യൂറോപ്യന്‍ രാജ്യമായ ഡെന്മാര്‍ക്കും ബുര്‍ഖ നിരോധിക്കുന്നു

By Eswara

Saturday 07 Oct 2017 14:43 PM

കോപ്പന്‍ഹാഗന്‍ന്മ മുസ്‌ലിം സ്ത്രീകള്‍ ധരിക്കുന്ന മുഖാവരണം (ബുര്‍ഖ, നിഖാബ്) നിരോധിക്കാന്‍ യൂറോപ്യന്‍ രാജ്യമായ ഡെന്‍മാര്‍ക്കും നടപടി സ്വീകരിക്കുന്നു. ഡെന്‍മാര്‍ക്ക് പാര്‍ലമെന്റിലെ ഭൂരിഭാഗം പാര്‍ട്ടികളും നിരോധനത്തെ പിന്തുണച്ചതോടെയാണ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നത്. കണ്ണ് മാത്രം പുറത്തു കാണുന്ന രീതിയില്‍ ധരിക്കുന്ന മുഖാവരണത്തിനും കണ്ണിന്റെ സ്ഥാനത്ത് നേര്‍ത്ത തുണികൊണ്ടുള്ള പൂര്‍ണമായി മറക്കുന്ന മുഖാവരണത്തിനുമാണ് ഡെന്‍മാര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുക.

ഡെന്‍മാര്‍ക്ക് കൂട്ടുമന്ത്രിസഭയിലെ സഖ്യകക്ഷിയായ ഡാനിഷ് പീപ്പിള്‍സ് പാര്‍ട്ടിയും മുഖ്യ പ്രതിപക്ഷമായ സോഷ്യല്‍ ഡെമോക്രാറ്റുകളും നിരോധനത്തിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. മുഖാവരണം നിരോധിക്കാനുള്ള തീരുമാനം ഫലപ്രദമാണെന്നും ഇത് മതപരമായ പ്രശ്‌നമല്ലെന്നും ലിബറല്‍ പാര്‍ട്ടി വക്താവ് ജേക്കബ് എലെമാന്‍ പറഞ്ഞു. പൂര്‍ണമായും ഭാഗികമായും മുഖാവരണം ധരിക്കുന്നത് സംബന്ധിച്ച് യൂറോപ്യന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമാണുള്ളത്. മുഖാവരണം ധരിക്കുന്നത് മതപരമായ സ്വാതന്ത്യ്രമാണെന്ന് ഒരു വിഭാഗം വാദിക്കുന്നു. എന്നാല്‍, അന്യദേശ സംസ്കാരവും സ്ത്രീകളോടുള്ള മര്‍ദനത്തിന്റെ പ്രതീകവും ആണെന്ന് മറ്റൊരു വിഭാഗവും പറയുന്നു. ഡെന്‍മാര്‍ക്കില്‍ ഏകദേശം 2000 ഓളം മുസ്‌ലിം സ്ത്രീകള്‍ മുഖാവരണം ധരിക്കുന്നതായി വിവിധ പഠനങ്ങള്‍ കാണിക്കുന്നു.

ഫ്രാന്‍സ്, ബെല്‍ജിയം, നെതര്‍ലാന്‍ഡ്‌സ്, ബള്‍ഗേറിയ എന്നീ രാജ്യങ്ങളില്‍ പൊതുസ്ഥലങ്ങളില്‍ പൂര്‍ണമോ ഭാഗികമോ ആയി മുഖാവരണങ്ങള്‍ ധരിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട ്. നോര്‍വെ സര്‍ക്കാര്‍ കിന്‍റര്‍ഗാര്‍ഡന്‍, വിദ്യാലയങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ മുസ്‌ലിം സ്ത്രീകള്‍ മുഖാവരണം ധരിക്കുന്നത് കഴിഞ്ഞ ജൂണില്‍ നിരോധിച്ചിരുന്നു.

 

- ജോര്‍ജ് ജോണ്‍