ഒരിയ്ക്കലും തിരിച്ചു നടക്കാന്‍ കഴിയാത്ത വഴിയിലൂടെ നാം ജനത നടന്നു മുന്നേറുകയാണ് (ജയ് പിള്ള)

By Karthick

Monday 21 Aug 2017 20:55 PM


ഒരിയ്ക്കലും തിരിച്ചു നടക്കാന്‍ കഴിയാത്ത വഴിയിലൂടെ നാം ജനത നടന്നു മുന്നേറുകയാണ്.ചിലപ്പോള്‍ നടത്തം ഒരു ഓട്ട പാച്ചിലായി മാറുന്നു.സമീപ കാല സാമൂഹിക പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ ജനതയിലും,വിദ്യാഭ്യാസത്തിലും,സംസ്കാരത്തിലും,വിനയത്തിലും എല്ലാറ്റിലും മുന്നില്‍ എന്ന് പേരുകേട്ട കേരളം ജനതയിലും പ്രകടമായിരിയ്ക്കുന്നു.ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ഞാന്‍ എഴുതിയിരുന്നു.കാലം മാറി പണ്ട് നടന്നത് തന്നെ ഇന്നും നടക്കുന്നു,മാധ്യമങ്ങളും,സോഷ്യല്‍ മീഡിയകളും ചെറിയ പ്രശ്‌നങ്ങളെ വലിയ തലക്കെട്ടില്‍ ജനങ്ങളിലും ലോകമെമ്പാടും എത്തിയ്ക്കുന്നു എന്ന്.അത് ഒരു വസ്തുതയാണെങ്കിലും,അതിലും അപ്പുറം എന്തെല്ലാമോ നമ്മുടെ ഇടയില്‍ സംഭവിക്കുന്നില്ലേ? പണ്ടെങ്ങും ആരാലും അംഗീകരിയ്ക്ക പ്പെടാതിരുന്ന പലതും പലരാലും അംഗീകരിയ്ക്കപ്പെടുകയും,നടപ്പിലാക്കപ്പെടുകയും ചെയ്യുന്നില്ലേ? ഇത് സാംസ്കാരിക ശോഷണമോ,തൊഴില്‍ ഇല്ലായ്മയോ,വളര്‍ന്നു വരുന്ന തലമുറയില്‍ സ്വയമേ വളര്‍ന്നതോ,ആരോ കുത്തിവച്ചതോ ആയ ആധുനികതയുടെ ചിന്തകളും അല്ല.

വൈകുന്നേരങ്ങളില്‍ നമ്മുടെ കേരളത്തിലെ വായന ശാലകളിലും,അവിടുള്ള വായന മുറിയിലും നടന്നെത്തുന്ന നല്ലൊരു വിഭാഗം ആളുകള്‍ ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു.പത്ര മാസികകള്‍,ആനുകാലിക പ്രസിദ്ധീകരണങ്ങള്‍,കഥകള്‍,നോവലുകള്‍,അറിവുകള്‍,ലേഖനങ്ങള്‍ ഒക്കെ വായിക്കുവാന്‍ വേണ്ടി എത്തുന്ന ഒരു നള വിഭാഗം മനുഷ്യര്‍.ഇന്ന് ആ വായന എവിടെ?ഓണ്‍ലൈന്‍ വായന പേരിനൊരു വായന ആയി മാറിയിരിക്കുന്നു.പ്രാദേശിക വാര്‍ത്തകള്‍ മുതല്‍ പീഡന വാര്‍ത്തകള്‍ക്ക് വരെ പേജുകള്‍ തരാം തിരിച്ചപ്പോള്‍ വായനക്കാരന്‍ ഒരു പ്രത്യേക വിഭാഗത്തിലേക്കും,താളുകളിലേക്കും മാത്രം വായനയെ ചുരുക്കി നിറുത്തിയിരിക്കുന്നു. മലയാളത്തിലെ കഥകള്‍ക്കും,നോവലുകള്‍ക്കും,കവിതകള്‍ക്കും,യാത്രയ് വിവരങ്ങള്‍ക്കും എല്ലാം വായനാമുറികളില്‍ .ഉറക്കം ഉണരാന്‍ നേരമില്ലാതായി. ആനന്ദും,ഓ വി യും, കടമ്മനിട്ടയും,കാക്കനാടനും, പുനത്തിലും,ഉഷയും,എസ കെയും,തകഴിയും,എം ടി യും,.... എല്ലാം നമ്മുടെ നാടിന്റെ ചരിത്രവും,വര്‍ത്തമാനവും,ഭാവിയും,ഭൂത വും എല്ലാം മുന്‍പേ കുറിച്ചത് ഇന്നും സുവര്‍ണ്ണ ലിപിപോലെ ഇന്ന് 40 കളില്‍ മുതല്‍ മുകളിലേക്ക് പ്രായമുള്ളവരില്‍ വിവേചനവും,വിവേവകവും,തിരിച്ചറിയുന്ന പാകത്തിന് അരക്കിട്ടു ഉറപ്പിച്ചിരിക്കുന്നു.

പുതു തലമുറയില്‍ ആര്‍ക്കാണ് അഭിമാനത്തോടെ പറയുവാന്‍ കഴിയുക, ഗ്രാമീണതയില്‍ നിന്നും വളരുന്ന കേരളത്തിന്റെ സാംസ്കാരിക ചരിത്രം എങ്ങിനെ നാഗരികതയില്‍ തുടരുകയും ജാതി മത,വര്‍ഗ്ഗ ചിന്തകള്‍ക്ക് എല്ലാം അപ്പുറം മനുഷ്യ മനസ്സിന്റെ നന്മകള്‍ പിന്തുടരുകയും,ചെയ്തിരുന്നു വെന്നും,അതാണ് സ്ഥായിയായ സ്വഭാവവും,ശുദ്ധിയും എന്ന്.വളരെ ചുരുക്കം ചിലര്‍ക്ക് കഴിഞ്ഞേക്കാം.
ഗാന്ധിസവും,കമ്യൂണിസവും,സോഷ്യലിസവും എല്ലാം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന കേരളത്തില്‍ പണ്ട് വര്‍ഗ്ഗീയ വേര്‍തിരിവുകള്‍ ഉണ്ടായിരുന്നു. അത് മാത്രമായി ചുരുങ്ങിയിരുന്നില്ല.
അരികു ചേര്‍ക്കപ്പെട്ടിരുന്നു,പക്ഷെ ആഗോളവല്‍ക്കരിക്കപ്പെട്ടിരുന്നില്ല അരികു ചേര്‍ക്കല്‍.
സംവരണം എന്നത് മനുഷ്യരുടെ ജാതിയെ അവന്റെ പേരിലൂടെ തിരിച്ചറിയാന്‍ പ്രയാസമായപ്പോള്‍ നിയമത്തിലൂടെ നീരസപ്പെടുത്താതെ കടന്നു വന്ന ഒരു തന്ത്രം മാത്രമാണ്.മതം മാറിയ പെണ്‍കുട്ടിയ്ക്ക് വേണ്ടി വാദിയ്ക്കുന്നവര്‍ ആരാണ്?പ്രത്യക്ഷമായി വാദിക്കുന്ന വിഭാഗത്തിന്റെ അജണ്ടയാണോ,അതോ പരോക്ഷമായി ഭൂരി പക്ഷത്തെ ഒരു കൊടും ക്രൂര ചിന്തയിലേക്ക് നയിക്കുന്ന യാത്രയാണോ? വടക്കേ ഇന്ത്യന്‍ രാഷ്ട്രീയത്തിന് ജാതിയൊരു തണ്ടപ്പേര് ആണ്.എന്നാല്‍ കേരളത്തിലെ സമകാലിക രാഷ്ട്രീയത്തിന് ജാതിയും,മതവും ഒരു അവിന്‍ഭാജ്യ ഘടകമാണ്,അത് അലിഖിത സത്യവും.

ഇന്ന് കേരളത്തില്‍ നടക്കുന്ന ലവ് ജിഹാദുകളില്‍ രണ്ടു വിഭാഗക്കാരും രാഷ്ട്രീയ മുതലെടുപ്പുകള്‍ നടത്തുന്നു.ഇത് സാധാരണ ജനം അറിയാതെ അവനിലേക്ക് പുതിയ ഒരു ചിന്താ ധാരയെ വിടുകയാണ്.ഇന്ന് നാം കാണുന്ന മാധ്യമ വാര്‍ത്തകള്‍ തന്നെ നോക്കാം. ദളിത് യുവാവ്/യുവതി കൊല്ലപ്പെട്ടു,മുസ്ലിം യുവാവിനെ മര്‍ദ്ദിച്ചു, പള്ളിയില്‍ പോയി തിരികെ വന്ന മാര്‍ത്തോമാ യുവതിയെ പൊതു വഴിയില്‍ ആക്രമിച്ചു. ആക്രമിക്കപ്പെട്ടതും,കൊല്ലപ്പെട്ടതും,കാണാതായതും സാധാരണ യുവതിയും,യുവാവും ഒന്നും അല്ല,മത ന്യൂന പക്ഷമായ,ഭൂരിപക്ഷമോ ആയ ഒരു പ്രത്യേക വിഭാഗത്തില്‍ പെട്ട മനുഷ്യന്‍ ആണ്.എന്ത് കൊണ്ട് യുവാവോ യുവതിയോ എന്ന് മാത്രം പറയുന്നില്ല.?
ഇവര്‍ക്കൊന്നും എന്താണ് വാലില്ലാത്ത പേരുകള്‍ ഇല്ലേ? മനപ്പൂര്‍വ്വം വിഭാഗീയത വളര്‍ത്തുന്ന വാര്‍ത്തകളും,എടുത്തു പറച്ചിലുകളും നിറുത്തേണ്ടിയിരിക്കുന്നു.വനിതാ വാദികളുടെ കാര്യവും ഒട്ടും മോശമല്ല. ചിലതൊക്കെ നമ്മളും പിന്തുടരുകയോ,പിന്‍പറ്റുകയോ ഒക്കെ ചെയ്താല്‍ മാത്രമേ സ്ത്രീ സമത്വവും,അവകാശവും സംരക്ഷിക്ക പ്പെടുകയുള്ളൂ എന്ന് വിചാരിക്കുന്ന ആധുനിക വനിതകള്‍ക്കു തെറ്റി എന്നെ പറയാന്‍ കഴിയൂ.വനിതാ സംരക്ഷണ വിഭാഗത്തിലെ മേധാവികളും പ്രതി നിധികളും ചാനലുകളില്‍ നടത്തിയ ചര്‍ച്ചകള്‍ കണ്ടു.അവരൊക്കെ എത്രയോ പക്വതയോടെയും,അളന്നും,ചിട്ട പ്പെടുത്തിയും, ആണ് പ്രതികരിയ്ക്കുന്നതു.എന്നാല്‍ തെരുവില്‍ ജനങ്ങളോട്/അധികാരികളോട് അവകാശങ്ങള്‍ക്കു ആക്രോശിക്കുന്നു വിഭാഗത്തിന് ഏതു രീതിയില്‍ ആണ് പരിഗണന ലഭിക്കുക.

പണ്ട് അധികാരി വര്‍ഗ്ഗത്തോട് കയര്‍ത്തു കത്തിക്കയറിയ രാഷ്ട്രീയം കേരളത്തിന് ഉണ്ടായിരുന്നു.അന്ന് അവകാശങ്ങള്‍ നേടി എടുത്തിട്ടുണ്ട് താനും. നേതാക്കള്‍ തീര്‍ത്ത അവകാശ രാഷ്ട്രീയത്തില്‍ ബലിയാടുകള്‍ ആകുന്ന ഒരു വിഭാഗം ആയി കേരളത്തിലെ പ്രസ്ഥാനങ്ങളുടെ അണികള്‍ മാറിയിരിക്കുന്നു.
അവകാശങ്ങള്‍ അനുഭവിക്കാനുള്ളത് ആണെങ്കിലും,യാഥാര്‍ഥ്യങ്ങള്‍ ആണ് ജീവിതത്തെ മാറ്റി മറിയ്ക്കുന്നതു എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു,സത്യങ്ങള്‍ പലതും ആകാം.

.ഒരു ഉദാഹരണം കൂടി പറഞ്ഞു കൊള്ളട്ടെ,സ്വര്‍ഗ്ഗതുല്യമായ സിറിയയും,ഇറാക്കും എല്ലാം പൊടിപാറുന്ന മണ്‍കൂനകള്‍ മാത്രം ആക്കുകയും ,ടൈഗ്രീസ് നദിയില്‍ ചുവപ്പു ജലം കട്ട പിടിപ്പിച്ചതും രാജ്യത്തിലെ ഭൂരിപക്ഷ മതത്തിലെ ജാതി പ്പോരുകള്‍ മാത്രമായിരുന്നു. സ്ഥലകാലങ്ങളും,ഭാഷയും,സംസ്കാരവും,മതവും മാറിയാലും ചുവപ്പു രക്തം മാത്രം ഓടുന്ന മനുഷ്യനില്‍ മത ചിന്തവളര്‍ന്നാല്‍,വളര്‍ത്തിയാല്‍ പുകയുന്നകൂനകളും,കട്ടപിടിക്കുന്ന നദീതടങ്ങളും കേരള മണ്ണില്‍ സ്ഥാനം പിടിക്കുന്ന ദൂരം അതി വിദൂരം ആല്ല.

രാഷ്ട്രീയ അജണ്ടകള്‍ നടപ്പിലാക്കാന്‍ പ്രത്യാക്രമണങ്ങളിലൂടെ ,സമരങ്ങളിലൂടെ നിരന്തരം പടവെട്ടുന്ന നാം ഒരിയ്ക്കലും തിരിച്ചു നടക്കാന്‍ കഴിയാത്ത വഴിയിലൂടെ നടന്നു മുന്നേറുകയാണെന്ന് അടിവരയിടുന്നു.