ന്യൂ ടൊണ്‍ സ്ക്ക്വയര്‍ ഹൈസ്ക്കൂളിലെ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥി ടര്‍ബന്‍ ധരിച്ചതിന്റെ പേരില്‍ സോക്കര്‍ ടീമില്‍ കളിക്കുന്നത് സ്കൂള്‍ അധികൃതര്‍ വിലക്കി. വിദ്യാര്‍ത്ഥിയുടെ പേര്‍ വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായില്ല.

ഹൈയ്ക്കൂള്‍ നിയമമനുസരിച്ച് മതപരമായ ചിഹ്നങ്ങള്‍ ധരിച്ച് കളിക്കുന്നത് നിയമ വിരുദ്ധമായതിനാലാണ് ടീമില്‍ നിന്നും പുറത്താക്കിയതെന്ന് അത്‌ലറ്റിക് അസ്സോസിയേഷന്‍ അറിയിച്ചു. സ്കൂള്‍ സോക്കര്‍ കോച്ച് ടര്‍ബന്‍ ധരിച്ച് കളിക്കുന്നത് വിദ്യാര്‍ത്ഥിയുടെ അവകാശമാണെന്ന് വാദിച്ചിട്ടും അധികൃതര്‍ നിഷേധിക്കുകയായിരുന്നു.

ഈ തീരുമാനം മതത്തിനെതിരായതോ, വിവേചനമോ അല്ലെന്ന് സ്കൂള്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി മാര്‍ക്ക് സെര്‍നി വ്യക്തമാക്കി. സ്കൂള്‍ അധികൃതരുടെ തീരുമാനത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. പല സംസ്ഥാനങ്ങളിലും, വലിയ സിറ്റികളിലും പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പോലൂം ഡ്യൂട്ടി സമയത്ത് ടര്‍ബന്‍ ധരിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും, സോക്കര്‍ ടീമിലെ അംഗത്തിന് ഈ അവകാശം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് പൊതുവിലുള്ള അഭിപ്രായം.

റിപ്പോര്‍ട്ട്: പി പി ചെറിയാന്‍