ട്രൈക്കോമോണിയാസിസ്: അറിയേണ്ടതെല്ലാം

By Karthick

Sunday 08 Oct 2017 14:09 PM

ട്രൈക്കോമോണസ് വജൈനാലിസ് എന്ന രോഗാണു പരത്തുന്ന ലൈംഗികജന്യ രോഗമാണിത്. വ്യക്തിശുചിത്വം പാലിക്കാത്തവര്‍, ഒന്നിലധികം പങ്കാളികളുള്ളവര്‍, പങ്കാളിക്ക് രോഗമുണ്ടെങ്കില്‍, ആര്‍ത്തവ സമയത്ത്, ഗര്‍ഭധാരണ സമയത്ത് ഒക്കെയാണ് സാധ്യത കൂടുതല്‍. എന്നാല്‍, നവജാതശിശുക്കളില്‍ അമ്മയില്‍നിന്നു രോഗം കുഞ്ഞിനും കിട്ടാം. ദുര്‍ഗന്ധമുള്ള മഞ്ഞ കലര്‍ന്ന പച്ചനിറമുള്ള സ്രവമാണ് രോഗലക്ഷണം. കൂടാതെ, യോനിയിലും സമീപഭാഗങ്ങളിലും വീക്കവും കാണാം. യോനീഭാഗം ചുവന്ന നിറത്തില്‍ വീങ്ങി വേദനയുണ്ടാവാം. ചുറ്റുമുള്ള ഭാഗത്ത് ചൊറിച്ചിലും നീറ്റലും ഉണ്ടാവാം. മൂത്രമൊഴിക്കുമ്പോള്‍ വേദന, ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ അസ്വാസ്ഥ്യം എന്നിവ അനുഭവപ്പെടാം. യോനിയില്‍ ചുവന്ന കുത്തുകള്‍ കാണാം. ഇത് "സ്‌ട്രോബറി വജൈന' എന്നറിയപ്പെടുന്നു. കൃത്യസമയത്ത് ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിക്കണം. പങ്കാളിക്കും വേണം ട്രീറ്റ്‌മെന്‍റ്.

തൈരുപോലുള്ള സ്രവമാണ് കാന്‍ഡിഡ് അണുബാധ വഴി ഉണ്ടാവുന്നത്. അസഹ്യമായ ചൊറിച്ചില്‍, മൂത്രമൊഴിക്കുമ്പോള്‍ വേദന, ബന്ധപ്പെടുമ്പോള്‍ വേദന, പുകച്ചില്‍ എന്നിവയൊക്കെ കാന്‍ഡിഡിയാസിന്‍െറ ലക്ഷണങ്ങളാണ്. ആര്‍ക്കൊക്കെയാണ് സാധ്യത കൂടുതല്‍ എന്ന് നോക്കാം. ഗര്‍ഭിണികള്‍, പ്രമേഹരോഗികള്‍, അമിതവണ്ണമുള്ളവര്‍, ആന്‍റിബയോട്ടിക്കുകള്‍, ഗര്‍ഭനിരോധന ഗുളികകള്‍, സ്റ്റിറോയിഡ് മരുന്നുകള്‍ എന്നിവ ഉപയോഗിക്കുന്നവര്‍, എയ്ഡ്‌സുള്ളവര്‍ എന്നിവരൊക്കെ കാന്‍ഡിഡിസീസിനു കാരണമാവാം. കാന്‍ഡിഡ് ആല്‍ബിക്കന്‍സ് എന്ന യീസ്റ്റ് ഫങ്കസാണ് കാരണം.

മത്സ്യഗന്ധമുള്ള ചാരനിറം കലര്‍ന്ന സ്രവമാണെങ്കില്‍ അത് ബാക്ടീരിയല്‍ വജൈനോസിസ് കാരണമാവാം. ഗാര്‍ഡനെല്ല വജൈനോസിസാണ് രോഗകാരണം. 50 ശതമാനം പേരിലും പ്രത്യേകിച്ച് ലക്ഷണമൊന്നും കാണാറില്ല. സാധാരണ യോനിയില്‍ കണ്ടുവരാറുള്ള ലാക്ടോബാസിലിയുടെ ബാക്ടീരിയല്‍ അണുബാധക്ക് ആന്‍റിബയോട്ടിക് ചികിത്സ ഫലപ്രദം. ഇത് ലൈംഗികബന്ധത്തിലൂടെ പകരില്ല. അതിനാല്‍ പങ്കാളിക്ക് ചികിത്സ വേണ്ട. വദനസുരതം, ഗര്‍ഭാശയത്തിനുള്ളില്‍ കടത്തിവെക്കുന്ന ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ ഉപയോഗം, ഒന്നിലധികം പങ്കാളികള്‍, നവ വിവാഹിതര്‍, പുകവലി, ആര്‍ത്തവസമയത്തെ ലൈംഗികബന്ധം എന്നിവയെല്ലാം ഈ അണുബാധക്ക് സാധ്യത വര്‍ധിപ്പിക്കുന്നു.