പ്രാണ തുടങ്ങി; നിത്യ നായിക

By Eswara

Sunday 08 Oct 2017 14:07 PM

സംവിധായകന്‍ വി.കെ.പ്രകാശിന്റെ ബഹുഭാഷ ചിത്രം "പ്രാണ'യില്‍ നിത്യാ മേനോന്‍ നായിക. റസൂല്‍ പൂക്കുട്ടി, ഛായാഗ്രാഹകന്‍ പി.സി.ശ്രീറാം, ലൂയിസ് ബാങ്ക് തുടങ്ങിയ പ്രമുഖരാണ് ചിത്രത്തിന്‍റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്.

ശ്രീറാം ഒരിടവേളയ്ക്ക് ശേഷം മലയാള ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിക്കുന്ന എന്ന പ്രത്യേകതയും പ്രാണയ്ക്കുണ്ട്. ഓസ്കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ശബ്ദ നിയന്ത്രണം നിര്‍വഹിക്കുന്നത്. ലോക പ്രശസ്ത ജാസ് വിദഗ്ധന്‍ ലൂയി ബാങ്ക്‌സാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കുന്നത്.

ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് രാജേഷ് ജയരാമനാണ്. ദക്ഷിണേന്ത്യയിലെ മനോഹരമായ ഒരു ഹില്‍സ്റ്റേഷനാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. ഇന്ത്യയില്‍ ആദ്യമായി സിങ്ക് സൗണ്ട് സറൗണ്ട് ഫോര്‍മാറ്റ് എന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ചിത്രം മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ ഒരേസമയം ചിത്രീകരിക്കുകയാണ്.

എസ്.രാജ് പ്രൊഡക്ഷന്‍സ്, റിയല്‍ സ്റ്റുഡിയോ എന്നീ ബാനറുകളില്‍ അനിത രാജ്, പ്രവീണ്‍ എസ്. കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കേരളത്തില്‍ ചിത്രം വിതരണം ചെയ്യുന്നത് സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ്.