കര്‍ണ്ണാടകയില്‍ 4 മലയാളി വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍ മരിച്ചു

By Eswara

Saturday 07 Oct 2017 07:29 AM

രാമനഗര: ബെംഗളൂരു -മൈസൂരു ഹൈവേയില്‍ രാമനഗരയ്ക്കു സമീപം വാഹനാപകടത്തില്‍ നാലു മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു. ബെംഗളൂരു രാജരാജേശ്വരി മെഡിക്കല്‍ കോളജ് രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥി ജോയല്‍ ജേക്കബ് (21), കൊച്ചി തൃക്കാക്കര ഭാരത് മാതാ കോളജ് രണ്ടാം വര്‍ഷ ബി കോം വിദ്യാര്‍ഥി നിഖിത് ജോബ് സുദീപ് (സച്ചിന്‍ –19), വെല്ലൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളി ബിബിഎ വിദ്യാര്‍ഥിനികളായ റെബേക്ക തോമസ് (21), ജീന എല്‍ദോ (21) എന്നിവരാണു മരിച്ചത്. ബെംഗളൂരു ഭാഗത്തേക്കു വരികയായിരുന്ന ഇവരുടെ കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറുവശം കടന്ന് എതിര്‍ദിശയില്‍ വന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ നാലു മണിയോടെയാണ് ദുരന്തം.

എല്ലാവരും സംഭവസ്ഥലത്തു തന്നെ മരിച്ചു. നാലുപേരും യുഎഇയിലെ ഫുജൈറയില്‍ ഒന്നിച്ചു സ്കൂളില്‍ പഠിച്ചവരാണ്. ജീനയുടെയും റെബേക്കയുടെയും ഇന്നത്തെ ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു ഇവരെന്നു ബന്ധുക്കള്‍ അറിയിച്ചു. നാലു പേരുടെയും മാതാപിതാക്കള്‍ യുഎഇയിലാണ്.

പത്തനംതിട്ട തുരുത്തിക്കാട് മരുതിക്കുന്നില്‍ ജേക്കബ് എം.തോമസിന്റെയും പുന്നവേലി പ്രമാടിക്കുഴിയില്‍ സോളിയുടെയും മകനാണു ജോയല്‍.

പത്തനംതിട്ട മേലേവെട്ടിപ്രം പൊയ്കയില്‍ സുദീപ് പി. ജോബിന്റെയും ജെസിയുടെയും മകനാണു നിഖിത്. ഇപ്പോള്‍ താമസിക്കുന്ന പാലാരിവട്ടം ജനത കയ്യത്ത് ലെയിന്‍ അനുഗ്രഹയില്‍ മൃതദേഹം എത്തിക്കും. സംസ്കാരം അഞ്ചിനു കാക്കനാട് തെങ്ങോട് മാര്‍ത്തോമ്മാ പള്ളിയില്‍.

എറണാകുളം കങ്ങരപ്പടി കാഞ്ഞൂപ്പറമ്പില്‍ ഡാനിയേല്‍ തോമസിന്റെയും മോണിക്ക ജോര്‍ജിന്റെയും മകളാണു റെബേക്ക.

പെരുമ്പാവൂര്‍ അല്ലപ്ര മുതിരക്കാലായില്‍ എല്‍ദോ എം. ജോസഫിന്റെയും കോലഞ്ചേരി കടയിരുപ്പ് ഓഡോളില്‍ ജൂണോയുടെയും മകളാണു ജീന. സംസ്കാരം മൂന്നിനു തുരുത്തിപ്ലി സെന്റ് മേരീസ് യാക്കോബായ വലിയ പളളിയില്‍.