നെല്ലുസംഭരണം അട്ടിമറിക്കുന്ന സര്‍ക്കാരിന്റെയും മില്ലുടമകളുടെയും നിലപാടുകള്‍ നിര്‍ഭാഗ്യകരം: ഇന്‍ഫാം

By Karthick

Saturday 07 Oct 2017 14:44 PM

ആലപ്പുഴ: മുഖ്യമന്ത്രി നേരിട്ടിടപെട്ടിട്ടും കര്‍ഷകരില്‍നിന്നുള്ള നെല്ലുസംഭരണം അട്ടിമറിക്കപ്പെട്ടിരിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും മില്ലുടമകളുടെ പിടിവാശിക്കു മുമ്പില്‍ സര്‍ക്കാര്‍ മുട്ടുമടക്കുന്നത് കര്‍ഷകരെ വന്‍ ജീവിതപ്രതിസന്ധിയിലാക്കുമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

നെല്ലുസംഭരണ അനിശ്ചിതത്വത്തിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തരപരിഹാരം കാണണം. കഴിഞ്ഞ ഓണസീസണില്‍ സംസ്ഥാനത്തെ അരിക്ഷാമം പരിഹരിക്കാന്‍ ആന്ധ്രായില്‍ നിന്ന് അരിവാങ്ങിയ സംസ്ഥാന സര്‍ക്കാരിന് സ്വന്തം നാട്ടിലെ കര്‍ഷകരുടെ നെല്ല് വാങ്ങുവാന്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നവരെ നിലയ്ക്കുനിര്‍ത്താനാവാത്തത് ഭരണപരാജയമാണ്. സംഭരണം അട്ടിമറിക്കുന്നതിനു പിന്നില്‍ കൃഷി-ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരും സ്വകാര്യ മില്ലുടമകളും ചേര്‍ന്നുള്ള ഗൂഢാലോചനയാണെന്ന് ആക്ഷേപമുയര്‍ന്നിരിക്കുന്നത് ഗൗരവമായി കാണണം. നെല്ലുസംഭരണം അട്ടിമറിക്കപ്പെടുമ്പോള്‍ കൊയ്‌തെടുത്ത നെല്ല് വിലയിടിച്ച് സ്വകാര്യ മില്ലുടമകള്‍ക്കു വില്‍ക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകും. ഈ സാഹചര്യം സൃഷ്ടിക്കാനുള്ള കുത്സിതശ്രമം എതിര്‍ക്കപ്പെടേണ്ടതാണ്.

കേരളത്തിലെ കര്‍ഷകരെ പ്രതിസന്ധിയിലാക്കി നെല്ലുസംഭരണം അട്ടിമറിച്ച് അന്യസംസ്ഥാനങ്ങളില്‍ നിന്ന് നെല്ല് ഇറക്കുമതി ചെയ്ത് കുത്തി അരിയാക്കി ആഭ്യന്തരവിപണിയില്‍ വിലകൂട്ടി വില്‍ക്കുന്ന വന്‍കിട മില്ലുടമകള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിനാകാത്തത് ദുഃഖകരമാണ്. ഗുണമേന്മ പരിശോധന പാടില്ലെന്നുള്ള മില്ലുടമകളുടെ പിടിവാശിയും ധിക്കാരസമീപനവും അംഗീകരിക്കാനാവില്ല. ഉത്തരേന്ത്യയിലെ കര്‍ഷക ആത്മഹത്യകളെ നിരന്തരം അപലപിക്കുന്ന സംസ്ഥാന സര്‍ക്കാരിനും അധികാരത്തിലിരിക്കുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും സ്വന്തം നാട്ടിലെ കര്‍ഷകരെ സംരക്ഷിക്കുവാന്‍ സാധിക്കാത്തത് വേദനയുളവാക്കുന്നു.

ഉല്പാദിപ്പിച്ച നെല്ല് കര്‍ഷകരില്‍നിന്ന് സംഭരിക്കാനോ സംഭരിക്കുന്ന നെല്ലിന്റെ തുക കൃത്യമായി നല്‍കാനോ സാധിക്കാത്ത കൃഷി-ഭക്ഷ്യവകുപ്പുകള്‍ നെല്‍കൃഷി വ്യാപിപ്പിക്കാനും കര്‍ഷകരുടെ കൈവശമുള്ള തരിശുഭൂമി ഏറ്റെടുക്കുവാനും നിയമനിര്‍മ്മാണം ഉള്‍പ്പെടെയുള്ള നടപടികള്‍ പ്രഖ്യാപിച്ചിരിക്കുന്നത് വിരോധാഭാസമാണെന്നും വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.

കൊയ്ത്തു നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുമ്പോള്‍ മില്ലുടമകളും സര്‍ക്കാരും നെല്ലുസംഭരണത്തില്‍ തീരുമാനമാകാതെ നിഷേധനിലപാട് തുടരുകയാണെങ്കില്‍ കര്‍ഷകപ്രസ്ഥാനങ്ങള്‍ ഏകോപിപ്പിച്ചുള്ള അടിയന്തരനീക്കമുണ്ടാകും. പാലക്കാട്ടും ആലപ്പുഴയിലും ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ വിവിധ കര്‍ഷക സംഘടനകളുടെ കൂട്ടായ്മ വിളിച്ചുചേര്‍ക്കുമെന്ന് ഇന്‍ഫാം കോര്‍ഡിനേറ്റര്‍ ജോസുകുട്ടി കുട്ടംപേരൂര്‍ ആലപ്പുഴയില്‍ പറഞ്ഞു.

ജോസുകുട്ടി കുട്ടംപേരൂര്‍
ഇന്‍ഫാം കോര്‍ഡിനേറ്റര്‍ & പി.ആര്‍.ഓ.